യു.എ.ഇ ആയുധശേഖരത്തിന് നേരെ അറബ് സഖ്യസേന വ്യോമാക്രമണം നടത്തി
text_fieldsസഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി
ജിദ്ദ: യമനിലെ ഹളർമൗത്ത്, അൽമഹ്‌റ മേഖലകളിൽ സുരക്ഷാ ഭീഷണിയുയർത്തി യു.എ.ഇയിൽ നിന്നെത്തിയ ആയുധശേഖരത്തിന് നേരെ അറബ് സഖ്യസേന വ്യോമാക്രമണം നടത്തി. സഖ്യസേനയുടെ അനുമതിയില്ലാതെ മുക്കല്ല തുറമുഖത്ത് ഇറക്കിയ ആയുധങ്ങളും സൈനിക വാഹനങ്ങളുമാണ് തകർത്തതെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായി യു.എ.ഇയിലെ ഫുജൈറ തുറമുഖത്ത് നിന്നെത്തിയ രണ്ട് കപ്പലുകൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് വൻതോതിൽ ആയുധങ്ങൾ ഇറക്കുകയായിരുന്നു. കപ്പലുകളിലെ ട്രാക്കിംഗ് സംവിധാനങ്ങൾ മനഃപൂർവ്വം ഓഫാക്കിയാണ് ഈ നീക്കം നടന്നതെന്ന് സഖ്യസേന കണ്ടെത്തിയതായും തുർക്കി അൽ മാലിക്കി അറിയിച്ചു
യമനിലെ സതേൺ ട്രാൻസിഷനൽ കൗൺസിൽ (എസ്.ടി.സി) സേനയെ സഹായിക്കാനായി എത്തിച്ച ഈ ആയുധങ്ങൾ മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ 2216-ാം നമ്പർ പ്രമേയത്തിന്റെ ലംഘനമായാണ് ഇതിനെ കാണുന്നത്. ഹളർമൗത്ത്, അൽമഹ്‌റ ഗവർണറേറ്റുകളിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിന്റെ (പി.എൽ.സി) അഭ്യർത്ഥന മാനിച്ചാണ് സഖ്യസേന ഈ സൈനിക നടപടി സ്വീകരിച്ചത്.
കൃത്യമായ നിരീക്ഷണത്തിന് ശേഷം, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിച്ചുകൊണ്ട് മറ്റു നാശനഷ്ടങ്ങൾ ഒഴിവാക്കിയാണ് ആക്രമണം നടത്തിയത്. യമൻ സർക്കാരുമായോ സഖ്യസേനയുമായോ മുൻകൂട്ടി ആലോചിക്കാതെ ഏതെങ്കിലും രാജ്യം നൽകുന്ന സൈനിക സഹായങ്ങളെ ശക്തമായി തടയുമെന്ന് മേജർ ജനറൽ അൽ മാലിക്കി വ്യക്തമാക്കി. മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള സൗദി അറേബ്യയുടെയും അറബ് സഖ്യത്തിന്റെയും ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

