Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅറേബ്യൻ സിനിമ പുതു...

അറേബ്യൻ സിനിമ പുതു വസന്തത്തിന്‍റെ വാതായനങ്ങൾ തുറക്കുന്നു -സൗദി ചലച്ചിത്രകാരൻ സമീർ അൽ നാസർ

text_fields
bookmark_border
അറേബ്യൻ സിനിമ പുതു വസന്തത്തിന്‍റെ വാതായനങ്ങൾ തുറക്കുന്നു -സൗദി ചലച്ചിത്രകാരൻ സമീർ അൽ നാസർ
cancel

ദമ്മാം: അഭ്രപാളികളിൽ അറബ്​ ജീവിതം വിരിയുന്ന വസന്തക്കാഴ്​ചകളുടെ യുഗപ്പിറവിയിലാണ്​ സൗദിയിലെ സിനിമാ ലോകമെന്ന്​ സൗദിയിലെ പ്രശസ്​ത നടനും സംവിധായകനും എഴുത്തുകാരനുമായ സമീർ അൽ നാസർ. അമ്പതുവർഷത്തിലധികമായി സൗദിയിലെ ടെലിവിഷൻ കാഴ്​ചകളിലെ നിറസാന്നിധ്യമായ​ സമീർ അൽ നാസർ സൗദിയുടെ പുതിയ സാഹചര്യങ്ങളിൽ ഇവിടുത്തെ സിനിമാ സ്വപ്​നങ്ങളെക്കുറിച്ച്​ 'ഗൾഫ്​ മാധ്യമ'വുമായി സംസാരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സൗദിയിലെ തിയേറ്ററുകളിൽ റിലീസ്​ ചെയ്​ത 'ഖിർക്വിആൻ' എന്ന 90 മിനുട്ട്​ ദൈർഘ്യമുള്ള ചിത്രത്തി​ന്‍റേതുൾപ്പടെ പുതിയ ജനപ്രിയ സിനിമകളുടെ നിർമാതാവ്​ കൂടിയാണ്​ ഇദ്ദേഹം. ഞങ്ങൾ ഇതുവരെ നാടകങ്ങളും ടെലിവിഷൻ പരമ്പരകളും ഹ്രസ്വചിത്രങ്ങളും മാത്രമേയുണ്ടായിരുന്നുള്ളൂ എന്ന്​ അദ്ദേഹം പറഞ്ഞു. ഇപ്പോൾ സൗദിയിലേക്ക്​ ഇതാ സിനിമാ വസന്തം ഒരു യാഥാർഥ്യമായി എത്തിയിരിക്കുന്നു. അതിമനോഹര ചിത്രങ്ങളുടെ പരമ്പരകൾ സൗദിയുടെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്​. ഇതിന്‍റെ സന്തോഷം ഏത്​ വാക്കുകളിൽ വെളിപ്പെടുത്തുമെന്നെനിക്കറിയില്ല എന്ന്​ പറഞ്ഞ സമീർ വാക്കുകളിൽ നുരയുന്ന ആവേശം മറച്ചുവെച്ചില്ല.



(സമീർ അൽ നാസർ സിനിമാ ചിത്രീകരണ വേളയിൽ)


1975-ൽ ദമ്മാമിൽ സുഹൃത്തുക്കളോടൊപ്പം രൂപവത്​കരിച്ച അൽ ഖലീജ്​ എന്ന തി​യേറ്ററിലൂടെയാണ്​ സമീർ അഭിനയ രംഗത്തേക്ക്​ വന്നത്​​. സൗദി ടി.വിയിലെ ജനപ്രിയ പരമ്പരയായിരുന്ന 'താഷ്​മേ താഷി'ൽ നടനായും അതിന്‍റെ കഥാകൃത്തായും സമീർ ഉണ്ടായിരുന്നു. ആദ്യമൊക്കെ സൗദിയിൽ സ്​ത്രീകളെ അഭിനയിക്കാൻ കിട്ടുമായിരുന്നില്ല. അന്നൊക്കെ ബഹ്റൈനിൽ നിന്നാണ്​ നടിമാരെ കൊണ്ടുവന്നിരുന്നത്​​. 1985 ആയപ്പോഴേക്കും സൗദിയിൽ നിന്ന്​ തന്നെ നടിമാരെ ലഭിച്ചു തുടങ്ങി. മറിയം അൽഗാംദി, ലൈല സൽമാൻ, റിമ അബ്​ദുല്ല തുടങ്ങി വിരലിലെണ്ണാൻ മാത്രമേ വനിതാ അഭിനേതാക്കൾ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന്​ അഭിനയരംഗത്ത്​ അസാമാന്യ പ്രതിഭയുള്ള നൂറുകണക്കിന്​ സ്​ത്രീകൾ കടന്നുവന്നുകഴിഞ്ഞു. അവർ അറബ്​ സിനിമയുടെ ഭാഗമായി കഴിഞ്ഞെന്നും​ അദ്ദേഹം പറഞ്ഞു.

