ഹജ്ജിനെ രാഷ്ട്രീയവത്കരിക്കാൻ നീക്കമുണ്ടായാൽ ശക്തമായി ചെറുക്കും: പൊതുസുരക്ഷാ മേധാവി, ഹജ്ജ് സുരക്ഷാസേന പൂർണ സജ്ജം
text_fieldsഹജ്ജ് സുരക്ഷാസേനയുടെ പരേഡ്
മക്ക: ഹജ്ജ് തീർഥാടനത്തെ രാഷ്ട്രീയവത്കരിക്കാനോ, തീർഥാടകരുടെ സുരക്ഷക്കും കർമങ്ങൾക്കും തടസ്സം സൃഷ്ടിക്കാനോ ഉള്ള ഏതൊരു നീക്കത്തെയും ശക്തമായി പ്രതിരോധിക്കുമെന്ന് പൊതുസുരക്ഷ ഡയറക്ടറും ഹജ്ജ് സുരക്ഷ കമ്മിറ്റി മേധാവിയുമായ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽബസ്സാമി വ്യക്തമാക്കി.
മക്കയിൽ ഹജ്ജ് സുരക്ഷാസേനകൾ സംഘടിപ്പിച്ച വാർഷിക സൈനിക പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീർഥാടകർക്ക് സുരക്ഷിതമായും സമാധാനപരമായും ചടങ്ങുകൾ പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും വിഭവങ്ങളും ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ജനക്കൂട്ട നിയന്ത്രണത്തിലും മികച്ച സംഘാടന മികവിലും സൗദി അറേബ്യ ആഗോളതലത്തിൽ തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻകാല അനുഭവങ്ങളും ഭാവിയിലെ എല്ലാ സാധ്യതകളും മുൻകൂട്ടി വിലയിരുത്തി സമഗ്രമായ സുരക്ഷാ-പ്രതിരോധ പദ്ധതികളാണ് ഇത്തവണ തയാറാക്കിയിരിക്കുന്നത്. മക്ക, മദീന, പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിലും തീർഥാടകർ സഞ്ചരിക്കുന്ന പാതകളിലും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സേന ഇതിനകം ദൗത്യം ആരംഭിച്ചുകഴിഞ്ഞു. ആധുനിക സാങ്കേതികവിദ്യകളുടെയും കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളുടെയും പിന്തുണയോടെയാണ് സുരക്ഷാ സംവിധാനം പ്രവർത്തിക്കുന്നത്. ഇത് അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കാനും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അൽബസ്സാമി ചൂണ്ടിക്കാട്ടി.
ശ്രദ്ധേയമായി സൈനിക പരേഡ്
മക്ക: തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സുരക്ഷാ ഏജൻസികളുടെ സന്നദ്ധതയും പരസ്പര ഏകോപനവും വിളിച്ചോതുന്നതായിരുന്നു മക്കയിൽ നടന്ന പ്രൗഢഗംഭീരമായ സൈനിക പരേഡ്. സൗദി ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫിെൻറ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങ്. ഹജ്ജ് ദൗത്യത്തിനായി സജ്ജമാക്കിയ അത്യാധുനിക വാഹനങ്ങളും സുരക്ഷാ ഉപകരണങ്ങളും പരേഡിൽ പ്രദർശിപ്പിച്ചു. സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദ്ദേശങ്ങൾക്കനുസൃതമായി സുരക്ഷാസേനകൾ ഉയർന്ന സന്നദ്ധതയാണ് കാഴ്ചവെച്ചതെന്ന് ആഭ്യന്തര മന്ത്രി ‘എക്സ്’ അക്കൗണ്ടിൽ കുറിച്ചു.
തീർഥാടകർക്ക് സുരക്ഷിതത്വവും ശാന്തതയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ മദീന മേഖല ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ്, മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ എന്നിവർക്ക് പുറമെ പ്രമുഖ രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, സുപ്രീം ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, സൈനിക-സുരക്ഷാ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

