അനന്തപുരിയുടെ നിറച്ചാർത്തണിയിച്ച് ‘അനന്തോത്സവം’ ജിദ്ദയിൽ അരങ്ങേറി
text_fields1. തിരുവനന്തപുരം സ്വദേശി സംഗമം ജിദ്ദ ഒരുക്കിയ 'അനന്തോത്സവം 2025' കോൺസൽ അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്യുന്നു 2. പരിപാടിയിൽ അവതരിപ്പിച്ച നൃത്തം
ജിദ്ദ: അനന്തപുരിയുടെ നിറച്ചാർത്തണിയിച്ച് തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ജിദ്ദയുടെ 20ാമത് വാർഷികാഘോഷം ‘അനന്തോത്സവം 2025’ വിവിധ കലാ, സാംസ്ക്കാരിക പരിപാടികളോടെ അരങ്ങേറി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന പരിപാടി സിനിമ പിന്നണി ഗായകരായ അക്ബർ ഖാനും അഞ്ജു ജോസഫും ആലാപന മാധുര്യം കൊണ്ട് ആസ്വാദ്യകരമാക്കി. സാംസ്ക്കാരിക സമ്മേളനം ഇന്ത്യൻ ഹജ്ജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ നിരവധി സാംസ്ക്കാരിക പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്ന മലയാളി സമൂഹത്തെ അദ്ദേഹം അനുമോദിച്ചു. ടി.എസ്.എസ് പ്രസിഡന്റ് തരുൺ രത്നാകരൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ മസൂദ് ബാലരാമപുരത്തിന് നാസർ മെമ്മോറിയൽ അവാർഡും എഴുത്തുകാരിയും സാംസ്ക്കാരിക പ്രവർത്തകയുമായ റജിയാ വീരാന് മഹേഷ് വേലായുധൻ സ്മാരക അവാർഡും സമ്മാനിച്ചു.
ടി.എസ്.എസ് സ്ഥാപക അംഗവും സാമൂഹിക പ്രവർത്തകനുമായ ഷജീർ കണിയാപുരത്തിനെയും ടി.എസ്.എസ് എക്സിക്യൂട്ടിവ് അംഗം റഹീം പള്ളിക്കലിന്റെ മകനും യു.കെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൻ.ബി.എൽ ഇന്റർനാഷനൽ സി.ഇ.ഒയും യുവ സംരംഭകനുമായ മുഹമ്മദ് നബീലിനെയും ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി ഷരീഫ് പള്ളിപ്പുറം സ്വാഗതവും ട്രഷറർ ഷാഹിൻ ഷാജഹാൻ നന്ദിയും പറഞ്ഞു.
പ്രോഗ്രാം കൺവീനർ ഹാഷിം കല്ലമ്പലം പരിപാടികൾക്ക് തുടക്കം കുറിച്ചു. നീതാ ജിനു ചിട്ടപ്പെടുത്തി ഫിനോം അക്കാദമി അവതരിപ്പിച്ച ‘കണ്ണകി’ എന്ന നൃത്തശിൽപ്പം അനന്തോത്സവത്തിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു.
പിന്നണി ഗായകരായ അക്ബർ ഖാനും അഞ്ജു ജോസഫും ഗാനമാലപിക്കുന്നു
പുഷ്പ്പ സുരേഷ് നൃത്ത സംവിധാനം നിർവഹിച്ച് ഗുഡ് ഹോപ്പ് അക്കാദമി അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസും ടി.എസ്.എസ് കലാകാരികളായ മൗഷ്മി ഷരീഫും ഐശ്വര്യ തരുണും ഫിനോം അക്കദമിക്ക് വേണ്ടി സുബിൻ മാഷും ഒരുക്കിയ നൃത്തങ്ങളും കാഴ്ചക്കാർക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ചു.
കലാകൈരളിയുടെ നിറച്ചാർത്തുകൾക്ക് കയ്യൊപ്പ് ചാർത്തിയ 'അനന്തോത്സവം 2025' നജീബ് വെഞ്ഞാറമൂട്, ആമിന മുഹമ്മദ്, ആയിഷ മറിയം, മിൻസ ഫാത്തിമ, അസ്ന മുഹമ്മദ് , യാസീൻ ഷരീഫ് എന്നിവർ ചേർന്നവതരിപ്പിച്ചു. ടി.എസ്.എസ് എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

