ഫലസ്തീൻ; ദ്വിരാഷ്ട്ര പരിഹാരശ്രമങ്ങൾക്ക് അറബ്-ഇസ്ലാമിക് സമവായം
text_fieldsമാഡ്രിഡിൽ ചേർന്ന അറബ്-ഇസ്ലാമിക-യൂറോപ്യൻ സംയുക്ത യോഗം
റിയാദ്: ഫലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് അറബ്-ഇസ്ലാമിക-യൂറോപ്യൻ രാജ്യങ്ങൾക്കിടയില ധാരണ. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ അധ്യക്ഷതയിൽ മാഡ്രിഡ് ഗ്രൂപ്, വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുമായി ചേർന്ന് മാഡ്രിഡിൽ നടന്ന അസാധാരണ സംയുക്ത യോഗത്തിലാണ് തീരുമാനം.
ഫലസ്തീൻ പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുമുള്ള ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിന്റെ വിജയം ഉറപ്പാക്കുന്നതിന് സംയുക്ത സഹകരണത്തിന്റെ പ്രാധാന്യം സൗദി വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു.
രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ തലങ്ങളിലായാലും പ്രതിബദ്ധതയിലൂന്നിയ ശാന്തമായ നടപടികൾ, വ്യക്തമായ പിന്തുണ എന്നിവയിലൂടെയാണ് ഇത് നേടിയെടുക്കേണ്ടത്. കിഴക്കൻ ജറൂസലമിനെ തലസ്ഥാനമാക്കി 1967 ജൂൺ നാലിലെ അതിർത്തിപ്രകാരം സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അന്തർലീനമായ അവകാശം ഉറപ്പാക്കിക്കൊണ്ട്, പ്രസക്തമായ അന്താരാഷ്ട്ര പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിന്റെ പ്രാധാന്യവും യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.
അതേസമയം, നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ശ്രമങ്ങളെ പിന്തുണക്കുന്നതിൽ മാഡ്രിഡ് ഗ്രൂപ്പിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും ശ്രമങ്ങളെ അറബ്-ഇസ്ലാമിക് കമ്മിറ്റി അംഗങ്ങൾ അഭിനന്ദിച്ചു.
വെടിനിർത്തൽ സാധ്യമാക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ഖത്തർ-ഈജിപ്ഷ്യൻ-അമേരിക്കൻ മധ്യസ്ഥ ശ്രമങ്ങളുടെ വിജയത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു.
ഗസ്സയിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിക്കേണ്ടതിന്റെയും എല്ലാ അതിർത്തികളും ഉടനടി നിരുപാധികമായി തുറക്കേണ്ടതിന്റെയും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മാനുഷിക, ദുരിതാശ്വാസ, വൈദ്യസഹായങ്ങളുടെ ഒഴുക്ക് ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമലംഘനങ്ങളെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെയും ലംഘിക്കുന്ന ഇസ്രായേലിനെ നേരിടേണ്ടതിന്റെ പ്രാധാന്യം അവർ വ്യക്തമാക്കി.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ഫലസ്തീൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് മുസ്തഫ, ജോർഡൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദ്ർ അബ്ദുൽ ആത്വി എന്നിവർക്ക് പുറമെ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൂൾ ഗെയ്ത്, ഒ.െഎ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹ, തുർക്കിയിലെ വിദേശകാര്യ ഉപമന്ത്രി നുഹ് യിൽമാസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

