പൊതുമാപ്പ്: രക്ഷപ്പെടാനുള്ള അവസാന അവസരം
text_fieldsറിയാദ്: സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് രക്ഷപ്പെടാനുള്ള അവസാന അവസരമാണ്. കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ഞായറാഴ്ച റിയാദിൽ ഇൗ പ്രഖ്യാപനം നടത്തുേമ്പാൾ ‘നിയമലംഘകരില്ലാത്ത രാജ്യമെന്ന’ പദവിക്കുവേണ്ടിയുള്ള കാമ്പയിനാണിതെന്ന് എടുത്തുപറഞ്ഞത് ശ്രദ്ധേയമാണ്.
ആഭ്യന്തര തൊഴിൽ വിപണിയെ തദ്ദേശീയവത്കരിക്കുന്ന ‘നിതാഖാത്’ പദ്ധതിയുടെ ഭാഗമായി 2013 മേയ് മാസത്തിൽ ആദ്യ ഇളവ് കാലം പ്രഖ്യാപിച്ചപ്പോൾ അനധികൃതരില്ലാത്ത രാജ്യത്തിലേക്കുള്ള ആദ്യ കാൽവെയ്പ്പാണിതെന്ന വ്യക്തമായ സന്ദേശം ഭരണകൂടം നൽകിയിരുന്നു. നാലാംവർഷത്തിൽ പൊതുമാപ്പ് പ്രഖ്യാപിക്കുേമ്പാൾ കാമ്പയിൻ തലക്കെട്ട് തന്നെ അതാക്കിക്കൊണ്ട് അവസാന അവസരമാണിതെന്ന വ്യക്തമായ സൂചനയാണ് അമീർ മുഹമ്മദ് നൽകുന്നത്. നിതാഖാത് കാല ഇളവുകളിൽ നിന്ന് ഇൗ പൊതുമാപ്പ് വ്യത്യസ്തമാകുന്നത് പദവി ശരിയാക്കി രാജ്യത്ത് തുടരാൻ അവസരമില്ല എന്നതാണ്. മാർച്ച് 29 മുതൽ ജൂൺ 24 വരെയുള്ള മൂന്നുമാസ കാമ്പയിൻ കാലത്ത് സാമ്പത്തിക പിഴയൊ തടവുശിക്ഷയോ ഇല്ലാതെ സ്വദേശങ്ങളിലേക്ക് മടങ്ങാം. എന്നാൽ പുതിയ വിസകളിൽ തിരിച്ചുവരാൻ തടസമില്ല.
ഇൗ പഴുതിലൂടെ നാട്ടിലേക്ക് മടങ്ങാൻ നാടുകടത്തൽ കേന്ദ്രങ്ങളിൽ ഇനി വരിനിൽക്കുന്നവരിൽ ഇന്ത്യാക്കാർ ഏറെയുണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല. എണ്ണത്തിൽ മുന്നിലായില്ലെങ്കിലും മലയാളികളുമുണ്ടാകും.
പ്രവാസി കുടിയേറ്റമുണ്ടായ ശേഷം സൗദിയിൽ നിയമലംഘകർക്ക് വേണ്ടിയുള്ള വിപുലമായ ആദ്യ പൊതുമാപ്പുണ്ടാകുന്നത് 1997 കാലത്താണ്. ലക്ഷക്കണക്കിനാളുകൾക്ക് പിഴയും തടവുശിക്ഷയും ഒന്നുമില്ലാതെ സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള അവസരമാണ് അന്നുണ്ടായത്. ശേഷം 16 വർഷത്തിന് ശേഷം നിതാഖാത്തുമായ ബന്ധപ്പെട്ട ഇളവുകാലത്തിെൻറ രൂപത്തിലാണ് അതെത്തിയത്. അന്ന് 10 ലക്ഷത്തോളം ഇന്ത്യാക്കാർ പദവി ശരിയാക്കി രാജ്യത്ത് നിയമാനുസൃതരായി മാറി. എന്നിട്ടും പദവി ശരിയാക്കാനാവാതെ ഒന്നരലക്ഷത്തോളം ഇന്ത്യാക്കാരാണ് അന്ന് നാട്ടിലേക്ക് മടങ്ങിയത്. അയ്യായിരത്തോളം മലയാളികൾക്ക് നാട്ടിലേക്ക് േപാകേണ്ടിവന്നു. എന്നാൽ സൗദിയിൽ നിയമാനുസൃതരായി തുടർന്ന 10 ലക്ഷത്തിൽ വലിയൊരു പങ്ക് മലയാളികളായിരുന്നു. മലയാള