ആദ്യ കാലങ്ങളിൽ സമീർ രചനയും സംവിധാനവും നിർവഹിച്ച ടി.വി ചിത്രങ്ങൾ അറബ്​ ലോകത്ത്​ ഏറെ സ്വീകരിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ 'റിഹ്​ലത്​​ സൈത്' (ഫിഷിങ്​​ ട്രിപ്)​ എന്ന ചിത്രം ബോട്ട്​ കേടായതോടെ കടലിൽ ഒറ്റപ്പെട്ടുപോകുന്ന മുക്കുവരെക്കുറിച്ചുള്ളതായിരുന്നു. സൗദിയിലെ മത്സ്യബന്ധനമേഖലയിലെ അറബ്​ ജീവിതത്തിന്‍റെ നേർപതിപ്പായിരുന്ന ഇത്​ ഏറെ വൈകാരികതയോടെയാണ്​ സ്വീകരിക്കപ്പെട്ടത്​. തുടർന്ന്​ അധികം പണമുണ്ടാക്കാൻ മയക്കുമരുന്ന്​ വ്യാപാരിയാകുന്ന ഒരാളുടെ ജീവിതം പറഞ്ഞ 'കരിന്തിരി കത്തുന്ന വിളക്കുകൾ' എന്നർഥമുള്ള അറബിച്ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒടുവിൽ ഇയാളുടെ ഏക മകൻ മയക്കുമരുന്നിനടിമയായി ഇയാളെ ആക്രമിക്കുമ്പോഴാണ്​ തന്‍റെ ചെയ്തിയുടെ ദുരന്തഫലം ഈ കഥാപാത്രം തിരിച്ചറിയുന്നത്​. പിന്നീട്​ ഇറങ്ങിയ 'തുഴ' എന്നർഥമുള്ള ചിത്രത്തിന്‍റെ ചില ഭാഗങ്ങൾ ചിത്രീകരിച്ചത്​ കേരളത്തിലെ മൂന്നാറിലാണ്​.

സിനിമാ നിർമാണങ്ങൾക്ക്​ അനുഗുണമായ അതിമനോഹര ഭൂമിയാണ് സൗദി അറേബ്യയുടേത്​​. മണൽക്കാടുകളുടെ വിശാലതയും സമുദ്രങ്ങളുടെ സാന്നിധ്യവും താഴ്​വരകളുടേയും അരുവികളുടേയും താളവും ലയവുമൊക്കെ സൗദിയിലുണ്ട്​. സിനിമാ നിർമാണത്തിന്​ അനുമതി കിട്ടിയതുമുതൽ അതിഗംഭീര സിനിമകളാണ്​ സൗദിയിൽ പിറക്കുന്നത്​. ലോകത്താകമാനം ഈ സിനിമകൾക്ക്​ വലിയ സ്വീകാര്യതയാണ്​ കിട്ടിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


(സമീർ അൽ നാസർ 'ഗൾഫ്​ മാധ്യമം' ലേഖകനോടൊപ്പം)


അടുത്ത്​ പുറത്തിറങ്ങിയ ഫൈസൽ രാജകുമാരന്‍റെ കഥ പറയുന്ന ചിത്രം സൗദിയുടെ യശ്ശസ്സ്​ കൂടി ലോകത്ത്​ വ്യാപിപ്പിക്കുന്നതായി. സമ്പന്നമായ അറബ്​ സംസ്​കാരത്തിന്‍റെ നിരവധി ഏടുകൾ സിനിമക്കായി കാത്തിരിക്കുകയാണ്​. വരും കാലങ്ങളിൽ സൗദി സിനിമകളാണ്​ ലോകോത്തരമായി അടയാളപ്പെടുത്താൻ പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ചിത്രീകരണം പൂർത്തിയാക്കിയ അൽ ബർക്​ എന്ന ചിത്രം കുതിരയോട്ടക്കാരിയായ ഒരു പെൺകുട്ടിയുടെ കഥയാണ്​. സ്​ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളുടെ ശ്രേണിയിലെ ആദ്യ സൗദി സിനമയിലൊന്ന്​ കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിനിമകൾ അറബിയിലേക്ക്​ പകർത്തുക എന്ന സ്വപ്​നവും തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arabian cinemasameer al nasser
News Summary - Arabian cinema opens the windows of a new spring
Next Story