സൗദിയിൽ അഴിമതിവിരുദ്ധ വേട്ട, ഒരു മാസത്തിനിടെ 127 ഉദ്യോഗസ്ഥർ അറസ്റ്റിൽ
text_fieldsയാംബു: രാജ്യത്ത് അഴിമതിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി സൗദി അഴിമതി വിരുദ്ധ അതോറിറ്റി (നസഹ). ജനുവരിയിൽ നടത്തിയ വിപുലമായ പരിശോധനകളിൽ വിവിധ സർക്കാർ മന്ത്രാലയങ്ങളിലെ 127 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി അതോറിറ്റി അറിയിച്ചു. രാജ്യവ്യാപകമായി ആകെ 1,543 റെയ്ഡുകൾ നടത്തി. അറസ്റ്റിലായവർക്ക് പുറമെ 383 പേർക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു. ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ-ഗ്രാമകാര്യം, ഭവന നിർമാണം എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരാണ് പിടിയിലായത്.
അഴിമതി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി. പ്രധാനമായും കൈക്കൂലി വാങ്ങൽ, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, പൊതു ഫണ്ടുകളുടെ ദുരുപയോഗം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായവരെ വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ‘നസഹ’ പൂർത്തിയാക്കി. പ്രതികളിൽ ചിലർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ആഭ്യന്തര, ധനകാര്യ, പരിസ്ഥിതി-ജല-കൃഷി മന്ത്രാലയങ്ങളുമായി സഹകരിച്ച് അതീവ പ്രാധാന്യമുള്ള കേസുകളിൽ പ്രത്യേക അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
‘അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത കർശന നിലപാടാണ് രാജ്യം സ്വീകരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.’ -നസഹ വക്താവ് അഭിപ്രായപ്പെട്ടു. ക്രിമിനൽ, സിവിൽ സ്വഭാവമുള്ള നിരവധി കേസുകളിൽ നിയമനടപടികൾ അവസാന ഘട്ടത്തിലാണെന്നും അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