മാധ്യമങ്ങളും സാമൂഹിക പ്രവർത്തകരും സജീവമായിരുന്നതാണ് മലയാളി സമൂഹത്തിനിടയിൽ ഇക്കാര്യത്തിൽ അവബോധവും ജാഗ്രതയുമുണ്ടാകാൻ കാരണമായി. അതുകൊണ്ട് തന്നെ കിട്ടിയ അവസരത്തിൽ രക്ഷപ്പെടാനുള്ള പഴുത് അവർ പ്രയോജനപ്പെടുത്തി. എന്നാൽ മറ്റ് ഇന്ത്യാക്കാരുടെ അവസ്ഥ അതായിരുന്നില്ല. ഇളവുകാലത്തെ കുറിച്ച് അറിയുക പോലും ചെയ്യാത്തവർ ഉണ്ടെന്ന് പിന്നീട് വെളിപ്പെടുകയും ചെയ്തു. ഉത്തരേന്ത്യക്കാർ മാത്രമല്ല, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനക്കാരായ കുടുംബങ്ങൾ പോലും നിയമകുരുക്കിൽ കുടുങ്ങി കിടക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇത്തവണ പൊതുമാപ്പ് ഏറ്റവും കൂടുതൽ അനുഗ്രഹമാകുക ഇത്തരക്കാർക്കാണ്. എന്നാൽ നിതാഖാത്തിൽ കടുത്ത നിബന്ധനകൾ പിന്നീട് വന്നതും വിപണിയെ സാമ്പത്തിക മാന്ദ്യം ബാധിച്ച് തൊഴിൽ അവസരങ്ങൾ കുറഞ്ഞതും പുതിയ നിയമലംഘകരെയും സൃഷ്ടിച്ചിരുന്നു. കടലാസ് കമ്പനികൾക്കെതിരെ നടപടിയുണ്ടായപ്പോൾ സ്വയം രക്ഷപ്പെടാൻ സ്പോൺസർമാർ നടത്തിയ അന്യായ ഹുറൂബാക്കലുകൾക്ക് ഇരയായവരും സ്വദേശിവത്കരണ നിബന്ധനകൾ പൂർത്തിയാക്കാനാവാതെ ചുവപ്പിൽ കുടുങ്ങിപ്പോയ കമ്പനികളിൽ നിന്ന് സ്പോൺസർഷിപ്പ് മാറ്റാൻ ശ്രമിക്കുന്നതിനിടെ പരാജയപ്പെട്ട് ഇഖാമ കാലാവധി കഴിഞ്ഞവരും ആരോഗ്യമേഖല ഉൾപ്പെടെ പൊതു^സ്വകാര്യ മേഖലകളിൽ ശക്തിപ്പെടുത്തിയ സ്വദേശിവത്കരണം മൂലം ജോലി നഷ്ടപ്പെട്ട് പകരം തൊഴിൽ ലഭിക്കാതെയും സ്പോൺസർഷിപ്പ് മാറാനാകാതെയും നിയമലംഘകരായി മാറിയവരും അടക്കം വലിയൊരു വിഭാഗം പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ഇത്തവണയുണ്ടാകുമെന്ന കാര്യം നിസ്തർക്കമാണ്. അതിൽ മലയാളികളുടെ എണ്ണവും കുറവാവില്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മൊബൈൽ ഫോൺ വിൽപന, സേവന മേഖലയിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പാകുക കൂടി ചെയ്തതോടെ ഇത്തരത്തിൽ പ്രതിസന്ധിയിലായവർ നിരവധിയാണ്. ഇവരിൽ പലർക്കും പകരം ജോലി തരപ്പെട്ടിട്ടില്ല. അതിന് പുറമെ ഇഖാമ കാലാവധി കഴിഞ്ഞും ഹുറൂബിൽ കുടുങ്ങിയും നിയമലംഘകരായി മാറുകയും ചെയ്തു. ഇതിന് പുറമെ സന്ദർശക വിസയിൽ വന്ന് കുടുങ്ങിയവരും ധാരാളം. നാട്ടിലേക്ക് മടങ്ങിയ ശേഷം പുതിയ വിസയിൽ വരാൻ തടസമുണ്ടാകില്ല എന്നതാണ് വലിയ ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
