അറബ്-ഇസ്ലാമിക് രാജ്യങ്ങൾ ചാർട്ടറിൽ ഒപ്പുവെച്ചു; സൗദിയും ഖത്തറും ഉൾപ്പെടെ എട്ട് രാജ്യങ്ങളാണ് ചേരുന്നത്
text_fieldsദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ചേർന്ന ‘പീസ് കൗൺസിൽ’ യോഗം
ജിദ്ദ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപവത്കരിച്ച ‘പീസ് കൗൺസിലിൽ’ സൗദി അറേബ്യ ഉൾപ്പെടെ എട്ട് പ്രമുഖ അറബ്-ഇസ്ലാമിക് രാജ്യങ്ങൾ ഔദ്യോഗികമായി ചേർന്നു. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ കൗൺസിൽ ചാർട്ടറിൽ ഒപ്പുവെച്ചു.
സൗദി അറേബ്യയെ കൂടാതെ ഈജിപ്ത്, ജോർഡൻ, യു.എ.ഇ, ഖത്തർ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങളാണ് ഈ സമാധാന ദൗത്യത്തിന്റെ ഭാഗമായിരിക്കുന്നത്. യു.എൻ സുരക്ഷ കൗൺസിൽ പ്രമേയം 2803 ന്റെ അടിസ്ഥാനത്തിൽ ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായുള്ള ഒരു പരിവർത്തന സമിതിയായാണ് ഈ കൗൺസിൽ പ്രവർത്തിക്കുക.യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് അധ്യക്ഷത വഹിക്കുന്ന ‘പീസ് കൗൺസിലി’ൽ മാർക്കോ റൂബിയോ, സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നർ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളും പങ്കാളികളാകുന്നുണ്ട്. ഗസ്സ മുനമ്പിനെ നിരായുധമാക്കിക്കൊണ്ട് മനോഹരമായ രീതിയിൽ പുനർനിർമിക്കുമെന്നും ഇത് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സമിതികളിൽ ഒന്നായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
നിലവിൽ 59 രാജ്യങ്ങൾ ഈ കൗൺസിലിൽ ചേരാൻ സമ്മതം അറിയിച്ചിട്ടുണ്ട്.ഗസ്സയിൽ വെടിനിർത്തൽ ഉറപ്പാക്കുന്നതിനൊപ്പം ഫലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശം ഉയർത്തിപ്പിടിക്കുകയും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ചുകൊണ്ട് ദ്വിരാഷ്ട്ര പരിഹാരം പുനരുജ്ജീവിപ്പിക്കുകയുമാണ് ഈ കൗൺസിലിന്റെ പ്രധാന ലക്ഷ്യം.
മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും ജനങ്ങൾക്കും സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്ന നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനായി സംയുക്തമായി പ്രവർത്തിക്കുമെന്ന് അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പ്രസ്താവനയിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

