അമൃതവർഷം 2022:വാർഷികാഘോഷം ശ്രദ്ധേയമായി
text_fieldsപത്തനംതിട്ട ജില്ല സംഗമം സംഘടിപ്പിച്ച ‘അമൃത വർഷം 2022’ വാർഷികാഘോഷ പരിപാടിയിൽ യമുന വേണു, മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവർ ഡെപ്യൂട്ടി കോൺസുൽ ജനറൽ വൈ. സാബിറിൽ നിന്ന് അവാർഡുകൾ ഏറ്റുവാങ്ങുന്നു
ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം ജിദ്ദ കോൺസുലേറ്റ് അങ്കണത്തിൽ സംഘടിപ്പിച്ച 'അമൃത വർഷം 2022' വാർഷികാഘോഷ പരിപാടികൾ ശ്രദ്ധേയമായി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായായിരുന്നു പരിപാടികൾ. ഡെപ്യൂട്ടി കോൺസുൽ ജനറൽ വൈ. സാബിർ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ജയൻ നായർ പ്രക്കാനം അധ്യക്ഷത വഹിച്ചു. പാസ്പോർട്ട് വിഭാഗം വൈസ് കോൺസുൽ ഹരിദാസ് സംബന്ധിച്ചു.
വിഷൻ 2022, കലാവിഭാഗം, പൊതുകാര്യങ്ങൾ എന്നീ റിപ്പോർട്ടുകൾ യഥാക്രമം അലി തേക്കുതോട്, ജോസഫ് വർഗീസ് വടശ്ശേരിക്കര, ജോർജ് വർഗീസ് പന്തളം എന്നിവർ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ ഉപദേശക സമിതി കൺവീനർ എബി ചെറിയാൻ മാത്തൂർ പ്രഖ്യാപിച്ചു. പി.ജെ.എസ് നൽകുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ് യമുന വേണുവിനും ഷാജി ഗോവിന്ദൻ അനുസ്മരണ അവാർഡ് മുഹമ്മദ് കുട്ടി പാണ്ടിക്കാടിനും വിദ്യാഭ്യാസ അവാർഡ് അസർ മുഹമ്മദ് ഷിഹാബിനും വിതരണം ചെയ്തു. കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനം നിർവഹിച്ച ആരോഗ്യ പ്രവർത്തകർക്കുള്ള അവാർഡുകൾ മെഡിക്കൽ വിഭാഗം കൺവീനർ സജി ജോർജ് കുറുങ്ങാട്ട് ഏറ്റുവാങ്ങി. നജീബ് വെഞ്ഞാറമൂട്, അനിൽകുമാർ പത്തനംതിട്ട, ശേത്വ ഷിജു എന്നിവരും വിവിധ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
അനിത സതീഷ്, ആൻഡ്രിയ ലിസ ഷിബു, വിലാസ് അടൂർ, സിയാദ് അബ്ദുല്ല പടുതോട്, മനുപ്രസാദ് ആറന്മുള, നവാസ് ഖാൻ ചിറ്റാർ, സലീം മജീദ്, സാബുമോൻ പന്തളം, അനിയൻ ജോർജ് പന്തളം, അനിൽ അടൂർ, ലാൽകൃഷ്ണ, ഷറഫുദ്ദീൻ മൗലവി എന്നിവർ വിവിധ കലാപരിപാടികൾക്ക് നേതൃത്വം നൽകി. വറുഗീസ് ഡാനിയൽ പ്രോഗ്രാം ജനറൽ കൺവീനറും മനോജ് മാത്യു അടൂർ കോഓഡിനേറ്ററും ആയിരുന്നു. ജോസഫ് നെടിയവിള, മേരി ജോർജ് എന്നിവർ അവതാരകരായിരുന്നു. ജനറൽ സെക്രട്ടറി അയൂബ് ഖാൻ പന്തളം സ്വാഗതവും ട്രഷറർ സന്തോഷ് കെ. ജോൺ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കലാമാമാങ്കത്തിൽ ഗായകരായ മിർസ ഷെരിഫ്, ജമാൽ പാഷ, മുംതാസ് അബ്ദുൽറഹ്മാൻ, സോഫിയ സുനിൽ, ജോബി ടി. ബേബി, രഞ്ജിത് നായർ, ഷറഫ് പത്തനംതിട്ട എന്നിവരുടെ ഗാനസന്ധ്യ, കടമ്മനിട്ട പടയണി ഉൾപ്പെടുത്തി സുധാരാജു അണിയിച്ചൊരുക്കി അവതരിപ്പിച്ച കേരളീയ നൃത്തനൃത്യങ്ങൾ, പുഷ്പ സുരേഷ് ചിട്ടപ്പെടുത്തിയ വിവിധ സംസ്ഥാനങ്ങളുടെയും കോളിവുഡ്, ബോളിവുഡ് നൃത്തങ്ങൾ കോർത്തിണക്കിയ നൃത്തശില്പം എന്നിവ പ്രേക്ഷകർക്ക് ആസ്വാദ്യമേകി. സോഫിയ സുനിൽ നേതൃത്വം നൽകിയ ഒപ്പന, അഷിദ മേരി ഷിബു നേതൃത്വം ഒരുക്കിയ പി.ജെ.എസ് ബോയ്സ് ഡാൻസ് എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. മാത്യു തോമസ് ടീം അവതരിപ്പിച്ച വില്ലടിച്ചാംപാട്ട് സദസ്സ് ഏറെ ആസ്വദിച്ചു. ജിദ്ദയിലെ അറിയപ്പെടുന്ന കലാകാരനും നാടക നടനുമായ സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത ചരിത്ര നൃത്തസംഗീത ശില്പനാടകം 'ഒരു ഭ്രാന്തന്റെ സ്വപ്നം' മലയാളികളുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

