നെതന്യാഹുവിന്‍റെ ഭീഷണി: അറബ് ലോകം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് സൗദി

  • ഒ.െഎ.സി അടിയന്തര യോഗം ചേരണം

ജിദ്ദ: വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ഒരാഴ്ചക്കകം അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജോർഡൻ താഴ്വര പിടിച്ചെടുക്കുമെന്ന ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ പ്രസ്താവനയെ സൗദി അറേബ്യ കടുത്ത ഭാഷയിൽ അപലപിച്ചു. അറബ് ലോകത്ത് പല പ്രശ്നങ്ങളുമുണ്ടെങ്കിലും ഫലസ്തീൻ വിഷയത്തിൽ തങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്ന് സൗദി വ്യക്തമാക്കി.

നെതന്യാഹുവിന്‍റെ പ്രഖ്യാപനത്തിൽ അറബ് ലോകം പതറില്ല. വിഷയം ചർച്ച ചെയ്യാനും വെല്ലുവിളി നേരിടാനും  ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോ-ഒാപറേഷ​​െൻറ (ഒ.െഎ.സി)  അടിയന്തരയോഗം ചേരണമെന്ന് സൗദി റോയൽ കോർട്ട് ആവശ്യപ്പെട്ടു.

 ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഉടൻ ചേർന്ന് സാഹചര്യങ്ങളെ നേരിടാനുള്ള നടപടികൾ സ്വീകരിക്കണം. ഫലസ്തീൻ ജനതക്കെതിരെയുള്ള അപകടകരമായ നീക്കമാണിത്. ലോകസമൂഹം ഇതിനെ തള്ളണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. എല്ലാവിധ അന്തരാഷ്ട്ര നിയമങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണിത്. ഫലസ്തീൻ ജനതയുടെ അജയ്യമായ അവകാശങ്ങളെ കവരാൻ അനുവദിച്ചുകൂട.

അതിനിടെ,  മേഖലയിലെ സമാധാനം തിരിച്ചുപിടിക്കാനുള്ള അവസാന പ്രതീക്ഷക്ക് തുരങ്കം വെക്കുന്നതാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്ന് െഎക്യരാഷ്ട്ര സഭ അഭിപ്രായപ്പെട്ടു. ഇതിന് അന്താരാഷ്രട സമൂഹത്തി​​െൻറ പിന്തുണയുണ്ടാവില്ല. ഇസ്രായേലി​​െൻറ ഏകപക്ഷീയമായ  നടപടികൾ സമാധാന നീക്കങ്ങൾക്ക് ഒരു ഗുണവും ചെയില്ലെന്ന്  യു.എൻ വക്താവ് സ്റ്റെഫനെ ദുജ്ജറിക് വ്യക്തമാക്കി. സെപ്റ്റംബർ 17 നാണ് ഇസ്രായേലിൽ തെരഞ്ഞെടുപ്പ്.

പ്രശ്നപരിഹാരം തടസ്സപ്പെടുത്തുക മാത്രമല്ല സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും തകർക്കുകയാണ് നെതന്യാഹുവെന്ന് ഫലസ്തീൻ വക്താവ് ഹനാൻ അഷ്റവി പറഞ്ഞു. 1967 ലെ ആറ് ദിവസത്തെ യുദ്ധത്തിൽ ഇസ്രായേൽ കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കി​​െൻറ മൂന്നിലൊന്ന് ഭാഗവും ജോർഡൻ താഴ്വരയാണ്. സെപ്റ്റംബർ 17 ലെ തെരഞ്ഞെടുപ്പിന് താൻ പ്രതിജ്ഞാബദ്ധമാണെന്നും വീണ്ടും അധികാരത്തിൽ വന്നാൽ ഒരാഴ്ചക്കകം വെസ്റ്റ് ബാങ്കിലുടനീളമുള്ള ഇസ്രായേൽ വാസ സ്ഥലങ്ങൾ പിടിച്ചെടുക്കുമെന്നുമായിരുന്നു നെതന്യാഹുവിന്‍റെ പ്രസ്താവന.

 

Loading...
COMMENTS