Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിഷേധവുമായി അറബ്-ഇസ്‌ലാമിക ലോകം; സൗദിക്ക് പൂർണ പിന്തുണ

text_fields
bookmark_border
മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ ആക്രമണം
പ്രതിഷേധവുമായി അറബ്-ഇസ്‌ലാമിക ലോകം; സൗദിക്ക് പൂർണ പിന്തുണ
cancel

മക്ക: കഴിഞ്ഞ ദിവസം മക്കയെ ലക്ഷ്യമിട്ടുണ്ടായ ഹൂതികളുടെ ഡ്രോൺ ആക്രമണശ്രമത്തിനെതിരെ അറബ്, ഇസ്‌ലാമിക രാജ്യങ്ങളിൽ നിന്നും വിവിധ അന്താരാഷ്​ട്ര സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നുവരുന്നു. മക്കയെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആവർത്തിച്ചുള്ള പ്രകോപനങ്ങളെ തള്ളിക്കളഞ്ഞും അപലപിച്ചും നിരവധി രാഷ്​ട്രങ്ങൾ രംഗത്തെത്തി.

ജി.സി.സി കൗൺസിൽ, ഒ.ഐ.സി, അറബ് ലീഗ്, മുസ്‌ലിം വേൾഡ് ലീഗ്, അൽ അസ്ഹർ യൂനിവേഴ്‌സിറ്റി എന്നിവയ്ക്കു പുറമേ പ്രമുഖ അറബ്-ഇസ്‌ലാമിക രാജ്യങ്ങളും സൗദി അറേബ്യയ്ക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.

വിവിധ രാജ്യങ്ങളുടെ പ്രതികരണങ്ങൾ:

ഈജിപ്ത്: വിശുദ്ധ മക്ക നഗരത്തെ ലക്ഷ്യമിട്ടുണ്ടായ ഹീനമായ ശ്രമത്തെ ഈജിപ്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ ഇസ്‌ലാമിക മൂല്യങ്ങൾക്ക് നിരക്കാത്തതും അന്താരാഷ്​ട്ര നിയമങ്ങളുടെ നഗ്​നമായ ലംഘനവുമാണ്. അറബ്-ഈജിപ്ഷ്യൻ ദേശീയ സുരക്ഷയുമായി ചേർന്നുനിൽക്കുന്ന സൗദിയുടെ പരമാധികാരവും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കാൻ കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും ഈജിപ്തി​െൻറ പൂർണ പിന്തുണയുണ്ടാകും.

സിറിയ: മുസ്‌ലിംകളുടെ ഖിബ്‌ലയായ മക്കയുടെയും തീർഥാടകരുടെയും സുരക്ഷ അപകടത്തിലാക്കുന്ന നടപടി ലോകമെമ്പാടുമുള്ള വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് സിറിയ വ്യക്തമാക്കി. വിശുദ്ധ സ്ഥലങ്ങളുടെ പവിത്രത തകർക്കുന്ന ഇത്തരം നീക്കങ്ങളെ അംഗീകരിക്കാനാവില്ല.

അൾജീരിയ: വിശുദ്ധ കേന്ദ്രങ്ങൾക്കെതിരെയുള്ള അതിക്രമം അതിഗുരുതരമാണെന്നും അടിയന്തരമായി ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അൾജീരിയ ആവശ്യപ്പെട്ടു. ഇത്തരം പ്രകോപനങ്ങൾ മേഖലയിൽ പ്രവചനാതീതമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും, സൗദിയുടെ സ്ഥിരതയും ദേശീയ പരമാധികാരവും സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്നും അൾജീരിയ കൂട്ടിച്ചേർത്തു.

ജോർഡാൻ: സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അഖണ്ഡതയ്‌ക്കെതിരെയുള്ള ഭീഷണിയുമായാണ് സംഭവത്തെ ജോർഡാൻ വിശേഷിപ്പിച്ചത്. മക്കയുടെ പവിത്രതയെ ലഘൂകരിക്കുന്ന ഇത്തരമൊരു ആക്രമണശ്രമം തികച്ചും അംഗീകരിക്കാനാവാത്തതാണ്.

ലിബിയ: ലോക മുസ്‌ലിംകളുടെ വിശ്വാസകേന്ദ്രമായ മക്കയുടെ പവിത്രതയ്ക്ക് കോട്ടം വരുത്തുന്ന ഏത് ശ്രമത്തെയും എതിർക്കുമെന്ന് ലിബിയ വ്യക്തമാക്കി. ഇരുഹറമുകളുടെയും പൗരന്മാരുടെയും സംരക്ഷണം ഉറപ്പാക്കാൻ സൗദി സ്വീകരിക്കുന്ന ഏത് നടപടിക്കും ലിബിയയുടെ പിന്തുണയുണ്ടാകും.

ലബനാൻ: മക്കയെ ലക്ഷ്യമിട്ടുള്ള ആക്രമണം സൗദിക്കെതിരെ മാത്രമല്ല, രണ്ട് ശതകോടിയോളം വരുന്ന മുസ്‌ലിംകളുടെ വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ലബനാൻ പ്രസിഡൻറ്​ ജനറൽ ജോസഫ് ഔൺ പറഞ്ഞു. ആക്രമണത്തെ സമയോചിതമായി ചെറുത്തുതോൽപ്പിച്ച സൗദി സായുധ സേനയുടെ ജാഗ്രതയെ അദ്ദേഹം അഭിനന്ദിച്ചു.

ഫലസ്തീൻ: സൗദിയുടെയും വിശുദ്ധ ഹറമുകളുടെയും സുരക്ഷ അറബ്-ഇസ്‌ലാമിക ലോകത്തി​െൻറ ദേശീയ സുരക്ഷയുടെ ഭാഗമാണെന്നും അത് ലംഘിക്കാനാവാത്ത ‘ചുവപ്പു വര’യാണെന്നും ഫലസ്തീൻ പ്രസിഡൻസി വ്യക്തമാക്കി. സൗദിയുടെ സ്ഥിരത തകർക്കാൻ ശ്രമിക്കുന്ന ഏത് നീക്കത്തെയും പ്രതിരോധിക്കാൻ സൗദിക്കൊപ്പം നിലകൊള്ളുമെന്ന് ഫലസ്തീൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arab Islamic world in protest; Full support for Saudi Arabia
Next Story