മയക്കുമരുന്നുവേട്ട ശക്തം; ഇന്ത്യക്കാരനുൾപ്പെടെ നിരവധിപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികളും ലഹരിവസ്തുക്കളും
റിയാദ്: രാജ്യത്ത് മയക്കുമരുന്ന് കടത്തിനെതിരായ റെയ്ഡും നിയമനടപടിയും കർശനമായി തുടരുന്നു. രണ്ടു ദിവസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധിയാളുകൾ ലഹരിവസ്തുക്കളുമായി പിടിയിലായി. കഴിഞ്ഞ ദിവസം തെക്കൻ സൗദിയിലെ അസീർ പ്രവിശ്യയിൽ 693 കിലോഗ്രാം ഹഷീഷ് സഹിതം ഒരു ഇന്ത്യക്കാരനടക്കം 10 പേരെ പിടികൂടി.
അതിർത്തി വഴി നുഴഞ്ഞുകടന്ന അഞ്ച് ഇത്യോപ്യൻ സ്വദേശികളും നാല് സൗദി പൗരന്മാരുമാണ് പിടിയിലായ മറ്റ് പ്രതികൾ. ഇവർ ഹഷീഷ് കടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായതെന്ന് ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് വക്താവ് മേജർ മർവാൻ അൽ ഹസ്മി അറിയിച്ചു.
ഒരു ലക്ഷം ആംഫെറ്റാമിൻ ഗുളികകളുമായി റിയാദ് പ്രവിശ്യയിൽ സിറിയൻ പൗരനെ നർകോട്ടിക്സ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഈ ലഹരിഗുളികകൾ ആവശ്യക്കാർ എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി വലയിലായതെന്ന് അധികൃതർ വ്യക്തമാക്കി.
അൽബാഹയിൽനിന്ന് ഹഷീഷിന്റെയും ആംഫെറ്റാമിൻ ഗുളികകളുടെയും ഇടപാടുമായി ബന്ധപ്പെട്ട് മറ്റൊരു ഇത്യോപ്യക്കാരനും പിടിയിലായിട്ടുണ്ട്. രാജ്യാതിർത്തിവഴി നുഴഞ്ഞുകയറിയതാണ് പ്രതിയെന്ന് നർകോട്ടിക് കൺട്രോൾ അൽബാഹ ബ്രാഞ്ച് അധികൃതർ അറിയിച്ചു.
ഖാത്ത് എന്ന ലഹരി ചെടിയുടെ 135 കിലോഗ്രാം പൊതികൾ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ അതിർത്തി രക്ഷാസേന ജിസാനിൽ പിടികൂടി. അൽ അർദ മേഖലയിലെ രക്ഷാസേനയുടെ ലാൻഡ് പട്രോളിങ് സംഘമാണ് ലഹരി പൊതികളും അത് കടത്താൻ ശ്രമിച്ചവരെയും പിടികൂടിയത്. തെക്കുപടിഞ്ഞാറൻ സൗദിയിലെ ഖുൻഫുദയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ ഒളിപ്പിച്ച നിലയിൽ 10,506 ആംഫെറ്റാമിൻ ഗുളികകളും ഹഷീഷും കണ്ടെത്തി.
ഖുൻഫുദ ഗവർണറേറ്റ് പൊലീസാണ് ഈ ലഹരിവസ്തുക്കൾ ആദ്യം കണ്ടെത്തിയത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ടയാളെ അയാളുടെ മൊബൈൽ ഫോണിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സൗദി പൗരനാണ് പ്രതി.
ഖസീം പ്രവിശ്യയിലെ അൽ റസിൽ മയക്കുമരുന്ന് വിൽപനക്കാരനെ പിടികൂടി. ഔഷധവിതരണം എന്ന മറവിൽ ഹഷീഷും ലഹരിഗുളികകളും എത്തിച്ചുനൽകുന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നത്. ഇയാളെ മൊബൈൽ ഫോണിൽ പിന്തുടർന്നാണ് പിടികൂടിയത്.
ഈ വ്യത്യസ്ത സംഭവങ്ങളിൽ പിടിയിലായ മുഴുവൻ പ്രതികളെയും മേൽനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന്റെ അതതിടങ്ങളിലെ ശാഖകൾക്ക് കൈമാറി.
മയക്കുമരുന്ന്, ലഹരി വസ്തുക്കൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇടപാടുകൾ ശ്രദ്ധയിൽപെട്ടാൽ മക്കയിലും റിയാദിലും കിഴക്കൻ പ്രവിശ്യയിലും 911 എന്ന നമ്പറിലും മറ്റിടങ്ങളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് വിവരം അറിയിക്കാൻ ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് അഭ്യർഥിച്ചു. 995@gdnc.gov.sa എന്ന ഇ-മെയിൽ വിലാസത്തിലും വിവരം അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

