യമനിൽ സമാധാനത്തിനും സ്ഥിരതക്കും അറബ് ലോകം
text_fieldsജിദ്ദ: യമനിലെ നിലവിലെ രാഷ്ട്രീയ, സൈനിക സാഹചര്യങ്ങൾ സങ്കീർണമായി തുടരുന്നതിനിടെ, രാജ്യത്തിെൻറ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി ജി.സി.സി രാജ്യങ്ങളും മറ്റ് അറബ് രാഷ്ട്രങ്ങളും സംയുക്തമായി രംഗത്തെത്തി. ജോർഡൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവയും മുസ്ലിം വേൾഡ് ലീഗും യമനിലെ സംഭവവികാസങ്ങളെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
യമന്റെ പ്രാദേശിക അഖണ്ഡത കാത്തുസൂക്ഷിക്കണമെന്നും ജനങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള സമാധാനപരമായ അന്തരീക്ഷം കെട്ടിപ്പടുക്കണമെന്നുമാണ് രാജ്യങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. യമനിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിൽ സൗദി അറേബ്യയും യു.എ.ഇയും പുലർത്തുന്ന വിവേകപൂർണമായ നേതൃത്വത്തെ എല്ലാ രാജ്യങ്ങളും പ്രശംസിച്ചു.
മേഖലയുടെ സുരക്ഷയും സമാധാനവും മുൻനിർത്തി സൗദിയും യു.എ.ഇയും നടത്തുന്ന പരിശ്രമങ്ങൾ ചരിത്രപരമാണെന്ന് ജോർഡൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ ഒന്നാണെന്നും സൗദിക്കെതിരായ ഏത് ഭീഷണിയും തങ്ങളുടെ കൂടി സുരക്ഷയെ ബാധിക്കുന്നതാണെന്നും ഖത്തറും കുവൈത്തും പ്രസ്താവനയിൽ ഓർമിപ്പിച്ചു.
അയൽപക്ക സൗഹൃദവും സഹകരണവും മുൻനിർത്തി സൗദി സ്വീകരിക്കുന്ന നിലപാടുകൾ ജി.സി.സി തത്ത്വങ്ങൾക്ക് അനുസൃതമാണെന്ന് നിലവിൽ കൗൺസിൽ അധ്യക്ഷപദവി വഹിക്കുന്ന ബഹ്റൈൻ ചൂണ്ടിക്കാട്ടി. അതേസമയം, ഹളർമൗത്ത്, അൽമഹ്റ പ്രവിശ്യകളിൽ സതേൺ ട്രാൻസിഷനൽ കൗൺസിൽ നടത്തുന്ന സായുധ നീക്കങ്ങളെയും പ്രകോപനങ്ങളെയും മുസ്ലിം വേൾഡ് ലീഗ് ശക്തമായി അപലപിച്ചു. ഔദ്യോഗിക അനുമതിയില്ലാതെ ആയുധങ്ങളും സൈനിക വാഹനങ്ങളും കടത്തുന്നത് രാജ്യത്തെ ആഭ്യന്തര കലഹത്തിലേക്ക് നയിക്കുമെന്ന് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരിം അൽഈസ മുന്നറിയിപ്പ് നൽകി.
ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ രാജ്യത്തെ ഭിന്നിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ എല്ലാ കക്ഷികളും അങ്ങേയറ്റം സംയമനം പാലിക്കണമെന്നും സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും ഒമാൻ ആവശ്യപ്പെട്ടു. യമനിലെ നിയമപരമായ സർക്കാറിനെ എല്ലാ രാജ്യങ്ങളും ഒരുപോലെ പിന്തുണക്കുന്നു. സമാധാന ചർച്ചകളും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ജി.സി.സി മുൻകൈയുള്ള ചർച്ചാ രേഖകളും അടിസ്ഥാനമാക്കി മാത്രമേ ഒരു സമഗ്ര രാഷ്ട്രീയ പരിഹാരം സാധ്യമാകൂ എന്ന് കുവൈത്തും ബഹ്റൈനും വ്യക്തമാക്കി.
യമനിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയുള്ള നയതന്ത്ര നീക്കങ്ങളിലൂടെ മാത്രമേ സുസ്ഥിരമായ സമാധാനവും വികസനവും ഉറപ്പാക്കാൻ കഴിയൂ എന്നതാണ് അറബ് ലോകത്തിന്റെ പൊതുവായ നിലപാട്. സൗദി അറേബ്യയുടെയും യു.എ.ഇയുടെയും നേതൃത്വത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങൾ മേഖലയിലെ ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച രാജ്യങ്ങൾ, യമന്റെ വിമോചനത്തിനും പുനർനിർമാണത്തിനുമായി തങ്ങളുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. മേഖലയിലെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്നും യമനിലെ ജനങ്ങളുടെ താൽപര്യങ്ങൾക്കായി എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് ഔദ്യോഗിക പ്രസ്താവനകൾ അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

