ഇസ്രായേലിനെ പ്രതിക്കൂട്ടിൽ നിർത്തണം -അറബ് ഉച്ചകോടി മന്ത്രിതല സമിതി
text_fieldsഅറബ് ഉച്ചകോടി മന്ത്രിതല സമിതി അംഗങ്ങളെ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ സ്വീകരിച്ചപ്പോൾ
റിയാദ്: ഫലസ്തീൻ വിഷയത്തിൽ ഇസ്രയേലിനെ പ്രതിക്കൂട്ടിൽ നിർത്തണമെന്ന് അറബ് ഉച്ചകോടി ചുമതലപ്പെടുത്തിയ മന്ത്രിതല സമിതി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് സമിതി ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക നിയമങ്ങളും ലംഘിക്കുന്ന ഇസ്രായേലിനെതിരെ ശക്തമായ നടപടിവേണമെന്ന ആഹ്വാനം മന്ത്രിതല സമിതി അംഗങ്ങൾവീണ്ടും ആവർത്തിച്ചു. റഫയിലെ ഇസ്രായേൽ അധിനിവേശത്തെ പൂർണമായും നിരസിക്കുന്നുവെന്നും സമിതി അംഗങ്ങൾ പറഞ്ഞു.
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സാമീ ശുക്റി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ചയാണ് അറബ് ഉച്ചകോടി മന്ത്രിതല സമിതി ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്.
ഇസ്രയേൽ നടത്തുന്ന ആക്രമണത്തിന്റെ ഫലമായി ഗസ്സ സാക്ഷ്യംവഹിക്കുന്ന അപകടകരമായ അവസ്ഥകളും സംഭവവികാസങ്ങളും മന്ത്രിതല സമിതി അംഗങ്ങൾ ഫ്രഞ്ച് പ്രസിഡന്റുമായി ചർച്ച ചെയ്തു. ഗസ്സയിൽ ഉടനടി സമ്പൂർണ വെടിനിർത്തൽ ലക്ഷ്യമിട്ട് അന്താരാഷ്ട്ര ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെയും സാധാരണക്കാരുടെ സംരക്ഷണവും ഗസ്സയുടെ എല്ലാ ഭാഗങ്ങളിലും മതിയായതും സുസ്ഥിരവുമായ മാനുഷിക സഹായമെത്തിക്കുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും സമിതി അംഗങ്ങൾ ഊന്നിപ്പറഞ്ഞു.
കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967 ജൂൺ നാലിന്റെ അതിർത്തിയിൽ സ്വതന്ത്രവും പരമാധികാരവുമുള്ള ഫലസ്തീൻ രാഷ്ട്രം രൂപപ്പെടുത്തേണ്ടതുണ്ട്. ഫലസ്തീൻ രാഷ്ട്രത്തിന് അന്താരാഷ്ട്ര അംഗീകാരം, പ്രത്യേകിച്ച് സുരക്ഷ കൗൺസിലിലെ സ്ഥിരാംഗങ്ങളുടേതിന്റെ ആവശ്യകത മന്ത്രിതല സമിതിയിലെ അംഗങ്ങൾ സൂചിപ്പിച്ചു. ഇതിലൂടെ ഫലസ്തീൻ ജനതക്ക് അവരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനും എല്ലാവർക്കും സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനും കഴിയുമെന്നും സമിതി അംഗങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

