പൊതുജന സേവനങ്ങൾ മെച്ചപ്പെടുത്തൽ; നിർമിതബുദ്ധി വ്യാപകമായി ഉപയോഗിക്കുന്നു -ആഭ്യന്തര മന്ത്രാലയം
text_fieldsഅൽഖോബാർ: പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മികച്ചതാക്കുന്നതിനും സാമൂഹിക സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവ മെച്ചപ്പെടുത്തുന്നതിനും നിർമിതബുദ്ധിയും ഡേറ്റ അനലിറ്റിക്സും വ്യാപകമായി പ്രയോഗിക്കുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മക്കയിലും മദീനയിലും തീർഥാടകരുടെ തിരക്ക് നിയന്ത്രണം, ഭാഷ വിവർത്തനം തുടങ്ങിയ മേഖലകളിൽ മന്ത്രാലയം ഇത്തരത്തിൽ നൂതനമായ സാങ്കേതിക വിദ്യകൾ വിനിയോഗിക്കുന്നു.
എ.ഐ സജീകരിച്ച ഡ്രോണുകളിലൂടെ നിരീക്ഷണം, സുരക്ഷ മേൽനോട്ടം, തിരക്ക് നിയന്ത്രണം എന്നിവ ശക്തിപ്പെടുത്താനും ഇത് ഉപയോഗിക്കപ്പെടുന്നു.
എ.ഐ പ്രയോഗം സാങ്കേതിക നവീകരണം, ഏകീകരണം, വേഗം, കൃത്യത എന്നിവയിൽ കേന്ദ്രീകരിക്കുന്നു. ആളുകളുടെ പ്രവാഹ വിശകലനം, ഗതാഗതക്കുരുക്ക് പ്രവചനം എന്നിവയിലൂടെ മനുഷ്യ സാന്ദ്രത നിയന്ത്രിക്കുകയും, ബിഗ് ഡേറ്റ ഉപയോഗിച്ച് മനുഷ്യ-സാങ്കേതിക വിഭവങ്ങൾ വിന്യസിക്കുകയും ചെയ്യുന്നു. റിയൽ-ടൈം ഡേറ്റ വിശകലന സാങ്കേതിക വിദ്യയുള്ള കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ പോലുള്ള മറ്റ് എ.ഐ ഉപകരണങ്ങൾ രാജ്യത്തെ കുറ്റകൃത്യങ്ങൾ കുറക്കാൻ സഹായിക്കുന്നു. ഇതിലൂടെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും കൂടുതൽ സുഗമവും കാര്യക്ഷമവുമായ അനുഭവം ലഭ്യമാക്കുന്നു.
എ.ഐ കേന്ദ്രം തീർഥാടകരുടെ തിരക്ക് നിയന്ത്രണം, സുരക്ഷ, സേവന പ്രശ്നങ്ങൾ എന്നിവയിൽ വേഗത്തിലും കൃത്യതയോടെയും പ്രതികരിക്കാൻ വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രധാന പദ്ധതികളിലൊന്നാണ് തീർഥാടകരുടെ പ്രവേശന പ്രക്രിയ ലളിതമാക്കുന്ന ‘സ്മാർട്ട് ട്രാക്ക്.’
പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് നടപ്പാക്കിയ ഈ സംവിധാനം എ.ഐ ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകരുടെ രേഖകൾ പരിശോധിക്കുന്നു.
ഇതിലൂടെ സുതാര്യമായ പ്രവേശനം, വേഗത്തിലും കൃത്യതയോടെയും പരിശോധന, കാത്തിരിപ്പ് സമയം കുറക്കൽ, മെച്ചപ്പെട്ട അനുഭവം എന്നിവ ഉറപ്പാക്കുന്നു. മന്ത്രാലയം ഏകീകൃത ഡേറ്റ സംവിധാനം സ്ഥാപിക്കുകയും വിവിധ സംവിധാനങ്ങൾ തമ്മിലുള്ള ഏകീകരണം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ ഒരു ചുവടുവെപ്പ് നടത്തുകയും ചെയ്തു.
സമഗ്രമായ നിയന്ത്രണങ്ങൾ അടിസ്ഥാനമാക്കി കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ ഇത് സഹായിക്കുന്നു. ഇതിലൂടെ പ്രവർത്തന കാര്യക്ഷമതയും സേവന നിലവാരവും മെച്ചപ്പെടുന്നു.
സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി സഹകരിച്ച്, മന്ത്രാലയം തവക്കൽന ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ ഐഡൻറിറ്റി പദ്ധതി നടപ്പാക്കുന്നു. ഇതിൽ ദേശീയ ഐഡൻറിറ്റിയും താമസക്കാരുടെ ഐഡൻറിറ്റിയും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

