നാസ്തികത മുന്നോട്ടുവെക്കുന്നത് അന്ധവിശ്വാസം -അബ്ദുല്ലത്തീഫ് കരുമ്പിലാക്കൽ
text_fieldsസൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ദേശീയ കാമ്പയിൻ സമാപന സംഗമത്തിൽ കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പിലാക്കൽ സംസാരിക്കുന്നു
റിയാദ്: നാസ്തികത മുന്നോട്ടുവെക്കുന്നത് അന്ധവിശ്വാസമാണെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പിലാക്കൽ പറഞ്ഞു. ‘വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ’ ശീർഷകത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ദേശീയ കാമ്പയിൻ സമാപന സംഗമത്തിൽ ‘നാസ്തികത അവകാശങ്ങളും യാഥാർഥ്യവും’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹം, ദയ, ഭാവന, ചിന്ത, ബോധം തുടങ്ങിയവ ശാസ്ത്രീയ നിരീക്ഷണത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നതല്ലെന്നും നന്മതിന്മകളും ധാര്‍മികതയും നിർവചിക്കാൻ ദൈവിക മതത്തിനല്ലാതെ സാധ്യമല്ലെന്നും മനുഷ്യന്റെ യുക്തിയിലും ബുദ്ധിയിലും ചിന്താശേഷിയിലും ജൈവ അജൈവ വസ്തുക്കൾ താനെ ഉണ്ടാവുക എന്ന നാസ്തിക വിശ്വാസം ലോകത്തെ ഏറ്റവും വലിയ അന്ധവിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യബുദ്ധിയുടെയും യുക്തിയുടെയും ചിന്തയുടെയും മാനസിക വ്യാപാരങ്ങളുടെയും അപാരമായ സാധ്യതകളെ കേവല യുക്തിയിലും ഭൗതിക നിരീക്ഷണത്തിലും തളച്ചിടുകയാണ് നാസ്തികത ചെയ്യുന്നത്. ദൈവം ഉണ്ടോ ഇല്ലേ എന്ന ചോദ്യത്തിന് മതത്തോളം പഴക്കമുണ്ടെന്നും പണ്ട് ചോദിച്ച പഴഞ്ചൻ ചോദ്യങ്ങളിലാണ് അവർ ഇന്നും നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെന്റർ ആക്ടിങ് പ്രസിഡൻറ് അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മീഡിയ ഫോറം പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, സത്താർ കായംകുളം (ഒ.ഐ.സി.സി), പ്രദീപ് ആറ്റിങ്ങൽ (കേളി) എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാജഹാൻ ചളവറ സ്വാഗതവും സാജിദ് ഒതായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

