ഖർത്തൂമിലെ ലിബിയൻ മിലിട്ടറി അറ്റാഷെ കെട്ടിടത്തിനുനേരെ ആക്രമണം: ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് അപലപിച്ചു
text_fieldsജിദ്ദ: സുഡാൻ തലസ്ഥാനമായ ഖർത്തൂമിലെ ലിബിയൻ അറ്റാഷെ കെട്ടിടത്തിനുനേരെയുണ്ടായ സായുധ ആക്രമണത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) ജനറൽ സെക്രട്ടേറിയറ്റ് അപലപിച്ചു. ഖർത്തൂമിലെ നയതന്ത്ര കെട്ടിടങ്ങൾക്കു നേരെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണ്. നയതന്ത്ര സ്ഥലങ്ങളുടെ സുരക്ഷയും പവിത്രതയും മാനിക്കുകയും ചെയ്യേണ്ട അന്താരാഷ്ട്ര കരാറുകളുടെയും വിയന്ന കൺവെൻഷന്റെയും നഗ്നമായ ലംഘനവുമാണ്. അതിനാൽ ശക്തമായി അപലപിക്കുന്നുവെന്നും ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഖർത്തൂമിൽ ജോർഡൻ അംബാസഡറുടെ താമസസ്ഥലത്തിനു നേരെയും സായുധസംഘത്തിന്റെ ആക്രമണം കഴിഞ്ഞ ദിവസം നടന്നിരുന്നു. എംബസികൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും സംരക്ഷണം നൽകണമെന്ന് അന്താരാഷ്ട്രതലത്തിൽതന്നെ നിയമം എല്ലാവരും അംഗീകരിച്ചിരുന്നു. ഇതിന്റെ പ്രകടമായ ലംഘനം ആഗോളതലത്തിൽതന്നെ ഏറെ പ്രതിഷേധം ഉയർന്നുവരാൻ കാരണമായിട്ടുണ്ട്.
സുഡാനിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായി വരുന്നതായാണ് റിപ്പോർട്ട്. സൗദിയുടെയും യു.എ.ഇയുടെയും കുവൈത്തിന്റെയും അടക്കം പല രാജ്യങ്ങളുടെയും നയതന്ത്ര കാര്യാലയങ്ങൾക്കുനേരെയും കഴിഞ്ഞ ദിവസങ്ങളിൽ ഖർത്തൂമിൽ ആക്രമണശ്രമങ്ങൾ നടന്നതായും റിപ്പോർട്ടുണ്ട്. സൈന്യവും പാരാമിലിട്ടറി വിഭാഗവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് ഇപ്പോൾ സുഡാനിൽ കലുഷിതമായ അന്തരീക്ഷം ഉണ്ടാക്കിയിരിക്കുന്നത്. നയതന്ത്ര കാര്യാലങ്ങൾക്ക് പൂർണ സംരക്ഷണം ഒരുക്കാനും കെട്ടിടങ്ങളുടെ പവിത്രതയും സമാധാനവും ഉറപ്പുവരുത്താനും ആക്രമണങ്ങൾക്കുപിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കാനും നടപടികൾ സ്വീകരിക്കാനും സമാധാനാന്തരീക്ഷം ഉണ്ടാകാനും സുഡാനിലെ ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വിവിധ രാജ്യങ്ങളുടെ വിദേശ മന്ത്രാലയങ്ങൾ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.