അമ്മക്ക് പിറകെ മകനും വിടവാങ്ങി; പ്രവാസികളെ ദുഃഖത്തിലാഴ്ത്തി അനിൽകുമാറിന്റെ വിയോഗം
text_fieldsഅനിൽകുമാർ
ദമ്മാം: അമ്മ മരിച്ചതറിഞ്ഞ് നാട്ടിലേക്ക് പോയ പ്രവാസി മലയാളിയും മരിച്ചു. ദമ്മാം നവോദയ റാക്ക ഏരിയ പ്രസിഡൻറും ഖോബാർ റീജനൽ കമ്മിറ്റി അംഗവും സാംസ്കാരിക കമ്മിറ്റി കൺവീനറുമായ തൃശൂർ തലക്കോട്ടുക്കര സ്വദേശി അനിൽകുമാറിന്റെ ആകസ്മിക വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് ദമ്മാമിലെയും ഖോബാറിലെയും പ്രവാസി സുഹൃത്തുക്കൾ.
ജനുവരി നാലിന് ഞായറാഴ്ചയാണ് അനിൽകുമാറിന്റെ അമ്മ കാർത്ത്യായനി വാർധക്യ സഹജമായ അസുഖം മൂലം മരിച്ചത്. മരണവിവരമറിഞ്ഞ് അന്നുതന്നെ അനിൽകുമാർ നാട്ടിലേക്ക് തിരിച്ചിരുന്നു. അമ്മയുടെ മരണാനന്തരം നടന്ന മറ്റ് ചടങ്ങുകൾക്കുശേഷം ജനുവരി ഒമ്പതിന് വൈകീട്ട് ഭാര്യയുമായി പുറത്തുപോയ അനിൽകുമാറിന് അടുത്തുള്ള പെട്രോൾ പമ്പിൽ വെച്ച് വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീണ് മരിക്കുകയാണുണ്ടായത്.
ദമ്മാമിലെ പ്രധാന സാംസ്കാരിക പ്രവർത്തകനെന്ന നിലയിലും എല്ലാവരോടും സൗമ്യമായും സ്നേഹത്തോടെയും പെരുമാറുന്ന വ്യക്തി എന്ന നിലയിലും വളരെ വലിയ സൗഹൃദ വലയത്തിന് ഉടമയായിരുന്നു അനിൽകുമാർ. ദമ്മാമിലെ ഫോർത്ത് മില്ലിങ് കമ്പനിയിൽ ലൈത്ത് ഓപറേറ്ററായിട്ടാണ് അനിൽകുമാർ ജോലി ചെയ്തിരുന്നത്. ആകസ്മികമായ വിയോഗത്തിൽ ദുഃഖം അടക്കാനാവാതെ വേദനിക്കുകയാണ് അനിൽകുമാറിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും.
സൗമ്യമായ പെരുമാറ്റം കൊണ്ടും സാമൂഹിക പ്രതിബദ്ധതയുള്ള ജീവിതം കൊണ്ടും പരിചയപ്പെടുന്നവരെയൊക്കെ ആകർഷിച്ച അനിൽകുമാറിന്റെ അപ്രതീക്ഷിതവും ആകസ്മികവുമായ അകാലത്തിലുള്ളതുമായ വിടവാങ്ങലിൽ ദമ്മാം നവോദയയും പ്രവാസി സമൂഹവും അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

