അൽഉല അറേബ്യൻ പുള്ളിപ്പുലി പ്രജനനകേന്ദ്രത്തിന് അംഗീകാരം
text_fieldsഅൽഉല പ്രജനനകേന്ദ്രത്തിലെ അറേബ്യൻ പുള്ളിപ്പുലികൾ
റിയാദ്: അൽഉല ഗവർണറേറ്റ് റോയൽ കമീഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അറേബ്യൻ പുള്ളിപ്പുലിയുടെ പ്രജനനകേന്ദ്രത്തിന് യൂറോപ്യൻ അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയംസ് (എസ്സ) അംഗീകാരം നേടി. ഈ അംഗത്വം ലഭിക്കുന്ന സൗദിയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥാപനമാണിത്. വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലിയെ സംരക്ഷിക്കുന്നതിനും പ്രദേശത്തെ പാരിസ്ഥിതിക വൈവിധ്യവും അപൂർവ മൃഗങ്ങളെ സംരക്ഷിക്കുന്നതിനും അൽഉല റോയൽ കമീഷന്റെ പ്രതിജ്ഞാബദ്ധത ഉറപ്പിക്കുന്നതാണ് ഈ അക്രഡിറ്റേഷൻ.
വന്യജീവികളെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള സമഗ്രമായ ചട്ടക്കൂടിനുള്ളിൽ അറേബ്യൻ പുള്ളിപ്പുലിയെ വർധിപ്പിക്കാൻ പ്രജനനകേന്ദ്രം വലിയ ശ്രമങ്ങളാണ് നടത്തിവരുന്നത്. 2020ൽ കേന്ദ്രത്തിന്റെ മാനേജ്മെന്റ് റോയൽ കമീഷൻ ഫോർ അൽഉല ഗവർണറേറ്റിലേക്ക് മാറ്റിയതിനുശേഷം അറേബ്യൻ പുള്ളിപ്പുലികളുടെ എണ്ണം 14ൽനിന്ന് 31 ആയി ഉയർന്നിട്ടുണ്ട്. ഏഴ് കുഞ്ഞുങ്ങളുടെ ജനനത്തിന് 2023 സാക്ഷ്യംവഹിച്ചു.
കഴിഞ്ഞ വർഷം അഞ്ച് പ്രസവങ്ങൾ നടന്നു. അവയിൽ ഇരട്ടകളുമുണ്ട്.
ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വർ (ഐ.യു.സി.എൻ) വർഗീകരണം അനുസരിച്ച് 1996 മുതൽ വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയായി അറേബ്യൻ പുള്ളിപ്പുലി കണക്കാക്കപ്പെടുന്നു. അതിനാൽ പ്രകൃതിദത്തമായ ആവാസവ്യവസ്ഥയിൽ അതിനെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിൽ ഈ കേന്ദ്രത്തിന്റെ പ്രാധാന്യം വലുതാണ്.
ഇപ്പോൾ കേന്ദ്രത്തിന് ലഭിച്ച യൂറോപ്യൻ സൊസൈറ്റിയിലെ അംഗത്വം സൗദി ഗ്രീൻ ഇനിഷ്യേറ്റിവിന് അനുസൃതമായി സുസ്ഥിര വികസനം കൈവരിക്കുന്നതിനും വനനശീകരണ സംരംഭങ്ങളിലൂടെ പ്രകൃതിദത്ത ഇടങ്ങൾ സംരക്ഷിക്കുന്നതിനും പ്രകൃതി പരിസ്ഥിതി പുനഃസ്ഥാപിക്കുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങളെ ഉൾക്കൊള്ളുന്നതാണ്. മൃഗസംരക്ഷണം, ജൈവവൈവിധ്യം, പരിസ്ഥിതിസംരക്ഷണം എന്നീ മേഖലകളിലെ വിദഗ്ധരുടെയും ആഗോള ശൃംഖലയിലേക്ക് പ്രവേശിക്കാനും വിജയകരമായ സംയുക്ത ബ്രീഡിങ് പ്രോഗ്രാമുകളിൽനിന്ന് പ്രയോജനം നേടാനും ഇതോടെ അതോറിറ്റിക്കും കേന്ദ്രത്തിനും അവസരം ലഭിക്കും.
പ്രകൃതി പൈതൃകം സംരക്ഷിക്കുന്നതിലും സുസ്ഥിര ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൗദിയുടെ ‘വിഷൻ 2030’ന് അനുസൃതമായി അറേബ്യൻ പുള്ളിപ്പുലിയെ അൽഉലയിലെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനാണ് അതോറിറ്റി ശ്രമിക്കുന്നത്. അസോസിയേഷനിൽ അംഗത്വം നേടുന്നത് അറേബ്യൻ പുള്ളിപ്പുലിയെ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനുള്ള ഒരു സുപ്രധാന ഘട്ടമാണെന്ന് അതോറിറ്റിയുടെ ജനറൽ ഡിപ്പാർട്മെൻറ് ഓഫ് വൈൽഡ് ലൈഫ് ആൻഡ് നാച്വറൽ ഹെറിറ്റേജ് ഡെപ്യൂട്ടി ഹെഡ് ഡോ. സ്റ്റീഫൻ ബ്രൗൺ പറഞ്ഞു.
അന്താരാഷ്ട്ര വിദഗ്ധരുടെ ശൃംഖലയുമായി ആശയവിനിമയം നടത്താൻ ഇത് അവസരം നൽകുന്നു. ഇത് കേന്ദ്രത്തിന്റെ പ്രവർത്തന സംഘത്തിന്റെ കഴിവുകൾ വർധിപ്പിക്കുകയും കടുവകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള അവരുടെ സുപ്രധാന ദൗത്യത്തെ പിന്തുണക്കുന്നതിനുള്ള ഏറ്റവും പുതിയ അറിവ് അവർക്ക് നൽകുകയും ചെയ്യും. പരിസ്ഥിതി സംരക്ഷണത്തിനുള്ള സൗദി അറേബ്യയുടെ തുടർച്ചയായ പ്രതിബദ്ധതയാണ് കേന്ദ്രം പ്രതിഫലിപ്പിക്കുന്നത്.
ഈ അപൂർവ ഇനത്തെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ദീർഘകാല പദ്ധതിയുടെ ഒരു പ്രധാന ഭാഗമാണിതെന്നും ബ്രൗൺ പറഞ്ഞു. ഓരോ പുതിയ ജനനത്തിലും അറേബ്യൻ പുള്ളിപ്പുലിയെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് ഞങ്ങൾ കൂടുതൽ അടുക്കുന്നു. അൽഉലയിലെ പരിസ്ഥിതി സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമുള്ള അതോറിറ്റിയുടെ തന്ത്രത്തിന്റെ ഒരു പ്രധാന ചുവടുവെപ്പാണിതെന്നും ബ്രൗൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

