Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൂതി കേന്ദ്രങ്ങൾക്കെതിരെ സൈനിക നടപടിയെന്ന് അറബ് സഖ്യസേന

text_fields
bookmark_border
ഏത് സാഹചര്യത്തിലും യെമൻ ജനതക്കൊപ്പം നിലകൊള്ളുമെന്ന് സൗദി അറേബ്യ
ഹൂതി കേന്ദ്രങ്ങൾക്കെതിരെ സൈനിക നടപടിയെന്ന് അറബ് സഖ്യസേന
cancel

റിയാദ്: ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതി മിലിഷ്യകൾ നടത്തിയത് അവിവേകവും ഭീരുത്വം നിറഞ്ഞതുമായ ആക്രമണമാണെന്ന് യെമനിൽ നിയമസാധുതയെ പിന്തുണക്കുന്ന അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സമുദ്ര പാതകളിലൊന്നിൽ നടന്ന ഈ നീക്കം ഹൂതികളുടെ സമുദ്ര ഭീകരതയുടെയും കുറ്റകൃത്യങ്ങളുടെയും തുടർച്ചയാണെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലും പ്രതിസന്ധികളിലും സൗദി അറേബ്യ യെമൻ ജനതക്കും അവരുടെ ഭരണകൂടത്തിനും ഒപ്പം നിലകൊണ്ടിട്ടുണ്ടെന്നും ഭീകര ഹൂതി മിലിഷ്യകൾക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ പിന്തുണ തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ഹുദൈദ തുറമുഖം ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന വാർത്തകൾ മേജർ ജനറൽ അൽ മാലിക്കി നിഷേധിച്ചു.

ഹുദൈദ, റാസ് ഈസ, അൽ സലീഫ് എന്നിവയുൾപ്പെടെയുള്ള യെമനിലെ എല്ലാ തുറമുഖങ്ങളും സമുദ്ര ഗതാഗതത്തിനായി തുറന്നിട്ടിരിക്കുകയാണെന്നും ഭക്ഷ്യവസ്തുക്കൾ, മറ്റ് ചരക്കുകൾ, ഇന്ധനം, നിർമ്മാണ സാമഗ്രികൾ എന്നിവയുമായി എത്തുന്ന വാണിജ്യ കപ്പലുകളെ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ സൻആ വിമാനത്താവളത്തിൽ നിന്നുള്ള സർവിസുകൾ പുനരാരംഭിക്കാൻ ഹൂതി മിലിഷ്യ വിസമ്മതിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഉപരോധം ഏർപ്പെടുത്തി യെമൻ ജനതയുടെ ദുരിതം വർദ്ധിപ്പിക്കാനാണ് മിലിഷ്യകൾ ശ്രമിക്കുന്നത്. ചെങ്കടലിലെ കപ്പലുകൾക്ക് ഭീഷണിയുയർത്തുന്ന നിയമപരമായ സൈനിക ലക്ഷ്യങ്ങളിൽ മാത്രം കേന്ദ്രീകരിച്ച് സഖ്യസേന ശക്തവും ദൃഢവുമായ പ്രതികരണം നൽകിയിട്ടുണ്ട്. യെമൻ ജനതയുടെ ശേഷി സംരക്ഷിക്കുന്നതിന് മുൻഗണന നൽകിയാണ് ഈ നടപടി. അന്താരാഷ്ട്ര മാനുഷിക നിയമ തത്വങ്ങൾക്കും ആനുപാതികമായ സൈനിക വിന്യാസത്തിനും അനുസൃതമായി നടത്തിയ ഈ സൈനിക നീക്കം ലക്ഷ്യം കൈവരിച്ചതായി അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

കപ്പലുകളുടെയും സൗദി അറേബ്യയുടെ താത്പര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സംയുക്ത സേനാ നേതൃത്വം തുടരുമെന്നും ഹൂതി മിലിഷ്യകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഏതൊരു ശത്രുതാപരമായ നീക്കത്തിനും യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത മറുപടി നൽകുമെന്നും മേജർ ജനറൽ തുർക്കി അൽ മാലിക്കി ഊന്നിപ്പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arab coalition says military action taken against Houthi strongholds
Next Story