ഹജ്ജ് ഒരുക്കം വിലയിരുത്തൽ; മക്ക ഡെപ്യൂട്ടി ഗവർണർ പുണ്യസ്ഥലങ്ങളിൽ സന്ദർശനം നടത്തി
text_fieldsഹജ്ജ് തയാറെടുപ്പുകൾ വിലയിരുത്താൻ മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ഹജ്ജ് പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ
മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് മുന്നോടിയായി പുണ്യസ്ഥലങ്ങളിലെ വിപുലമായ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി മക്ക മേഖല ഡെപ്യൂട്ടി ഗവർണറും ഹജ്ജ്-ഉംറ സ്ഥിരം സമിതി വൈസ് ചെയർമാനുമായ അമീർ സഊദ് ബിൻ മിശ്അൽ ഫീൽഡ് സന്ദർശനം നടത്തി. ലോകത്തിെൻറ വിവിധ കോണുകളിൽ നിന്നെത്തുന്ന തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ അദ്ദേഹം നേരിട്ടുകണ്ട് വിലയിരുത്തുകയും ബന്ധപ്പെട്ട വകുപ്പ് മേധാവികളുമായി അവലോകനം നടത്തുകയും ചെയ്തു. ഹജ്ജ്-ഉംറ മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മഷാത്ത് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മക്ക-ജിദ്ദ എക്സ്പ്രസ് വേയിലെ ഷുമൈസി ചെക്ക് പോയിന്റ് സന്ദർശിച്ചുകൊണ്ടാണ് സംഘം പര്യടനം ആരംഭിച്ചത്. അത്യാധുനിക സ്മാർട്ട് സാങ്കേതിക വിദ്യകളുള്ള ഈ ചെക്ക് പോയിന്റിലെ തീർഥാടകരുടെ വരവ് സുഗമമാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് അധികൃതർ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി. തുടർന്ന് മിന എമർജൻസി ഹോസ്പിറ്റലിൽ സന്ദർശനം നടത്തി അടിയന്തര ആരോഗ്യ സംവിധാനങ്ങൾ വിലയിരുത്തി. ജലവിതരണം നിയന്ത്രിക്കുന്ന ‘ഹോളി സൈറ്റ്സ് മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്റർ’, ‘തസ്ലിം സെന്റർ’ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലും ഡെപ്യൂട്ടി ഗവർണർ എത്തി നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയുണ്ടായി. മുസ്ദലിഫയിലെ ഗവർണറേറ്റ് ഓഫിസിൽ നടന്ന ഹജ്ജ്-ഉംറ സ്ഥിരം സമിതി യോഗത്തോടെയാണ് അമീർ സഊദ് ബിൻ മിശ്അൽ തെൻറ പര്യടനം അവസാനിപ്പിച്ചത്.
അദ്ദേഹത്തിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ ഏജൻസികളുടെ പ്രവർത്തന പദ്ധതികളും പുണ്യസ്ഥലങ്ങളിലെ സൗകര്യങ്ങളുടെ സന്നദ്ധതയും അവലോകനം ചെയ്തു. തീർഥാടകർക്ക് എല്ലാ മേഖലകളിലും കുറ്റമറ്റതും സുരക്ഷിതവുമായ സേവനങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള മികച്ച പദ്ധതികളാണ് പുണ്യസ്ഥലങ്ങളിൽ ഉടനീളം നടപ്പാക്കി വരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൽമാൻ രാജാവിെൻറ അതിഥികളായ ആദ്യ ഹജ്ജ് തീർഥാടകസംഘം ജിദ്ദയിലെത്തി
സൽമാൻ രാജാവിെൻറ അതിഥികളായെത്തിയ ആദ്യ ഹജ്ജ് തീർഥാടക സംഘം ജിദ്ദയിലെത്തിയപ്പോൾ
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനായി സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ പ്രത്യേക അതിഥികളായെത്തിയ തീർഥാടകരുടെ ആദ്യ സംഘം ജിദ്ദയിലെത്തി. ‘ഖാദിമുൽ ഹറമൈൻ ഹജ്ജ്, ഉംറ, സന്ദർശന പ്രോഗ്രാമി’െൻറ ഭാഗമായി എത്തിയ അതിഥികളെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇസ്ലാമിക-മതകാര്യ മന്ത്രാലയത്തിലെയും പ്രോഗ്രാം കമ്മിറ്റിയിലെയും ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. ആദ്യ ഘട്ടത്തിൽ അറുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള 1,257 തീർഥാടകരാണ് സൗദി അറേബ്യയിൽ എത്തിയിരിക്കുന്നത്. വിമാനത്താവളത്തിലെ ഹജ്ജ് ഇമിഗ്രേഷൻ നടപടിക്രമങ്ങൾ വളരെ വേഗത്തിലും സുഗമമായും പൂർത്തിയാക്കിയ ശേഷം ഇവരെ പ്രത്യേക ബസുകളിൽ മക്കയിലെ താമസസ്ഥലങ്ങളിലേക്ക് മാറ്റി.
ഈ വർഷം ആകെ 104 രാജ്യങ്ങളിൽ നിന്നുള്ള 2,500 തീർഥാടകരാണ് സൽമാൻ രാജാവിെൻറ രാജകീയ അതിഥികളായി ഹജ്ജ് നിർവഹിക്കാൻ എത്തുന്നത്. ഇവർക്കാവശ്യമായ താമസം, ഭക്ഷണം, ഗതാഗതം ഉൾപ്പെടെയുള്ള എല്ലാ അത്യാധുനിക സേവനങ്ങളുടെയും പൂർണമായ മേൽനോട്ടം വഹിക്കുന്നത് സൗദി ഇസ്ലാമിക-മതകാര്യ മന്ത്രാലയമാണ്. ഇസ്ലാമിെൻറ അഞ്ചാം സ്തംഭമായ ഹജ്ജ് കർമം നിർവഹിക്കാൻ തങ്ങൾക്ക് അവസരമൊരുക്കിയതിന് തീർഥാടകർ സൗദി ഭരണകൂടത്തിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും അവരെ പിന്തുണക്കാനും സൗദി അറേബ്യ കാണിക്കുന്ന സവിശേഷമായ താൽപര്യത്തിെൻറയും കരുതലിെൻറയും തെളിവാണ് ഈ മാതൃകാപരമായ പദ്ധതിയെന്നും അതിഥികൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

