Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യോമാക്രമണങ്ങളും സൈനിക നീക്കങ്ങളും ശക്തമാക്കി അറബ് സഖ്യസേന; 324 ഹൂതി കേന്ദ്രങ്ങൾ ആക്രമിച്ചതായി റിപ്പോർട്ട്

text_fields
bookmark_border
യമന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് മേഖലകളിൽനിന്ന് മൂന്ന് വഴികളിലൂടെയാണ് സഖ്യസേന ആക്രമണം കടുപ്പിച്ചത്
വ്യോമാക്രമണങ്ങളും സൈനിക നീക്കങ്ങളും ശക്തമാക്കി അറബ് സഖ്യസേന; 324 ഹൂതി കേന്ദ്രങ്ങൾ ആക്രമിച്ചതായി റിപ്പോർട്ട്
cancel

റിയാദ് : യമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളും സർക്കാർ സ്ഥാപനങ്ങളും തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന യമൻ സർക്കാർ സേനക്ക് അറബ് സഖ്യസേന വ്യോമപിന്തുണ ശക്തമാക്കി. തിങ്കളാഴ്ച്ച നടത്തിയ ശക്തമായ നീക്കത്തിൽ 100 ​​യുദ്ധവിമാനങ്ങൾ പങ്കെടുത്തതായി സൗദി സഖ്യസേന അറിയിച്ചു.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള 324 കേന്ദ്രങ്ങൾ ആക്രമിച്ചതയാണ് റിപ്പോർട്ട്. യമൻ സായുധ സേനക്ക് സഖ്യസേന രാപ്പകൽ വ്യോമപിന്തുണ നൽകുന്നതായി സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി 'എക്‌സിൽ' കുറിച്ചു.

യമൻ സർക്കാർ നിയന്ത്രണത്തിന് പുറത്തുള്ള ശേഷിക്കുന്ന പ്രദേശങ്ങൾ തിരിച്ചുപിടിക്കാനും രാജ്യത്തുടനീളം ഭരണകൂടത്തിന്റെ അധികാരം പുനഃസ്ഥാപിക്കാനുമുള്ള സൈനിക നടപടികളിലൂടെ രാജ്യം പൂർണമായി മോചിപ്പിക്കാൻ ശ്രമിക്കുന്നതായി യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ റഷാദ് അൽ അലീമിയും വ്യക്തമാക്കി.

സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള അവസരങ്ങൾ ഇല്ലാതായതിനും, യമന്റെ പരമാധികാരം, സാധാരണക്കാർ, അന്താരാഷ്ട്ര കപ്പൽപ്പാതകൾ എന്നിവക്കെതിരെ ഹൂത്തികൾ തുടരുന്ന ഭീഷണികൾ ഇല്ലാതാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 'ഓപ്പറേഷൻ ഡോൺ ഓഫ് യമൻ' എന്ന പേരിൽ വൻ വ്യോമാക്രമണവും സൈനിക നീക്കങ്ങളും ഇതിനകം ആരംഭിച്ചതായാണ് അവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുടെ പിന്തുണയോടെ യമനിലെ സായുധ സേനയും സൈനിക വിഭാഗങ്ങളുമാണ് ഈ ഓപ്പറേഷൻ നടത്തുന്നത്. സൗദി അറേബ്യയുടെയും പ്രാദേശിക അന്താരാഷ്ട്ര തലങ്ങളുടെയും സുരക്ഷയുമായി ബന്ധപ്പെടുത്തി ക്കൊണ്ട് യമൻ സർക്കാർ സേനക്ക് പൂർണമായ പ്രായോഗിക പിന്തുണ നൽകുന്നത് തുടരുമെന്ന് സഖ്യസേന നേരത്തെ വ്യക്തമാക്കിയതാണ്.

ചെങ്കടലിന് അഭിമുഖമായുള്ള തന്ത്രപ്രധാന മേഖലകളിൽ പോരാട്ടം ശക്തമാവുകയും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും വ്യാപാരത്തിനും ഭീഷണി വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബാബ് അൽ-മന്ദാബ് സുരക്ഷിതമാക്കുക എന്നത് നിലവിലെ സൈനിക നീക്കത്തിന്റെ പ്രധാന ലക്ഷ്യമാണ്.

തെക്ക് ഭാഗത്തുള്ള സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുമായി നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാതകൾക്കായി സർക്കാർ സേനയും ഹൂതികളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന തായിസിലെ സംഘർഷം രൂക്ഷമാകുന്നതിനിടയിലാണ് സൈനിക നീക്കം കൂടുതൽ ശക്തമാകുന്നത്.

യമന്റെ വടക്ക്, തെക്ക്,പടിഞ്ഞാറ് മേഖലകളിൽ നിന്ന് മൂന്നു വഴികളിലൂടെയാണ് സഖ്യസേന ഹൂതികൾക്കെതിരെ ഇപ്പോൾ ആക്രമണം കടുപ്പിച്ചത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സന എന്ന പ്രദേശത്ത് യമൻ സായുധ സേന ശക്തമായ പോരാട്ടത്തിലാണെന്നും വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള ഊർജ കേന്ദ്രങ്ങൾക്കും സാധാരണക്കാർക്കും നേരെ കഴിഞ്ഞ ദിവസങ്ങളിൽ ഹൂതികൾ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് പകരമായി സഖ്യസേന ശക്തമായ തിരിച്ചടി നൽകി വരികയാണ്. യമൻ പൂർണമായും ഔദ്യോഗിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാകുന്നത് വരെ സൈനിക നീക്കം തുടരുമെന്ന് സഖ്യസേന വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arab coalition intensifies airstrikes and military operations; reports state 324 Houthi targets attacked
Next Story