'അനന്തോത്സവം 2025'; തിരുവനന്തപുരം സ്വദേശി സംഗമം ജിദ്ദ 20മത് വാർഷികാഘോഷം വെള്ളിയാഴ്ച
text_fieldsതിരുവനന്തപുരം സ്വദേശി സംഗമം ഭാരവാഹികൾ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) 20-മത് വാർഷികാഘോഷം 'അനന്തോത്സവം 2025' എന്ന പേരിൽ വിപുലമായ കലാ, സാംസ്‌കാരിക പരിപാടികളോടെ 17ന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ആറിന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ സിനിമ പിന്നണി ഗായകരായ അഞ്ജു ജോസഫ്, അക്ബർ ഖാൻ എന്നിവർ നയിക്കുന്ന ഗാനസന്ധ്യയാണ് മുഖ്യപരിപാടി.
'ദി ഗ്രൂവ് ടൗൺ' ബാൻഡിന്റെ ലൈവ് പെർഫോമൻസും ഉണ്ടാവും. ടി.എസ്.എസ് അംഗങ്ങളും കുട്ടികളും ജിദ്ദയിലെ മറ്റ് കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ജിദ്ദയിൽ വിവിധ രംഗങ്ങളിൽ മികവ് പുലർത്തുന്നവർക്ക് ടി.എസ്.എസ് നൽകിവരുന്ന പ്രതിഭ പുരസ്‌കാരങ്ങൾ പരിപാടിയിൽ വിതരണം ചെയ്യും. ജീവകാരുണ്യ രംഗത്തെ സേവനത്തിനുള്ള നാസർ മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് മസൂദ് ബാലരാമപുരത്തിനും കലാ, സാഹിത്യ രംഗത്തെ മികവിനുള്ള മഹേഷ് വേലായുധൻ സ്മാരക പുരസ്ക്കാരം എഴുത്തുകാരി റജിയ വീരാനും ടി.എസ്.എസ് പ്രത്യേക അംഗീകാര അവാർഡ് സംഘടനയുടെ സ്ഥാപക അംഗവും മുൻ പ്രസിഡന്റുമായ ഷജീർ കണിയാപുരത്തിനും നൽകി ആദരിക്കും.
കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രിസ് അസോസിയേഷന്റെ ഈ വർഷത്തെ മികച്ച എഡ്യൂക്കേഷൻ കൺസൾട്ടൻസി അവാർഡിന് അർഹനായ ടി.എസ്.എസ് എക്സിക്യൂട്ടീവ് അംഗം റഹിം പള്ളിക്കലിന്റെ മകൻ നബീലിനെ (എൻ.ബി.എൽ ഇന്റർനാഷണൽ) ചടങ്ങിൽ ആദരിക്കും. കഴിഞ്ഞ വർഷം വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം കൈവരിച്ച ടി.എസ്.എസ് അംഗങ്ങളുടെ കുട്ടികൾക്കുള്ള പുരസ്‌കാരങ്ങളും പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് തരുൺ രത്‌നാകരൻ, ജനറൽ സെക്രട്ടറി ജാഫർ ഷരീഫ്, ട്രഷറർ ഷാഹിൻ ഷാജഹാൻ, പ്രോഗ്രാം കൺവീനർ ഹാഷിം കല്ലമ്പലം, എക്സിക്യൂട്ടീവ് അംഗം നാസർ കരമന എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

