എ.ടി.എമ്മുകളും പൊതുവിടങ്ങളും അണുമുക്തമാക്കുന്നു
text_fieldsജിദ്ദ/ദമ്മാം/യാംബു: ഗവൺമെൻറ് ജീവനക്കാരുടെ ശമ്പള വിതരണം അടുത്തതോടെ വിവിധ ഗവർണറേറ്റുകളിൽ എ.ടി.എം കിയോസ്കുകൾ അണുമുക്തമാക്കുന്ന ജോലികൾ തകൃതിയിൽ. കോവിഡ്-19 പടരാതിരിക്കാനുള്ള മുൻകരുതലിെൻറ ഭാഗമായാണിത്. വിവിധ നഗരസഭകൾക്ക് കീഴിൽ ഇതിനായി പ്രത്യേകം തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്.
ചിലയിടങ്ങളിൽ അണുനാശിനി പദാർഥങ്ങളും ൈകയുറകളും മെഷീനടുത്ത് ഒരുക്കിയിട്ടുണ്ട്. ത്വാഇഫ് നഗരസഭ 80ലധികം തൊഴിലാളികളെയാണ് മേഖലയിലെ എ.ടി.എമ്മുകൾ അണുമുക്തമാക്കുന്നതിന് നിയോഗിച്ചിരിക്കുന്നത്. അതത് നഗരസഭ ബ്രാഞ്ച് ഒാഫിസുകളോട് എ.ടി.എം കിയോസ്കുകളിൽ സ്ഥിരമായ ആരോഗ്യസുരക്ഷ സംവിധാനം ഒരുക്കാൻ മേയർ നിർദേശം നൽകിയിട്ടുണ്ട്. പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യ സംരക്ഷണത്തിനാണ് ഇത്രയും തൊഴിലാളികളെ നിയോഗിച്ചതെന്ന് ത്വാഇഫ് മേയർ എൻജി. മുഹമ്മദ് ബിൻ ഹമീൽ പറഞ്ഞു.
അൽബാഹയിലും എ.ടി.എം കിയോസ്കുകൾ അണുമുക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വടക്കൻ മേഖലകളിലും വേണ്ട നടപടികൾ നഗരസഭക്ക് കീഴിലെടുത്തിട്ടുണ്ട്. ബാങ്കുകൾക്ക് കീഴിലെ കിയോസ്കുകൾ അണുമുക്തമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ സൗദി മോണിറ്ററിങ് അതോറിറ്റി ഗവർണർക്ക് സന്ദേശം അയച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയാൻ യാംബുവിലെ എല്ലാ എ.ടി.എം കിയോസ്കുകളും മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ അണുമുക്തമാക്കാൻ നടപടി തുടങ്ങി.
പൊതുവിടങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ജനസമ്പർക്കം കുറക്കുന്നതിനും ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന പ്രവർത്തനങ്ങൾ നഗരിയിലെങ്ങും ഊർജിതമായി നടക്കുന്നുണ്ട്. ദമ്മാം നഗരത്തെ കോവിഡ്-19 മുക്തമാക്കാനുള്ള ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് മുനിസിപ്പാലിറ്റി. ഇതിനകം 200ലധികം പൊതുസ്ഥലങ്ങൾ അണുമുക്തമാക്കി.
മുനിസിപ്പൽ അധികൃതർ 3,287 ഭക്ഷണ വിതരണ കേന്ദ്രങ്ങൾ സന്ദർശിക്കുകയും മുൻകരുതൽ നടപടികൾ കച്ചവട സ്ഥാപനങ്ങൾ സ്വീകരിക്കുന്നതായി ഉറപ്പുവരുത്തുകയും ചെയ്തു. ജോലിക്കാരുടെ വ്യക്തിഗത ശുചിത്വം, ഗ്ലൗസും മാസ്കുകളും ധരിക്കൽ, കച്ചവട സ്ഥലങ്ങളിലെ അണുനശീകരണം എന്നിവയെല്ലാം പരിശോധന സംഘം ഉറപ്പ് വരുത്തിയതായി ദമ്മാം മേയർ അബ്ദുല്ല അൽഷമ്മാരി പറഞ്ഞു. പൊതുസ്ഥലങ്ങൾ അണുമുക്തമാക്കാൻ പ്രതിരോധശ്രമങ്ങൾ മുനിസിപ്പാലിറ്റി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കോവിഡ്-19ന് എതിരെ ബോധവാൻമാരാക്കാനും ആരോഗ്യം കാത്തുസൂക്ഷിക്കാനുമായുള്ള പോസ്റ്ററുകളും എ.ടി.എമ്മിനടുത്തായി പതിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
