സായുധസേനകൾ സജ്ജം; ഹജ്ജ് തയാറെടുപ്പുകൾ പരിശോധിച്ച് ചീഫ് ഓഫ് ജനറൽ സ്റ്റാഫ്
text_fieldsഹജ്ജ് ചുമതലയുള്ള സേനാവിഭാഗങ്ങളുടെ തയാറെടുപ്പ് പരിശോധിച്ച് ഉറപ്പുവരുത്താൻ സൗദി
ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്. ജനറൽ ഫയാദ് അൽ റുവൈലി മക്കയിലെത്തിയപ്പോൾ
റിയാദ്: ഹജ്ജ് സീസൺ ചുമതലയുള്ള സായുധസേന യൂനിറ്റുകളുടെ തയാറെടുപ്പുകൾ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് (സി.ജി.എസ്) ലെഫ്. ജനറൽ ഫയാദ് അൽ റുവൈലി നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തി.ഹജ്ജുമായി ബന്ധപ്പെട്ട കർമങ്ങൾ നടക്കുന്ന മക്ക ഹറം, അറഫ, മുസ്ദലിഫ, മിനാ എന്നിവിടങ്ങളിൽ ഹാജിമാർക്ക് സേവനം നൽകാനും സുരക്ഷയൊരുക്കാനും ചുമതലയുള്ള സായുധവിഭാഗങ്ങളുടെ ഒരുക്കങ്ങൾ അദ്ദേഹം അവലോകനം ചെയ്തു.
പ്രതിരോധമന്ത്രി അമീർ ഖാലിദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് അൽ റുവൈലിയുടെ പരിശോധന പര്യടനം. തീർഥാടക സുരക്ഷക്കും സമാധാന പാലനത്തിനും പഴുതടച്ച ഒരുക്കമാണ് ഇത്തവണയും നടത്തിയിട്ടുള്ളത്. സർക്കാർ ഏജൻസികളുടെയും വകുപ്പുകളുടെയും കൃത്യമായ ഏകോപനവും ഇതിനു പിന്നിലുണ്ട്.
പ്രതിരോധ മന്ത്രാലയ എക്സിക്യൂട്ടിവ് അഫയേഴ്സ് സഹമന്ത്രി ഡോ. ഖാലിദ് അൽ ബയാരിക്കൊപ്പം എത്തിയ അൽ റുവൈലി മക്ക സ്വകാര്യ വിമാനത്താവളത്തിലെ വ്യോമസേന ഡിറ്റാച്ച്മെൻറ് പരിശോധിച്ചാണ് പര്യടനത്തിന് തുടക്കംകുറിച്ചത്.ഹജ്ജ് ദൗത്യത്തിൽ പങ്കെടുക്കുന്ന സായുധസേന വിഭാഗങ്ങളുടെ കമാൻഡർ മേജർ ജനറൽ ഖാലിദ് ബിൻ സഈദ് അൽ ശിബ്ഹും ഉദ്യോഗസ്ഥപ്രമുഖരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
വിവിധ സൈനികവിഭാഗങ്ങളുടെ ചുമതലയിൽ വരുന്ന കാര്യങ്ങളുടെ പുരോഗതി, ചുമതല നിർവഹണത്തിന്റെ മുന്നൊരുക്കം, സുരക്ഷാപദ്ധതികൾ എന്നിവയെക്കുറിച്ച് ബന്ധപ്പെട്ട മേധാവികൾ അദ്ദേഹത്തോട് വിശദീകരിച്ചു. അറഫയിലെ ഫീൽഡ് ആശുപത്രി സന്ദർശിച്ച അദ്ദേഹം അവിടെ ഏർപ്പെടുത്തിയ സംവിധാനങ്ങൾ നേരിൽക്കണ്ട് ബോധ്യപ്പെട്ടു.
ആശുപത്രിയിലെ വിവിധ ജീവനക്കാരെ കണ്ട് ചർച്ച നടത്തിയ അൽ റുവൈലി തീർഥാടകർക്ക് സുരക്ഷാനിലവാരമുള്ള ഉയർന്ന ആരോഗ്യപരിരക്ഷ ഉറപ്പുനൽകുന്ന തയാറെടുപ്പുകൾ അവലോകനം ചെയ്തു.ഹജ്ജ് കർമങ്ങളുമായി ബന്ധപ്പെട്ട് മതകാര്യ ജനറൽ ഡയറക്ടറേറ്റ് നടത്തിയ തയാറെടുപ്പുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അൽ റുവൈലിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

