അര്‍ജന്റീന ഫാൻസ് വിജയാഘോഷം സംഘടിപ്പിച്ചു
text_fieldsദമ്മാമിലെ ജി.സി.സി അര്‍ജന്റീന ഫാന്‍സ് സംഘടിപ്പിച്ച വിജയാഘോഷം
ദമ്മാം: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീമിന് അഭിവാദ്യമര്‍പ്പിച്ച് ദമ്മാമിലെ ജി.സി.സി അര്‍ജന്റീന ഫാന്‍സ് അസോസിയേഷൻ വിജയാഘോഷം സംഘടിപ്പിച്ചു. വേദിയും സദസ്സും നീലക്കടലായി മാറി. ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് റഫീഖ് കൂട്ടിലങ്ങാടി, റഷീദ് വേങ്ങര എന്നിവർ ചേര്‍ന്ന് കേക്ക് മുറിച്ച് തുടക്കം കുറിച്ചു. ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് പ്രസിഡൻറ് മുജീബ് കളത്തില്‍ ആമുഖപ്രഭാഷണം നടത്തി. ആദ്യ പരാജയത്തില്‍ തളരാതെ ആത്മവിശ്വാസത്തോടെ വിജയം മാത്രം ലക്ഷ്യമാക്കി മുന്നോട്ടു കുതിച്ചതിന്റെ നേര്‍ചിത്രമായി അര്‍ജന്റീന ടീമിന്റെ ലോകകപ്പ് കിരീടവിജയത്തെ കായിക ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് മുജീബ് കളത്തില്‍ പറഞ്ഞു.
ലോകജനതയുടെ സ്വപ്നസാക്ഷാത്കാരമാണ് അര്‍ജന്റീനയുടെ കിരീടവിജയമെന്ന് ജി.സി.സി അര്‍ജന്റീന ഫാന്‍സ് കോഓഡിനേറ്റര്‍ റഫീഖ് കൂട്ടിലങ്ങാടി പറഞ്ഞു. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന ടീമിന്റെ വിജയക്കുതിപ്പുകള്‍ ദൃശ്യവത്കരിച്ച ഡോക്യുമെന്ററിയും വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ജസീര്‍ കണ്ണൂരിന്റെ നേതൃത്വത്തില്‍ മിസ്ബാഹ്, ഫാരിഹ സിയാദ്, സുജീർ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ അണിനിരന്ന ഗാനമേള അരങ്ങേറി. റഷീദ് വേങ്ങര, നാസര്‍ വെള്ളിയത്ത്, അസ്സു കോഴിക്കോട്, ശരീഫ് മാണൂര്‍, ഫൈനൂസ് ബദര്‍, ഷാഫി കൊടുവള്ളി, മണി പത്തിരിപ്പാല, സഫ്വാന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. സഹീര്‍ മജ്ദാല്‍ അവതാരകനായിരുന്നു. പങ്കെടുത്തവര്‍ക്കെല്ലാം നീലനിറം നല്കിയ ബിരിയാണിയും പായസവും അനുബന്ധമായി ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

