2024ലെ അറബി ഭാഷക്കുള്ള ‘കാപ്സാർക്’ അവാർഡിന് അപേക്ഷ ക്ഷണിച്ചു
text_fieldsറിയാദ്: ഈ വർഷത്തെ അറബിക് ഭാഷയ്ക്കുള്ള ‘കാപ്സാർക്’ അവാർഡിന് അപേക്ഷ ക്ഷണിച്ചു. കിങ് അബ്ദുല്ല സെന്റർ ഫോർ പെട്രോളിയം സ്റ്റഡീസ് ആൻഡ് റിസർച്ച് (കാപ്സാർക്), കിങ് സൽമാൻ ഇൻറർനാഷനൽ അക്കാദമി ഫോർ അറബിക് ലാങേജുമായി സഹകരിച്ചാണ് അവാർഡ് നൽകുന്നത്. ഒക്ടോബർ 31നുള്ളിൽ അപേക്ഷ നൽകണം.
ഊർജം, സമ്പദ്വ്യവസ്ഥ, പരിസ്ഥിതി എന്നീ മേഖലകളിൽ അറബിക് ഉള്ളടക്കം സമ്പുഷ്ടമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാർഡ് രൂപകൽപന ചെയ്തിരിക്കുന്നത്. സൗദി സർവകലാശാലകളിലെ ബിരുദ വിദ്യാർഥികളെയും സൗദി എഴുത്തുകാരെയും വിവർത്തകരെയും രാജ്യത്ത് താമസിക്കുന്നവരെയും സൗദി ഊർജ വിഭാഗത്തിലെ ജീവനക്കാരെയുമാണ് ലക്ഷ്യമിടുന്നത്.
ഈ വർഷത്തെ അവാർഡിെൻറ പ്രമേയം ‘ഊർജ മേഖലയിലെ പരിസ്ഥിതി, സാമൂഹിക, ഭരണ സുസ്ഥിരതക്കുള്ള മാനദണ്ഡങ്ങൾ’ എന്നതാണ്. നിലവിൽ പ്രാദേശികമായും ആഗോളതലത്തിലും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണിത്.
സുസ്ഥിരമായ ഭാവിയിലെത്തുന്നതിനും ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള സമഗ്രമായ ചട്ടക്കൂടിനെ ഇത് പ്രതിനിധീകരിക്കുന്നു. ഓരോ വിഭാഗത്തിലെയും ആദ്യ വിജയികൾക്ക് മൊത്തം 3,20,000 റിയാലാണ് സമ്മാനത്തുക. അറബി ഭാഷയിലെ പ്രത്യേക ശാസ്ത്രീയ രചനകളെ പിന്തുണക്കാനും മെച്ചപ്പെടുത്തുകയാണ് അവാർഡിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
അറബി ഭാഷയെ പരിപാലിക്കുന്നതിലും അതിൽ അഭിമാനിക്കുന്നതിലും വിവിധ ശാസ്ത്ര, വിജ്ഞാന മേഖലകളിൽ അതിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിലും രാജ്യം നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കുന്നതിലാണ് അവാർഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കാപ്സാർക് ചെയർമാൻ എൻജി. ഫഹദ് അൽഅജ്ലാൻ പറഞ്ഞു.
നവീകരണത്തിന്റെയും സർഗാത്മകതയുടെയും വിളക്കുമാടം എന്ന നിലയിലും ഊർജം, സാമ്പത്തിക ശാസ്ത്രം, പരിസ്ഥിതി എന്നീ മേഖലകളിൽ അറിവ് പ്രചരിപ്പിക്കുന്നതിനുള്ള ഒരു വഴിവിളക്കെന്ന നിലയിലും കേന്ദ്രത്തിന്റെ പങ്ക് ഏകീകരിക്കുന്നതിനുമാണ്.
ഈ വർഷത്തെ അവാർഡ് ഗവേഷകർ, എഴുത്തുകാർ, വിവർത്തകർ എന്നിവരെ പ്രത്യേക ശാസ്ത്രീയ മേഖലകളിൽ അറബി ഉള്ളടക്കം സമ്പുഷ്ടമാക്കുന്നതിന് പ്രചോദിപ്പിക്കാൻ ശ്രമിക്കുന്നു.
ആഗോള ഊർജ്ജ രംഗത്ത് വ്യക്തമായ സ്വാധീനം ചെലുത്തുന്നതിന് ഇത് സംഭാവന ചെയ്യുമെന്നും അൽ അജ്ലാൻ പറഞ്ഞു. അറബി ഭാഷയെ സേവിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള സൗദിയുടെ വിവിധ ശ്രമങ്ങളിൽ അക്കാദമി സന്തോഷിക്കുന്നുവെന്ന് കിങ് സൽമാൻ ഇൻറർനാഷനൽ അക്കാദമി ഫോർ അറബിക് ലാങേജ് സെക്രട്ടറി ജനറൽ പ്രഫസർ ഡോ. അബ്ദുല്ല അൽ വശ്മി പറഞ്ഞു.
ഈ സംയുക്ത സഹകരണം ഗവേഷകരെയും നവീനക്കാരെയും താൽപ്പര്യമുള്ള ആളുകളെയും അറബി പ്രേമികളെയും ലക്ഷ്യമിടുന്നുവെന്നും അൽവശ്മി സൂചിപ്പിച്ചു.
അവാർഡിൽ മൂന്ന് പ്രധാന ട്രാക്കുകൾ ഉൾപ്പെടുന്നു. ആദ്യത്തേത് ലേഖനവും രണ്ടാമത്തേത് ഒരു ശാസ്ത്ര പുസ്തകത്തിന്റെ സംഗ്രഹ വിവർത്തനവുമാണ്. പ്രത്യേക വിഭാഗങ്ങൾക്ക് പങ്കെടുക്കാൻ ലഭ്യമാകുന്ന രണ്ട് ട്രാക്കുകൾ ഇവയാണ്. മൂന്നാമത്തെ ട്രാക്ക് 2017ലോ അതിന് ശേഷമേ പ്രസിദ്ദീകരിച്ച ഊർജ മേഖലയിൽ രചിക്കപ്പെട്ടതോ, വിവർത്തനം ചെയ്തതോ ആയ ഒരു പുസ്തകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

