സിറിയ ഇനി അശാന്തിയുടെ ഉറവിടമാകരുത്, സ്ഥിരത കൈവരിക്കാൻ പിന്തുണ -അറബ് മന്ത്രിതല യോഗം
text_fieldsറിയാദ്: സിറിയ ഇനി അശാന്തിയുടെ ഉറവിടമാകാതിരിക്കാനുള്ള കരുതൽ വേണമെന്നും യു.എന്നും മറ്റ് രാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കണമെന്നും റിയാദിൽ അന്താരാഷ്ട്ര പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ചേർന്ന അറബ് മന്ത്രിതല യോഗം. ഉപരോധങ്ങൾ തുടരുന്നത് സിറിയയുടെ പുനർനിർമാണത്തനും വികസനത്തിനും തടസ്സമാകും. അത് ആ ജനതയുടെ അഭിലാഷങ്ങളെ നിരാശപ്പെടുത്തും. സിറിയയുടെ സ്ഥിരത, ഐക്യം, പ്രാദേശിക അഖണ്ഡത എന്നിവ കൈവരിക്കേണ്ടതുണ്ട്. പുതിയ സിറിയൻ ഭരണകൂടത്തിെൻറ നല്ല നടപടികളെ യോഗം സ്വാഗതം ചെയ്തു.
സിറിയയിലെ സഹോദരങ്ങൾക്ക് പിന്തുണയും ഉപദേശവും നൽകിയും ചർച്ചയിലൂടെയും വെല്ലുവിളികളെ ഇല്ലായ്മ ചെയ്യാൻ ഒരുമിച്ച് പ്രവർത്തിക്കണം. പശ്ചിമേഷ്യൻ മേഖലയിൽ സിറിയ സുരക്ഷയുൾപ്പടെ പലതരം ഭീഷണികളുടെ ഉറവിടമാകരുത്. സിറിയയുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ബഹുമാനിക്കേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. ഉപരോധം പിൻവലിക്കാൻ തയ്യാറാണെന്ന് യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ മന്ത്രിതല യോഗം അറിയിച്ചു.
സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽശൈബാനി
സിറിയൻ രാഷ്ട്രത്തിന്റെ കഴിവുകൾ കെട്ടിപ്പടുക്കുന്നതിനും സ്ഥിരതയും പുനർനിർമാണവും കൈവരിക്കുന്നതിനും സിറിയൻ അഭയാർഥികളുടെ തിരിച്ചുവരവിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മാനുഷികവും സാമ്പത്തികവുമായ പിന്തുണ വിവിധ മാർഗങ്ങളിലൂടെ തുടരേണ്ടതിന്റെ പ്രാധാന്യവും യോഗം ഊന്നിപ്പറഞ്ഞതായി സൗദി വിദേശകാര്യ മന്ത്രി അറിയിച്ചു. സർക്കാർ സ്ഥാപനങ്ങളുടെ സംരക്ഷണത്തിന് പുതിയ സിറിയൻ ഭരണകൂടം സ്വീകരിച്ച ക്രിയാത്മക നടപടികളുടെ പ്രാധാന്യത്തെയും അവിടുത്തെ വിവിധ പാർട്ടികളുമായി സംവാദപരമായ സമീപനം സ്വീകരിക്കുന്നതിനെയും തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള പ്രതിബദ്ധതയെയും സ്വാഗതം ചെയ്യുന്നു.
സിറിയൻ വിഷയത്തിൽ സൗദി അറേബ്യയുടെ മുൻകൈയ്യിൽ രണ്ട് യോഗങ്ങളാണ് റിയാദിൽ ഞായറാഴ്ച നടന്നത്. വിവിധ അറബ് രാജ്യങ്ങൾ ഉൾപ്പെട്ട സിറിയൻ ലെയ്സൺ കമ്മിറ്റിയുടെതായിരുന്നു ആദ്യ യോഗം. ദറഇയയിലെ വയ റിയാദ് മാളിലെ സെൻറ് റീജിയസ് ഹോട്ടലിൽ രാവിലെ നടന്ന യോഗത്തിൽ അറബ് രാജ്യങ്ങളുടെയെല്ലാം വിദേശകാര്യമന്ത്രിമാർ പങ്കെടുത്തു. രണ്ടാമത്തെ യോഗത്തിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ് പ്രതിനിധി സംഘവും ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, യൂറോപ്യൻ യൂനിയൻ, തുർക്കി എന്നിവയുടെ വിദേശകാര്യ മന്ത്രിമാരും പെങ്കടുത്തു.
