ഗൾഫിലെ സമുദ്രോപരിതല ഖനന പ്രവർത്തനങ്ങൾ അറേബ്യൻ ഡ്രില്ലിങ് കമ്പനി നിർത്തിവെച്ചു
text_fieldsറിയാദ്: നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് പേർഷ്യൻ ഗൾഫ് മേഖലയിലെ തങ്ങളുടെ ചില ഓഫ്‌ഷോർ (സമുദ്രോപരിതല) ഡ്രില്ലിങ് പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നതായി സൗദി അറേബ്യയിലെ പ്രമുഖ ഖനന കമ്പനിയായ അറേബ്യൻ ഡ്രില്ലിങ് അറിയിച്ചു.രാജ്യത്തെ ഏറ്റവും വലിയ ഖനന കപ്പൽ വ്യൂഹമുള്ള കമ്പനിയാണ് ഈ നിർണായക തീരുമാനം ഇന്ന് (വ്യാഴാഴ്ച) പ്രഖ്യാപിച്ചത്. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഈ നീക്കമെന്ന് സൗദി ഓഹരി വിപണിയായ ‘തദാവുലിന്’ നൽകിയ പ്രസ്താവനയിൽ കമ്പനി വ്യക്തമാക്കി.
ഉപഭോക്താക്കളുമായും മറ്റ് ബന്ധപ്പെട്ട പങ്കാളികളുമായും കൂടിയാലോചിച്ചാണ് ഈ തീരുമാനമെന്നും, ജീവനക്കാരുടെ സുരക്ഷയ്ക്കും ആസ്തികളുടെ സംരക്ഷണത്തിനുമാണ് കമ്പനി പരമപ്രധാന്യം നൽകുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അറേബ്യൻ ഡ്രില്ലിങ്ങിെൻറ അംഗീകൃത സുരക്ഷാ-പ്രവർത്തന മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഈ നടപടികളെന്ന് കമ്പനി അധികൃതർ അറിയിച്ചു. അതേസമയം, കരഭൂമിയിലെ പ്രവർത്തനങ്ങളെ ഈ തീരുമാനം ബാധിക്കില്ല. കമ്പനിയുടെ കീഴിലുള്ള 39 ഓൺഷോർ പ്ലാറ്റ്‌ഫോമുകളും തടസ്സങ്ങളില്ലാതെ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കിടയിലും കമ്പനിയുടെ ബിസിനസ് മാതൃകയുടെ കരുത്തും പ്രവർത്തനക്ഷമതയുമാണ് ഇത് വ്യക്തമാക്കുന്നത്.
ഈ പ്രവർത്തന വിരാമം താൽക്കാലികമാണെന്നും മേഖലയിലെ സംഘർഷാവസ്ഥ അയയുന്ന മുറയ്ക്ക് പ്രവർത്തനം പുനരാരംഭിക്കാൻ കമ്പനി പൂർണ സജ്ജമാണെന്നും മാനേജ്‌മെൻറ് അറിയിച്ചു. 2026-െൻറ ഒന്നാം പാദത്തിൽ ഈ തീരുമാനം കമ്പനിയുടെ സാമ്പത്തിക നിലയെ നേരിയ തോതിൽ മാത്രമേ ബാധിക്കൂ എന്നാണ് കണക്കുകൂട്ടൽ. സാഹചര്യം സാധാരണ നിലയിലാകുന്നതോടെ സാമ്പത്തിക സ്ഥിതിയും പ്രവർത്തനങ്ങളും പൂർണമായി വീണ്ടെടുക്കാൻ കഴിയുമെന്ന് കമ്പനി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

