റമദാനിൽ സൗദി സ്കൂളുകൾക്ക് പ്രവർത്തിക്കാൻ അംഗീകാരം
text_fieldsയാംബു: റമദാൻ ദിനങ്ങളിൽ ഇനി മുതൽ സൗദി സ്കൂളുകൾ പ്രവൃത്തിദിനങ്ങളിൽ ഉൾപ്പെടുത്താൻ സൗദി വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി.
റമദാൻ നാളുകളിൽ ഇതുവരെ സൗദി സ്കൂളുകൾക്ക് അവധി നൽകുന്ന രീതിക്ക് ഇതോടെ മാറ്റംവന്നു. ഹിജ്റ 1443 റമദാൻ മാസം മുതൽ രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾ അധ്യയനവർഷത്തെ മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശിച്ച സന്ദർഭത്തിലാണ് മന്ത്രാലയം വളരെ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. നേരത്തേ സൗദിയിലെ വിദേശ സ്കൂളുകൾ പലതും റമദാനിൽ പ്രവൃത്തിദിനങ്ങളായി അക്കാദമിക് കലണ്ടറിൽപെടുത്തി മുന്നോട്ടുപോയിരുന്നു. ഈദുൽ ഫിത്ർ അവധിക്കാലം പരിഗണിച്ച് റമദാൻ 24 വരെയായിരിക്കും റമദാനിലെ അവസാന പ്രവൃത്തിദിനം.
രാവിലെ ഒമ്പതു മണിക്കായിരിക്കും റമദാനിൽ പ്രവൃത്തിദിനം ആരംഭിക്കുക. അക്കാദമിക് ഷെഡ്യൂൾ അനുസരിച്ച് ഓരോ പ്രദേശത്തെയും സാഹചര്യമനുസരിച്ച് പ്രവൃത്തിസമയം നിശ്ചയിക്കാൻ അതത് ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ ഡയറക്ടർമാർക്ക് യുക്തമായ തീരുമാനമെടുക്കാനുള്ള അനുവാദവും മന്ത്രാലയം നൽകിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം മുതൽ പരിഷ്കരിച്ച അക്കാദമിക് കലണ്ടർ അനുസരിച്ച്, 39 ആഴ്ച നീണ്ട അധ്യയനവർഷമാണ് ഇപ്പോൾ രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ളത്.
ഓരോ സെമസ്റ്ററിനും 13 ആഴ്ചകൾ വീതമുള്ള മൂന്ന് സെമസ്റ്ററുകളായി തിരിച്ചിരിക്കുന്നു. മികച്ച അന്താരാ ഷ്ട്ര നിലവാരത്തിനനുസൃതമായി വിദ്യാഭ്യാസ കാര്യ ക്ഷമതയുടെ നിലവാരം ഉയർത്താനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ റമദാനിൽകൂടി സ്കൂളുകളിലെ പഠനദിവസങ്ങൾ ക്രമീകരിച്ചുള്ള പുതിയ തീരുമാനം നടപ്പാക്കുന്നതോടെ വിദ്യാഭ്യാസ മേഖലയിൽ സൗദി വമ്പിച്ച വിപ്ലവത്തിന് നാന്ദി കുറിച്ചതായി പൊതുവെ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.