റിയാദിൽ ചേർന്ന അറബ് മന്ത്രിതല യോഗത്തിനൊടുവിൽ വാർത്താസമ്മേളനത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ നേതൃത്വം നൽകിയ അറബ് മന്ത്രിതല യോഗത്തിൽ പുതിയ സിറിയൻ ഭരണകൂടത്തിലെ വിദേശകാര്യ മന്ത്രി അസദ് അൽശൈബാനിയായിരുന്നു മറ്റൊരു ശ്രദ്ധാകേന്ദ്രം. യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സാഇദ് അൽ നഹ്യാൻ, കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽയഹ്യ, ലബനാനിലെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ബൂ ഹബീബ്, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദ്ർ അബ്ദുൽ ആത്വി, ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ, പ്രവാസികാര്യ മന്ത്രിയുമായ ഡോ. അയ്മൻ അൽസഫാദി, തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. ഫുവാദ് മുഹമ്മദ് ഹുസൈൻ എന്നിവരും അറബ് മന്ത്രിതല യോഗത്തിൽ പങ്കാളിത്തം വഹിച്ചു.
സിറിയയിലെ ഇസ്രായേൽ നുഴഞ്ഞുകയറ്റം ആശങ്കജനകം
റിയാദ്: സിറിയയുമായുള്ള ബഫർ സോണിലേക്കും സമീപത്തുള്ള മൗണ്ട് ഹെർമോൺ, ക്യൂനീത്ര പ്രവിശ്യകളിലേക്കുമുള്ള ഇസ്രായേലിന്റെ നുഴഞ്ഞുകയറ്റം ആശങ്കജനകമാണെന്ന് റിയാദിലെ അറബ്, യൂറോപ്യൻ യൂനിയൻ മന്ത്രിതല യോഗങ്ങളിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. സിറിയയുടെ ഐക്യം, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവ മാനിക്കപ്പെടണം. അതിനാണ് പ്രാധാന്യമെന്നും അവർ ഊന്നിപ്പറഞ്ഞു.
ചരിത്രത്തിലെ ഈ സുപ്രധാന ഘട്ടത്തിൽ സിറിയൻ ജനതയെ പിന്തുണക്കാനും അവർക്ക് എല്ലാ സഹായവും പിന്തുണയും നൽകാനും അവിടത്തെ എല്ലാ പൗരന്മാർക്കും സുരക്ഷിതമായ ഒരു ഏകീകൃത സ്വതന്ത്ര അറബ് രാഷ്ട്രമായി പുനർനിർമിക്കാൻ അവരെ സഹായിക്കാനുമുള്ള നടപടികളും യോഗം ചർച്ച ചെയ്തു. തീവ്രവാദത്തിന് ഇടമില്ലാത്ത, രാജ്യത്തിന്റെ പരമാധികാര ലംഘനമോ അവിടെയുള്ള ഏതെങ്കിലും കക്ഷിയിൽനിന്ന് രാജ്യ അഖണ്ഡതക്കെതിരായ ആക്രമണമോ ഇല്ലാത്ത, എല്ലാ പൗരന്മാർക്കും തുല്യമായ നിലയിൽ സുരക്ഷിതമായ ഒരു ഏകീകൃത, സ്വതന്ത്ര അറബ് രാഷ്ട്രമായി സിറിയ പുനർനിർമിക്കപ്പെടണം.
സിറിയൻ രാഷ്ട്രീയ സാമൂഹിക ശക്തികളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പരിവർത്തന പ്രക്രിയക്ക് പൂർണ പിന്തുണ നൽകുന്നതായും യോഗം പ്രഖ്യാപിച്ചു. സിറിയൻ ജനത സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സിറിയയുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും മാനിക്കുന്ന വിധത്തിൽ സംഭാഷണങ്ങളിലൂടെയും പിന്തുണയും ഉപദേശവും നൽകിക്കൊണ്ട് വിവിധ കക്ഷികൾക്കിടയിലെ വെല്ലുവിളികളും ഉത്കണ്ഠകളും പരിഹരിക്കുന്നതിന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും യോഗം ഊന്നിപ്പറഞ്ഞു. സിറിയയുടെ ഭാവി സിറിയക്കാരുടേതാണെന്ന് കണക്കിലെടുത്ത് ആ ജനതയുടെ തെരഞ്ഞെടുപ്പുകൾക്ക് പൂർണ പിന്തുണ ഉറപ്പാക്കുന്നു. അവരുടെ ഇഷ്ടത്തെ മാനിക്കുന്നുവെന്നും യോഗത്തിനൊടുവിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

