Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചരിത്രമുറങ്ങുന്ന...

ചരിത്രമുറങ്ങുന്ന ജിദ്ദയുടെ ഉള്ളറകളിലേക്ക്; മാധ്യമപ്രവർത്തകർക്കായി 'അറേബ്യൻ സ്കൈ' പൈതൃക യാത്ര സംഘടിപ്പിച്ചു

text_fields
bookmark_border
ചരിത്രമുറങ്ങുന്ന ജിദ്ദയുടെ ഉള്ളറകളിലേക്ക്; മാധ്യമപ്രവർത്തകർക്കായി അറേബ്യൻ സ്കൈ പൈതൃക യാത്ര സംഘടിപ്പിച്ചു
cancel

ജിദ്ദ: പുരാതന നഗരമായ ജിദ്ദയുടെ ചരിത്രവും സാംസ്കാരിക പൈതൃകവും അടുത്തറിയാൻ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം മാധ്യമപ്രവർത്തകർക്കായി സൗദിയിലെ പ്രമുഖ ട്രാവൽ ഗ്രൂപ്പായ അറേബ്യൻ സ്കൈ വേറിട്ടൊരു പൈതൃക യാത്ര സംഘടിപ്പിച്ചു. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ജിദ്ദ ബലദിലെ ചരിത്രപ്രാധാന്യമുള്ള ഇടങ്ങളിലൂടെയായിരുന്നു സഞ്ചാരം. പ്രശസ്ത ടൂർ ഗൈഡ് ബന്ദർ അൽഹർബി നേതൃത്വം നൽകിയ യാത്ര, ഏഴാം നൂറ്റാണ്ട് മുതൽ സൗദി അറേബ്യയുടെ സാംസ്കാരിക അടയാളമായി നിലകൊള്ളുന്ന ജിദ്ദയുടെ പഴയകാല പ്രതാപത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു.

ലോകത്ത് മറ്റെവിടെയും കാണാത്ത വിധം മനോഹരമായ കൊത്തുപണികളാൽ സമ്പന്നമായ 'റൗശൻ' ജാലകങ്ങളുടെ നിർമ്മാണ വൈദഗ്ധ്യവും അവയുടെ ചരിത്രവും യാത്രയിൽ വിശദീകരിക്കപ്പെട്ടു. ചെങ്കടലിൽ നിന്നുള്ള പവിഴപ്പുറ്റുകളും ചുണ്ണാമ്പുകല്ലും ഉപയോഗിച്ച് നിർമ്മിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള നസീഫ് ഹൗസ്, ശർബത്‌ലി ഹൗസ് എന്നിവയുടെ പ്രൗഢി മാധ്യമസംഘം നേരിട്ടറിഞ്ഞു. ജിദ്ദയിലെ ഏറ്റവും പഴയ വിപണിയായ ബാബ് മക്കയിലെ സൂഖ് അൽബദവി, സൂഖ് അൽഅലവി, പുരാതന പള്ളികളായ ഇമാം ശാഫി മസ്ജിദ്, ഉസ്മാൻ ബിൻ അഫാൻ പള്ളി (അബൂബക്കർ പള്ളി) എന്നിവയുടെ ചരിത്രരേഖകളും യാത്രയിൽ അനാവരണം ചെയ്യപ്പെട്ടു.

സൗദി അറേബ്യയുടെ ദേശീയ ഗാനത്തിന് സംഗീതം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച വിഖ്യാത സംഗീതജ്ഞൻ താരിഖ് അബ്ദുൽ ഹക്കീമിന്റെ സ്മരണാർത്ഥമുള്ള മ്യൂസിയം സന്ദർശനം സംഘത്തിന് നവ്യാനുഭവമായി. അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലെ സംഗീത ഉപകരണങ്ങൾ, പഴയ റെക്കോർഡിംഗുകൾ, പുരസ്കാരങ്ങൾ എന്നിവയ്‌ക്കൊപ്പം പരമ്പരാഗത സൗദി സംഗീതത്തിന്റെ പരിണാമം വ്യക്തമാക്കുന്ന ഓഡിയോ, വിഷ്വൽ പ്രദർശനങ്ങളും അവിടെ ഒരുക്കിയിരുന്നു.

2025 ഡിസംബർ 6 മുതൽ പ്രവർത്തനമാരംഭിച്ച സാംസ്കാരിക വിസ്മയമായ റെഡ് സീ മ്യൂസിയവും സന്ദർശനത്തിന്റെ ഭാഗമായിരുന്നു. പഴയകാലത്ത് ഹാജിമാരുടെയും വ്യാപാരികളുടെയും പ്രവേശന കവാടമായിരുന്ന ബാബ് അൽബുന്ത് കെട്ടിടത്തിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഹിജാസി വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമായ ഈ കെട്ടിടത്തിലെ 23 ഗാലറികളിലായി ആയിരത്തിലധികം പുരാവസ്തുക്കളും ഭൂപടങ്ങളും നാവിക ഉപകരണങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ചെങ്കടലിന്റെ ആവാസവ്യവസ്ഥയെയും സമുദ്ര പാരമ്പര്യത്തെയും കുറിച്ചുള്ള വിജ്ഞാനപ്രദമായ കാഴ്ചകൾ മാധ്യമപ്രവർത്തകർക്ക് പുതിയ അറിവായി.

'അറേബ്യൻ സ്കൈ' ഒരുക്കിയ ഈ യാത്ര ജിദ്ദയുടെ ചരിത്രത്തെ ആഴത്തിൽ മനസ്സിലാക്കാൻ സഹായിച്ചുവെന്ന് മാധ്യമ പ്രവർത്തകർ അഭിപ്രായപ്പെട്ടു. അറേബ്യൻ സ്കൈ മാനേജിംഗ് ഡയറക്ടർ നഷ് രിഫ്, അജ്മൽ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ജലീൽ കണ്ണമംഗലം, ജനറൽ സെക്രട്ടറി ഗഫൂർ കൊണ്ടോട്ടി, ട്രഷറർ സുൽഫിക്കർ ഒതായി, വൈസ് പ്രസിഡന്റ് വഹീദ് സമാൻ, ജോയിന്റ് സെക്രട്ടറി ഗഫൂർ മമ്പുറം, അംഗങ്ങളായ കബീർ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, സാദിഖലി തുവ്വൂർ, ഹസൻ ചെറൂപ്പ, ബിജു രാമന്തളി, എ.എം. സജിത്ത്, ഇബ്രാഹിം ഷംനാട്, എൻ.എം. സ്വാലിഹ് എന്നിവർ യാത്രയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistsSaudi NewsHeritage tourism
News Summary - Arabian Sky heritage tour organized for journalists
Next Story