അരാഷ്ട്രീയത അഭിമാനമല്ല, അതൊരു അപകടമാണ്
text_fieldsസതീഷ് വളവിൽ
റിയാദ്
രാഷ്ട്രീയം പറയുന്നതും അതിെൻറ ആവശ്യകത മനസ്സിലാക്കുന്നതും ഒരു ജനാധിപത്യ സമൂഹത്തിെൻറ അടിസ്ഥാന സാംസ്കാരിക ബോധമാണ്. എന്നാൽ ഇന്ന് രാഷ്ട്രീയം പറയുന്നവരെ ഒറ്റപ്പെടുത്തുകയും, ‘എനിക്ക് രാഷ്ട്രീയമില്ല’ എന്ന് ചിലർ അഭിമാനത്തോടെ പ്രഖ്യാപിക്കുകയും ചെയ്യുന്നത് വർധിച്ചുവരുന്നു. ഈ അരാഷ്ട്രീയവാദം യഥാർഥത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമര പാരമ്പര്യത്തെ നിഷേധിക്കലാണെന്ന് മാത്രമല്ല; അനീതിക്ക് മുന്നിലെ ഇത്തരം മൗനങ്ങൾ വർഗീയ ശക്തികൾക്കും ഏകാധിപത്യ ചിന്തകൾക്കും വളരാൻ അനുകൂല സാഹചര്യം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.
മനുഷ്യനെ ‘സാമൂഹിക ജീവി’ എന്ന് വിശേഷിപ്പിച്ച പുരാതന ഗ്രീക്ക് ചിന്തകൻ അരിസ്റ്റോട്ടിൽ, മനുഷ്യൻ പൊതുജീവിതത്തോട് ബന്ധപ്പെട്ടിരിക്കാൻ ബാധ്യസ്ഥനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന അരാഷ്ട്രീയ ബുദ്ധിജീവികളെ ഗ്വാട്ടിമാലൻ വിപ്ലവകവി ഒട്ടോ റെനെ കാസ്റ്റില്ലോ തെൻറ കവിതയിലൂടെ കടുത്ത ഭാഷയിൽ ചോദ്യം ചെയ്യുന്നുണ്ട്. ഒരു ദിവസം രാജ്യം ഇവരോട് മറുപടി ചോദിക്കുമെന്ന അദ്ദേഹത്തിെൻറ വരികൾ ഈ നിസ്സംഗതയ്ക്കുള്ള താക്കീതാണ്.
ജനാധിപത്യ വ്യവസ്ഥയിൽ ഭരണകൂടത്തിെൻറ ലക്ഷ്യം ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുക എന്നതാണ്; ഇവിടെ യഥാർത്ഥ കാവൽക്കാർ ജനങ്ങൾ തന്നെയാണ്. രാഷ്ട്രീയത്തെ പുച്ഛത്തോടെ കാണുന്ന പ്രവണതകൾ എല്ലാ കാലത്തുമുണ്ടായിട്ടുണ്ടെങ്കിലും, ജനജീവിതത്തെ സ്വാധീനിക്കുന്ന സുപ്രധാന തീരുമാനങ്ങൾക്കെല്ലാം രാഷ്ട്രീയ സ്വഭാവമുണ്ടെന്നതാണ് ചരിത്രം. കവി അക്കിത്തത്തിെൻറ വരികളെ കൂട്ടുപിടിച്ച് ചില ബുദ്ധിജീവികൾ അരാഷ്ട്രീയതയ്ക്ക് പിന്തുണ നൽകുമ്പോൾ, രാഷ്ട്രീയം ജനങ്ങളുടെ ഭാവിയെ നിർണയിക്കുന്ന ശക്തിയാണെന്ന യാഥാർഥ്യമാണ് അവിടെ മറയ്ക്കപ്പെടുന്നത്.
ഇന്ന് പൗരത്വ അവകാശങ്ങൾ, തടവറകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ, സ്ത്രീകൾ, കുട്ടികൾ, ട്രാൻസ്ജെൻഡർ, ദലിതർ, ന്യൂനപക്ഷങ്ങൾ എന്നിവർ നേരിടുന്ന അതിക്രമങ്ങൾ, ആൾക്കൂട്ട ആക്രമണങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾ കുറയുകയാണ്. ദാരിദ്ര്യം, പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, തൊഴിലില്ലായ്മ എന്നിവ ഇപ്പോഴും രാജ്യത്ത് നിലനിൽക്കുന്നുണ്ട്.
അഫ്ഗാനിസ്താൻ പോലുള്ള രാജ്യങ്ങളിൽ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ട് കഴിയുന്ന സ്ത്രീകളും പിന്നാക്ക വിഭാഗങ്ങളും നിരവധിയാണ്. സ്വന്തം കൺമുന്നിൽ ഇത്തരം അനീതികൾ നടക്കുമ്പോൾ തിരിഞ്ഞുനോക്കാൻ മടിക്കുന്ന ജനങ്ങളുടെ നിസ്സംഗതയാണ് അനീതികൾക്ക് ശക്തി പകരുന്നത്. രാഷ്ട്രീയം എന്നത് കേവലം അധികാര പോരാട്ടമല്ല, അത് അവകാശങ്ങൾക്കും നീതിക്കും വേണ്ടി നിലകൊള്ളാനുള്ള സാമൂഹിക ഉത്തരവാദിത്തമാണ്.
ഈ നാടിെൻറ മോചനത്തിനായി കയ്യൂർ, പുന്നപ്ര-വയലാർ, കാവുമ്പായി, സേലം ജയിൽ, കോറോം, തില്ലങ്കേരി, ഒഞ്ചിയം, മുനയംകുന്ന്, പാടിക്കുന്ന്, പഴശ്ശി, പൈവളിഗെ, കരിവെള്ളൂർ, ശൂരനാട് തുടങ്ങിയ അനവധി സമരഭൂമികളിൽ മനുഷ്യർ ജീവൻ ബലിനൽകിയിട്ടുണ്ട്. അവർ പോരാടിയത് സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്കായല്ല, മറിച്ച് മനുഷ്യെൻറ മോചനത്തിനും സമൂഹത്തിെൻറ പുരോഗതിക്കും വേണ്ടിയാണ്.
രാഷ്ട്രീയം എന്നത് മനുഷ്യമോചനത്തിെൻറയും സാമൂഹ്യനീതിയുടെയും സമത്വത്തിെൻറയും ഭാഷയാണ്. മനസ്സിൽ വർഗീയതയും അസഹിഷ്ണുതയും കുത്തിനിറച്ച്, പുറമേ നിഷ്പക്ഷത ചമയുന്നതാണ് ഇന്നത്തെ അരാഷ്ട്രീയതയുടെ യഥാർത്ഥ മുഖം. അനീതിക്ക് മുന്നിൽ മൗനം പാലിക്കുന്നത് നിഷ്പക്ഷതയല്ല, അത് അനീതിയുടെ പക്ഷം ചേരലാണ്. അതുകൊണ്ടുതന്നെ ഉറപ്പിച്ചു പറയാം; അരാഷ്ട്രീയത അഭിമാനമല്ല, അതൊരു വലിയ അപകടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

