ലഹരിവിരുദ്ധ ബോധവത്കരണം; റിസ ‘മില്യൺ മെസേജ്’ കാമ്പയിൻ സമാപിച്ചു
text_fieldsറിയാദ്: സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ‘റിസ’യുടെ 13ാമത് ‘മില്യൺ മെസേജ് കാമ്പയിൻ’ സമാപിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങൾ, സാമൂഹിക കൂട്ടായ്മകൾ, ഹൈപ്പർ മാർക്കറ്റുകൾ, വിവിധ സോഷ്യൽ നെറ്റ് വർക്കുകൾ എന്നിവ സജീവമായി പങ്കെടുത്തു.
മിഡിലീസ്റ്റിലെ വിവിധ ഇന്റർനാഷനൽ സ്കൂളൂകളും കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും അതത് ഭാഷകളിലുള്ള ലഘുലേഖകൾ പ്രചരിപ്പിച്ചു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും സന്ദേശം എത്തിച്ചു. ഇപ്പോൾ cdn.skf.onl/mmc എന്ന വെബ്ലിങ്കിൽ ലഘുലേഖ 18 ഭാഷകളിൽ ലഭ്യമാണ്. പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സിറ്റിഫ്ലവറിന്റെ സോഷ്യൽ മീഡിയയിലൂടെയും ആറ് ലക്ഷം ബ്രോഷറുകളിലൂടെയും റിസയുടെ സന്ദേശം സൗദിയിലുടനീളം എത്തിച്ചു.
വിവിധ ഓൺലൈൻ മാധ്യമങ്ങൾ വഴിയും സന്ദേശം പ്രചരിപ്പിച്ചു. ലഘുലേഖക്ക് പുറമെ, 17 ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ 46 പ്രധാന ഭാഷകളിൽ ‘ലഹരി ഉപഭോഗം തുടങ്ങുന്നതിനുമുമ്പ് തന്നെ തടയുക’ എന്ന മുദ്രാവാക്യം ചേർത്ത് തയാറാക്കിയ റീലും വ്യാപകമായി പ്രചരിപ്പിച്ചു. അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികൾക്കായി ബഹുവർണ- ബഹുഭാഷ കോമിക് ഫ്ലയറും സമാപനദിവസമായ നവംബർ 14ന് പുറത്തിറക്കി.
ക്വാണ്ടം റൈസ് സ്കൂൾ പ്രിൻസിപ്പൽ പദ്മിനി യു. നായർ ഹിന്ദിയിലേക്കും യു.എൻ വളന്റിയർ ഡോ. ബാലസുബ്രഹ്മണ്യൻ തമിഴിലേക്കും ആന്ധ്രാപ്രദേശിലെ അന്നമാചാര്യ കോളജ് ഓഫ് കമ്പ്യൂട്ടർ സയൻസ് പ്രിൻസിപ്പൽ ഡോ. സമത നായിഡു തെലുഗു ഭാഷയിലേക്കും നാഷനൽ ഗാർഡ് ആശുപത്രിയിലെ ഫാമിലി മെഡിസിൻ അസിസ്റ്റന്റ് കൺസൽട്ടന്റ് ഡോ. ഹനാൻ അൽ ഗാലിബ് അറബിയിലേക്കും ലഘുലേഖ മൊഴിമാറ്റം നടത്തി.
സനൂപ് അഹമ്മദ്, സെയിൻ അബ്ദുൽ അസീസ്, ഹസീൻ എന്നിവർ ഐ.ടി സപ്പോർട്ട് നൽകി. റിസയുടെ വിവിധ സോണൽ, റീജനൽ കോഓഡിനേറ്റർമാരും അഭ്യുദയകാംക്ഷികളും കാമ്പയിൻ വിജയിപ്പിക്കാൻ സഹകരിച്ചതായും ആദ്യ ആഴ്ചകളിൽ തന്നെ ദശലക്ഷം സന്ദേശം എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചതായും ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൾട്ടന്റ് ഡോ. എ.വി. ഭരതൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

