ഭരണത്തുടർച്ച മതേതരമൂല്യങ്ങൾ കാത്തുസൂക്ഷിച്ചതിനുള്ള അംഗീകാരം –ജിദ്ദ ഐ.എം.സി.സി
text_fieldsഐ.എൻ.എല്ലിെൻറ മന്ത്രിസഭ പ്രവേശത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജിദ്ദ ഐ.എം.സി.സി സംഘടിപ്പിച്ച വിരുന്ന്
ജിദ്ദ: ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി സമയബന്ധിതമായി പരിഹാരങ്ങൾ ആവിഷ്കരിച്ച് പ്രയാസ ഘട്ടങ്ങളിൽ ജനങ്ങളെ ചേർത്തുപിടിച്ച പിണറായി സർക്കാറിനെ ജനം നെഞ്ചിലേറ്റിയതാണ് കേരളത്തിൽ ചരിത്രം കുറിച്ച് തുടർഭരണവുമായി രണ്ടാം ഘട്ടത്തിലേക്ക് എത്തിപ്പെടാൻ സാഹചര്യം ഉണ്ടായതെന്ന് ജിദ്ദ ഐ.എം.സി.സി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഇടതു മന്ത്രിസഭയിൽ ഐ.എൻ.എൽ അംഗമായതിലുള്ള സന്തോഷം രേഖപ്പെടുത്താൻ ജിദ്ദ ഐ.എം.സി.സി സംഘടിപ്പിച്ച വിരുന്നിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.
തങ്ങളെ സംരക്ഷിക്കുമെന്നും ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നുമുള്ള തോന്നലും കഴിഞ്ഞ സർക്കാറിൽനിന്ന് അനുഭവിച്ച മാനുഷിക സമീപനങ്ങളുമാണ് ഈ ഉജ്ജ്വല വിജയത്തിെൻറ അടിസ്ഥാനം. മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയും ധീരമായ രാഷ്ട്രീയ തീരുമാനങ്ങളും എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ അംഗീകരിക്കുന്നതാണ്. നീണ്ട 27 വർഷം ആദർശ രാഷ്ട്രീയത്തിെൻറ നിലപാടുയർത്തി ഇടതു മതേതര ചേരിക്കൊപ്പം നിലകൊണ്ട ഇന്ത്യൻ നാഷനൽ ലീഗിെൻറ അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി ഐ.എൻ.എല്ലിനോട് മാന്യത കാണിച്ച മുഖ്യമന്ത്രി, ന്യൂനപക്ഷ രാഷ്ട്രീയത്തെ ഉയർത്തിക്കാട്ടിയതായി ഭാരവാഹികൾ പറഞ്ഞു.
ഇടതു സർക്കാറിെൻറ രണ്ടാമൂഴത്തിൽ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യാനുള്ള തീരുമാനം സ്വാഗതാർഹമാണ്. പ്രസ്തുത വകുപ്പ് മുസ്ലിം മന്ത്രിമാർ കൈകാര്യം ചെയ്യുന്നതിനാൽ മുസ്ലിം വിഭാഗത്തിന് അനർഹമായി സർക്കാറുകൾ വാരിക്കോരി നൽകുന്നു എന്ന ആരോപണങ്ങളെയും ഇത്തരം വിഷയങ്ങളുയർത്തി രാജ്യത്ത് വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള നീക്കങ്ങളെയും ചെറുക്കാൻ മുഖ്യമന്ത്രിയുടെ തീരുമാനം വഴി കഴിയും.
വകുപ്പ് മാറ്റം മുസ്ലിം വിരുദ്ധമാണെന്നും മുസ്ലിം സമുദായത്തെ മുഖ്യമന്ത്രി അവഹേളിച്ചെന്നും പറഞ്ഞു വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുന്നവർ അവർ നേരിട്ട ദാരുണ പരാജയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു.
ഐ.എം.സി.സി സംഘടിപ്പിച്ച വിരുന്നിൽ വിവിധ ഇടതുപക്ഷ സംഘടന പ്രതിനിധികൾ പങ്കെടുത്തു. സൗദി ഐ.എം.സി.സി പ്രസിഡൻറും ലോക കേരള സഭ അംഗവുമായ എ.എം. അബ്ദുല്ലകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. കിസ്മത് (നവോദയ), പി.പി.എ റഹീം, സത്തർ (ന്യൂ ഏജസ്), കബീർ കൊണ്ടോട്ടി, ഹംസ മേലാറ്റൂർ, ഇബ്രാഹിം വേങ്ങര, ലുഖ്മാൻ തിരൂരങ്ങാടി, ഷബീർ തിരൂരങ്ങാടി, ഹസീബ് പൂങ്ങാടൻ, സഹീർ കാളമ്പ്രട്ടിൽ, അബു കൊടുവള്ളി, എ.എം. നിയാസ്, ഷാജി അരിമ്പ്രതൊടി, അമീർ മൂഴിക്കൽ എന്നിവർ സംസാരിച്ചു. മൻസൂർ വണ്ടൂർ സ്വാഗതവും സി.എച്ച്. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

