‘അമല’ അറേബ്യൻ മലയാളി അസോസിയേഷൻ ഓണോത്സവം ആഘോഷിച്ചു
text_fieldsഅമല ഓണോത്സവത്തിൽ പങ്കെടുത്തവർ
ദമ്മാം: അറേബ്യൻ മലയാളി അസോസിയേഷൻ (അമല) ഈ വർഷത്തെ ഓണാഘോഷം വിഭവസമൃദ്ധമായ ഓണസദ്യയോടും വിവിധ കലാകായിക മത്സരങ്ങളോടുംകൂടി ആഘോഷിച്ചു. അമലയുടെ കുടുംബിനികൾ ഒരുക്കിയ ഓണസദ്യയായിരുന്നു പ്രധാന ആകർഷണം. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. സന്തോഷ്, സജു, രശ്മി ഗിരീഷ് എന്നിവർ സംസാരിച്ചു.
മത്സരവിജയികൾക്കും കലാപ്രതിഭകൾക്കുമുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. കഴിഞ്ഞ അക്കാദമിക് വർഷം ഉന്നതവിജയം കൈവരിച്ച അമലയുടെ അംഗങ്ങളുടെ കുട്ടികളെ ആദരിക്കുകയും അവർക്കുള്ള അക്കാദമിക് അവാർഡ് കൈമാറുകയും ചെയ്തു. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ അദ്നാൻ നൗഷാദ്, അൽ സാബിത് നൗഷാദ്, മുഹമ്മദ് നബീൽ എന്നിവർക്കും 10ാം ക്ലാസ് പരീക്ഷയിൽ മുന്നിലെത്തിയ നസ്റീൻ നവാസ്, ശിവാനി ജയകൃഷ്ണൻ, ശ്രീലക്ഷ്മി സുരേഷ്, ടാനിയ ടോം എന്നിവരാണ് അവാർഡുകൾ നേടിയത്.
അടിക്കുറിപ്പ് മത്സരത്തിൽ വിജയികളായ മണാൽ, തനുജ, ഗീതിക അനിൽ എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഗിരീഷ്, വിനായക് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഓണക്കളികളും കുട്ടികൾക്കുള്ള ട്രഷർ ഹണ്ടിങ് ഗെയിമും നടത്തി. തുടർന്ന് നടന്ന കലാപരിപാടിയിൽ അമലയുടെ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരയും അമലയുടെ അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച വിവിധ നൃത്തനൃത്യങ്ങളും അരങ്ങേറി.
പഴയകാലത്തെ കാർഷികരീതിയെയും സംസ്കാരത്തെയും അവിസ്മരിക്കുന്ന നാട്ടറിവ് ക്വിസ് മത്സരം രശ്മി ഗിരീഷ്, നിഷാദ് എന്നിവർ അവതരിപ്പിച്ചു. സദ്യ തയാറാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകിയ മുരളി ഗോപാലൻ, സാഗർ, ഹക്കീം എന്നിവർക്ക് പ്രത്യേക നന്ദി പറഞ്ഞു. സെക്രട്ടറി നസീർ പുന്നപ്ര സ്വാഗതവും നവാസ് നന്ദിയും പറഞ്ഞു.