ലയണൽ മെസ്സിക്ക് 39-ാം പിറന്നാൾ; റിയാദിൽ ആവേശം വാനോളമുയർത്തി അർജൻറീന ആരാധകർ
text_fieldsറിയാദ്: റൊസാരിയോയിലെ തെരുവുകളിൽ നിന്ന് പന്തുരുട്ടിത്തുടങ്ങി ലോകകിരീടത്തിൽ മുത്തമിട്ടിട്ടും, തെൻറ കാൽക്കരുത്തിന് പ്രായം ബാധിച്ചിട്ടില്ലെന്ന് വീണ്ടും തെളിയിക്കുന്ന ലയണൽ മെസ്സിക്ക് 39-ാം ജന്മദിനം. കാൽപ്പന്തിെൻറ മാന്ത്രികെൻറ ജന്മദിനം ജന്മനാടായ അർജൻറീനയിലെയോ കളിമുറ്റമായ മയാമിയിലെയോ പോലെ തന്നെ വൻ ആവേശത്തോടെയാണ് സൗദി തലസ്ഥാനമായ റിയാദിലും ആരാധകർ കൊണ്ടാടിയത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കായികപ്രേമികൾക്ക് ഇന്നും ഫുട്‌ബാൾ എന്നാൽ മെസ്സിയാണ്. അതേ ആവേശം നെഞ്ചിലേറ്റിയാണ് റിയാദിലെ അർജൻറീന ആരാധകർ പ്രിയതാരത്തിെൻറ ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷമാക്കിയത്. പ്രായം കേവലം അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച് 39-െൻറ നിറവിലും അർജൻറീനയുടെ ജഴ്‌സിയിൽ മെസ്സി വിസ്മയം തീർക്കുമ്പോൾ, ഈ ഇതിഹാസഗാഥ ഇനിയും നീളണമെന്നാണ് റിയാദിലെ ആരാധകക്കൂട്ടത്തിെൻറ പ്രാർത്ഥനയും ആശംസയും.
ഫിഫ ലോകകപ്പിെൻറ ആവേശപ്പൂരത്തിന് തുടക്കമായതു മുതൽ റിയാദിലെ അൽ മദീന ഹൈപ്പർമാർക്കറ്റിൽ ‘റിയാദ് ടാക്കീസ്’ ഒരുക്കിയ തത്സമയ ബിഗ് സ്‌ക്രീൻ പ്രദർശന വേദിയായിരുന്നു പിറന്നാൾ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം. മെസ്സിയുടെ ഫുട്‌ബാൾ കരിയറിലെ ഇതിഹാസ നിമിഷങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ സ്‌പെഷ്യൽ വീഡിയോ പ്രദർശനം കാണികളുടെ കണ്ണും മനസും നിറയ്ക്കുന്നതായിരുന്നു.
അൽ മദീന റീജനൽ ഡയറക്ടർ സലിം വലിയപറമ്പത്ത് കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. റിയാദിലെ മലയാളി പ്രവാസികൾക്കൊപ്പം സ്വദേശികളടക്കം നൂറുകണക്കിന് ഫുട്‌ബാൾ പ്രേമികളാണ് മധുരം പങ്കുവെക്കാനും മെസ്സിക്ക് ജയ് വിളിക്കാനുമായി ഈ വേദിയിൽ ഒത്തുകൂടിയത്.
പ്രവാസലോകത്തെ ഫുട്‌ബാൾ കമ്പം വിളിച്ചോതിയ പരിപാടികൾക്ക് ഷൈജു പച്ച, റാഷിദ് ഫോൺ ഹൗസ്, റഷീദ് ഉമർ, ഷിജു ബഷീർ, നാദിർഷ, സജീർ സമദ്, സഹീർ, മുത്തലിബ്, എടവണ്ണ സുനിൽ ബാബു, ഷൈജു മദീന, അൻവർ യൂനൂസ്, നാസിൽ റോസൈസ്, റൗഫ്, ഉസ്മാൻ, ഇബ്രാഹിം, അനസ്, മുഹമ്മദ് ഷാനു, അജീബ് ബഷീർ, നൗഫൽ തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലെ ലോകകപ്പ് മത്സരങ്ങളിലും ഫാൻസ് കൂട്ടായ്മയുടെ ഈ ആവേശം റിയാദിലെ ബിഗ് സ്‌ക്രീൻ വേദികളിൽ സജീവമായി തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

