ആൻറണി ആൽബർട്ടിെൻറ മൃതദേഹം നാട്ടിലയക്കാൻ നടപടിയായി
text_fieldsറിയാദ്: സൗദിയിൽ ഒന്നര മാസം മുമ്പ് മരിച്ച കൊല്ലം സ്വദേശി ആൻറണി ആൽബർട്ടിെൻറ മൃതദേഹം നാട്ടിലയക്കാനുള്ള നടപടിയായി.
ജോലി ചെയ്ത അൽഖോബാറിലെ കമ്പനി 13 മാസത്തെ ശമ്പള കുടിശ്ശികയും 28 വർഷത്തെ സർവീസ് ആനുകൂല്യവും ഇന്ത്യൻ എംബസി അക്കൗണ്ടിൽ നിക്ഷേപിച്ചു. 79326 റിയാലാണ് ആൻറണി ആൽബർടിന് ലഭിക്കാനുണ്ടായിരുന്നത്. പണം കിട്ടാനുള്ളതിനാൽ മൃതദേഹം നാട്ടിലയക്കുന്നതിന് നിയമതടസ്സമുണ്ടായിരുന്നു.
ജോലി ചെയ്ത കമ്പനിയിൽ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും കിട്ടാനുള്ളതിെൻറ പേരിൽ മലയാളിയുടെ മൃതദേഹം 43 ദിവസമായി മോർച്ചറിയിൽ കിടക്കേണ്ട നിർഭാഗ്യകരമായ അവസ്ഥ കഴിഞ്ഞ ദിവസം ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തതോടെയാണ് അധികൃതർ ഉണർന്ന് പ്രവർത്തിച്ചതെന്ന് പരാതിക്കാരനായ പി.ടി റജിമോൻ പറഞ്ഞു. കമ്പനി ഇടപാട് തീർത്തതോടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള എൻ.ഒ.സി ഇന്ത്യൻ എംബസി നൽകി. രണ്ടോ മൂന്നോ ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാനാവുമെന്ന് റജിമോൻ പറഞ്ഞു.
ദമ്മാം അൽഖോബാറിലെ സ്വകാര്യ കമ്പനിയിൽ വെൽഡറായിരുന്ന ആൻറണി ആൽബർട്ട് കഴിഞ്ഞ മെയ് 22-നാണ് ഹൃദയാഘാതം മൂലം മരിച്ചത്. മരിക്കുേമ്പാൾ 13 മാസത്തെ ശമ്പള കുടിശ്ശികയും 28 വർഷത്തെ സർവീസ് ആനുകൂല്യവും കിട്ടാനുണ്ടായിരുന്നു. സൗദി നിയമമനുസരിച്ച് മരിച്ചയാളുടെ എല്ലാ ഇടപാടുകളും തീർത്താലേ മൃതദേഹത്തിന് എക്സിറ്റ് ലഭിക്കൂമായിരുന്നുള്ളൂ. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഇടപാട് തീർക്കാൻ വൈകുകയായിരുന്നു.
ആൻറണി ആൽബർട്ടിെൻറ സഹോദരൻ ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, നിയമ സഭാസ്പീക്കർ, നോർക്ക, ഇന്ത്യൻ എംബസി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ് തുടങ്ങിയവർക്ക് പരാതി നൽകി. പക്ഷെ അനിശ്ചിതമായി നീളുകയായിരുന്നു നടപടികൾ. ഭാര്യയും പ്രായപൂർത്തിയാവാത്ത രണ്ട് മക്കളുമാണ് മരിച്ച ആൻറണി ആൽബർട്ടിെൻറ ആശ്രിതർ.
നാട്ടിൽ ലീവിന് പോവാൻ ഒരാഴ്ചയുള്ളപ്പോഴാണ് ഇയാൾ മരിച്ചത്. മൃതദേഹം നാട്ടിൽ എന്നെത്തുമെന്നറിയാതെ കൊടുംദുഃഖത്തിൽ കഴിയുകയായിരുന്നു കുടുംബം. സാമൂഹികപ്രവർത്തകൻ നാസ് വക്കത്തെയാണ് മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബം ചുമതലപ്പെടുത്തിയത്. മൃതദേഹം നാട്ടിലയക്കാൻ വേണ്ടി കഴിഞ്ഞ ഒന്നരമാസമായി ആത്മാർഥമായി പരിശ്രമിച്ച കമ്പനിയിലെ ഫോർമാൻ ഹനീഫ, പി.ആർ.ഒ അഹമ്മദ് ബാഷ, നാസ് വക്കം, നവോദയ കമ്മിറ്റി പ്രതിനിധി പേത്രാസ്, ആൻറണിയുടെ സുഹൃത്ത് സലീം എന്നിവർക്ക് ബന്ധുക്കൾ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
