ആവേശക്കൊടുമുടിയിൽ അർജന്റീന ആരാധകർ
text_fieldsയാംബു കെ.എം.സി.സി ഓഫിസിലെ ബിഗ് സ്ക്രീനിൽ ഫൈനൽ മത്സരം കാണാനെത്തിയവർ അർജൻറീനയുടെ വിജയം ആഘോഷിക്കുന്നു
യാംബു: ലോകകപ്പിൽ അർജന്റീനയുടെ വിജയത്തിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച ആഘോഷരാവായിരുന്നു. അർജൻറീന ഫാൻസ് ആഘോഷത്തിമിർപ്പിൽ ആറാടി. പ്രവാസിമുറികളിലും വിവിധ പ്രവാസി സംഘടന ഓഫിസുകളിലും ആരവം അലയടിച്ചു.
മൂന്നര പതിറ്റാണ്ടായി നെഞ്ചിൽ തളംകെട്ടിയ ഭാരം ഇറക്കിവെച്ച് ആഘോഷിക്കുകയായിരുന്നു മലയാളികളിലെ ആരാധകരും. വിവിധ പ്രദേശങ്ങളിൽ ഒരുക്കിയ ബിഗ് സ്ക്രീനുകൾക്കു മുന്നിൽ കളി കാണാൻ ആയിരക്കണക്കിന് ഫുട്ബാൾപ്രേമികളാണ് തടിച്ചുകൂടിയത്.
അർജൻറീനയുടെ വിജയത്തിൽ അണപൊട്ടിയൊഴുകിയ ആഘോഷം പല രീതിയിലാണ് കാണാനായത്. മധുരം വിതരണം ചെയ്തും ഹോട്ടലുകളിൽ സൗജന്യ ഭക്ഷണം വിതരണം ചെയ്തും പ്രവാസി മലയാളികൾ സന്തോഷം പ്രകടിപ്പിച്ചു.
യാംബുവിലെ കെ.എം.സി.സി ഓഫിസ്, നവോദയ ഓഫിസ് എന്നിവിടങ്ങളിൽ ഫൈനൽ ദിവസം ബിഗ് സ്ക്രീനുകൾക്കു മുന്നിൽ ധാരാളം ആളുകൾ എത്തിയിരുന്നു. യാംബുവിലെ താജ് ഹോട്ടൽ തിങ്കളാഴ്ച രാത്രി ഫുട്ബാൾപ്രേമികൾക്ക് സൗജന്യമായി ബിരിയാണി വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

