ഹറമുകളിലെ തറാവീഹ് നമസ്കാരത്തിന് സൽമാൻ രാജാവിെൻറ അനുമതി
text_fieldsജിദ്ദ: റമദാനിൽ ഇരുഹറമുകളിൽ തവാവീഹ് നമസ്കാരം നടത്താനുള്ള തീരുമാനത്തിന് സൽമാൻ രാജാവ് അനുമതി പുറപ്പെടുവിച്ചതായി ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്. പത്ത് റക്അത്തായി ചുരുക്കിയും മുൻകരുതൽ പ്രതിരോധ നടപടികൾ പിന്തുടർന്നും തറാവീഹ് നമസ്കാരം നടത്തുന്നതിനാണ് അനുമതി. റമദാനിൽ ഹറമുകളിലെത്തുന്ന ഉംറ തീർഥാടകർക്കും നമസ്കരിക്കാനെത്തുന്നവർക്കും സേവനത്തിനാവശ്യമായ എല്ലാ ഒരുക്കങ്ങളും വിവിധ വകുപ്പുകളുമായി സഹകരിച്ച ഇരുഹറം കാര്യാലയം പൂർത്തിയാക്കി.
റമദാനിൽ അനുമതിപത്രമില്ലാത്ത വാഹനങ്ങൾക്ക് ഹറമിനടുത്തേക്ക് പ്രവേശനാനുമതി നൽകില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. റമദാനിൽ മസ്ജിദുൽ ഹറാമിലേക്ക് ഉംറക്കും പ്രവേശനാനുമതി നൽകുന്നത് സംബന്ധിച്ച വ്യവസ്ഥകൾ വിശദീകരിക്കുന്ന, ഹജ്ജ് മന്ത്രാലയം പുറത്തിറക്കിയ ഇൻഫോഗ്രാഫിക്സിലാണ് ഇക്കാര്യം. അനുമതിപത്രത്തിൽ രേഖപ്പെടുത്തിയ നിശ്ചിത സമയം കഴിഞ്ഞ് എത്തുന്നവർക്ക് സ്വീകരണ കേന്ദ്രങ്ങളിലേക്ക് പ്രവേശനമുണ്ടാകില്ല. കുട്ടികളെ കൂടെ കൊണ്ടുവരരുത്.
ഒരു ദിവസം ഉംറക്ക് ഏഴ് സമയങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ലഭ്യമായതോ, റദ്ദാക്കിയതോ ആയ ബുക്കിങ് അനുസരിച്ച് ഉംറ സമയം നിർണയിക്കുകയും മണിക്കൂറിനുള്ളിൽ ഹറമിനുള്ളിൽ ഉൾക്കൊള്ളാവുന്ന ശേഷി അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. കൂടാതെ ആഴ്ചതോറും അപ്ഡേറ്റ് ചെയ്യും. ഇശാ നമസ്കാരത്തിനുള്ള അനുമതിപത്രത്തിൽ തറാവീഹ് നമസ്കാരവും ഉൾപ്പെടും. ഇഅ്തർമനാ ആപ്പിലൂടെ ഹറമിലേക്കുള്ള ബസ് യാത്ര ടിക്കറ്റ് മൂൻകൂട്ടി വാങ്ങാം.
ഇതിലൂടെ ഗതാഗത കേന്ദ്രങ്ങളിലെത്തി ടിക്കറ്റ് നേടുന്നതിനായുള്ള സമയം ലാഭിക്കാം. കോവിഡ് കുത്തിവെപ്പെടുത്തവർക്കായിരിക്കും റമദാനിൽ ഉംറക്കും ഹറമിൽ നമസ്കാരത്തിനും അനുമതി. ഇഅ്തമർനാ, തവക്കൽനാ ആപ്പിലൂടെ ഉംറക്കും നമസ്കാരത്തിനും അനുമതിപത്രം നേടാനാകും. ഇതിനായി ഇഅ്തർമനാ, തവക്കൽനാ ആപ് ഹജ്ജ്-ഉംറ മന്ത്രാലയം പരിഷ്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

