ആഗസ്റ്റിൽ 47,000ത്തോളം ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി
text_fieldsസൗദി ജനറൽ അതോറിറ്റി ഓഫ് ട്രാൻസ്പോർട്ട് വിഭാഗം വാഹനപരിശോധനയിൽ
ജിദ്ദ: ആഗസ്റ്റിൽ സൗദി ജനറൽ അതോറിറ്റി ഓഫ് ട്രാൻസ്പോർട്ട് വിഭാഗം നടത്തിയ 3,40,000ത്തിലധികം പരിശോധനകളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി 47,000 ത്തോളം നിയമലംഘനങ്ങൾ കണ്ടെത്തി. കര ഗതാഗത മേഖലയിലാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത്. ഈ മേഖലയിൽ 10,000 ഓട്ടോമേറ്റഡ് മോണിറ്ററിങ് പ്രവർത്തനങ്ങൾ ഉൾപ്പെടെ 3,33,000 പരിശോധനകളാണ് നടന്നത്. സമുദ്ര ഗതാഗത മേഖലയിൽ പരിശോധന സംഘങ്ങൾ 7,500 പരിശോധനകൾ നടത്തി.
കര ഗതാഗതത്തിൽ രേഖപ്പെടുത്തിയ നിയമലംഘനങ്ങളുടെ എണ്ണത്തിൽ 10,800 നിയമലംഘനങ്ങളുമായി മക്ക മേഖല ഒന്നാം സ്ഥാനത്തും, 9,600 നിയമലംഘനങ്ങളുമായി റിയാദ് മേഖല രണ്ടാം സ്ഥാനത്തും, 3,900 നിയമലംഘനങ്ങളുമായി കിഴക്കൻ മേഖല മൂന്നാം സ്ഥാനത്തുമാണ്. മദീന മേഖലയിൽ 2,500, തബൂക്ക് മേഖലയിൽ 2,300, ഖസീം മേഖലയിൽ 1,400, നജ്റാൻ മേഖലയിൽ 1,200 നിയമലംഘനങ്ങളും രേഖപ്പെടുത്തി. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലാണ് ബാക്കി നിയമലംഘനങ്ങൾ കണ്ടെത്തിയത്.
പ്രഫഷനൽ കാർഡുകളോ അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്നതിനുള്ള ലൈസൻസുകളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഡ്രൈവർമാർ, ഓപ്പറേറ്റിംഗ് കാർഡുകൾ ഇല്ലാതെ വാഹനങ്ങൾ ഓടിക്കുന്നത്, അതോറിറ്റി അംഗീകരിച്ച ഔദ്യോഗിക യൂനിഫോം ധരിക്കാത്ത ഡ്രൈവർമാർ തുടങ്ങിയവയാണ് കണ്ടെത്തിയ നിയമലംഘനങ്ങൾ. സ്ഥാപനങ്ങളും വ്യക്തികളും അംഗീകൃത നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത ഗതാഗത മന്ത്രാലയം ഊന്നിപ്പറഞ്ഞു. സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും സുരക്ഷ മാനദണ്ഡങ്ങൾ ഉയർത്തുന്നതിനുമായി പരിശോധന പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്നും 19929 എന്ന ഏകീകൃത നമ്പർ വഴി അഭിപ്രായങ്ങളോ റിപ്പോർട്ടുകളോ സമർപ്പിക്കാൻ സാധിക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

