അസ്ലം കോളക്കോടെൻറ പുസ്തക പ്രകാശനം നാളെ
text_fieldsദമ്മാം സാംസ്കാരിക വേദി പ്രവർത്തകർ വാർത്തസമ്മേളനത്തിൽ
ദമ്മാം: എഴുത്തുകാരൻ അസ്ലം കോളക്കോടെൻറ രണ്ട് പുതിയ പുസ്തകങ്ങളുടെ പ്രകാശനം വ്യാഴാഴ്ച നടക്കും. ദമ്മാം സാംസ്കാരിക വേദി ആഭിമുഖ്യത്തിൽ രാത്രി എട്ടിന് ഫൈസലിയയിലെ അൽ ഹയാത്ത് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിച്ച രണ്ട് വ്യത്യസ്ത പ്രമേയങ്ങളിലുള്ള പുസ്തകങ്ങളാണ് വായനക്കാരിലേക്ക് എത്തുന്നത്. ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ ‘River of Thoughts’, പ്രവാസവുമായി ബന്ധപ്പെട്ട ഓർമക്കുറിപ്പുകളുടെ സമാഹാരമായ ‘മരീചികയോ ഈ മരുപ്പച്ച’ എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിക്കുന്നത്.
ചടങ്ങിൽ എഴുത്തുകാരൻ, സംവിധായകൻ, ചലച്ചിത്ര താരവുമായ ജോയ് മാത്യു, കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അമ്മാർ കീഴുപറമ്പ് എന്നിവർ അതിഥികളായി പങ്കെടുക്കും. കൂടാതെ, കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. പ്രവാസ ലോകത്തെ അക്ഷരസ്നേഹികളെയും സാംസ്കാരിക പ്രവർത്തകരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടക സമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആലിക്കുട്ടി ഒളവട്ടൂർ (ചെയർമാൻ), മാലിക് മഖ്ബൂൽ (ജനറൽ കൺ.), റഹ്മാൻ കാരയാട് (ചീഫ് കോഓഡിനേറ്റർ), അസ്ലം കോളക്കോടൻ, സമീർ അരീക്കോട്, മഹമ്മൂദ് പൂക്കാട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സാജിദ് ആറാട്ടുപുഴ (ട്രഷ.) എന്നിവരടങ്ങുന്ന സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് ദമ്മാം സാംസ്കാരിക വേദി ഭാരവാഹികളെ 0509488384, 0553095517 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

