അമീർകപ്പ് ഫൈനൽ: ചൂടപ്പംപോലെ ടിക്കറ്റ്
text_fieldsഅമീർ കപ്പ് ഫൈനൽ വേദിയായ അൽ തുമാമ സ്റ്റേഡിയം മത്സര സജ്ജമായപ്പോൾ
ദോഹ: േലാകകപ്പ് വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തിന് ടിക്കറ്റുകൾ ഉടൻ ഉറപ്പിക്കാം. ഒക്ടോബർ 22ന് തുമാമ വേദിയാവുന്ന അമീർ കപ്പ് ഫൈനൽ മത്സരത്തിെൻറ ടിക്കറ്റ് വിൽപന ആരംഭിച്ചതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.
അൽസദ്ദ് എഫ്.സിയും അൽ റയ്യാൻ എഫ്.സിയും തമ്മിലെ കലാശപ്പോരോടെയാണ് തുമാമ സ്റ്റേഡിയം വിശ്വപോരാട്ടത്തിന് ഒരുങ്ങിയതായി വിളംബരം ചെയ്യുന്നത്. 20, 50, 100 റിയാൽ വിലയിൽ ടിക്കറ്റുകൾ ലഭ്യമാണ്. https://tickets.qfa.qa എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് വിൽപന ആരംഭിച്ചു. ടിക്കറ്റ് സ്വന്തമാക്കിയ ശേഷം, ഓൺലൈൻ വഴി പാസ്പോർട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്ത് 'അമീർ കപ്പ് ഫാൻ ഐ.ഡി'ക്ക് അപേക്ഷിക്കണം.
ഒക്ടോബർ 12 മുതൽ ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ നിന്നും ഐ.ഡി കൈപ്പറ്റാം. ഖത്തർ ഐ.ഡി അല്ലെങ്കിൽ പാസ്പോർട്ട്, ഫാൻ ഐ.ഡി സംബന്ധിച്ച ഇ-മെയിൽ, അല്ലെങ്കിൽ എസ്.എം.എസ് സന്ദേശം എന്നിവ കാണിച്ചുവേണം ഐ.ഡി കൈപ്പറ്റാൻ. മത്സരദിവസം ഫാൻ ഐ.ഡി കൈയിൽ ഉള്ളവർക്ക്മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം. കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം. രണ്ടാം ഡോസ് ഒക്ടോബർ ഏഴിന് മുമ്പ് സ്വീകരിച്ചിരിക്കണം.
അതേസമയം, ടിക്കറ്റ് വിൽപന ആരംഭിച്ച് മണിക്കൂറുകൾക്കകം ബുക്കിങ് സജീവമായി. ചൊവ്വാഴ്ച തന്നെ നിരവധി പേരാണ് ഓൺലൈൻ വഴി ടിക്കറ്റ് ബുക്കിങ് നടത്തുന്നത്. ലോകകപ്പിനായി നിർമാണം പൂർത്തിയായി മത്സര സജ്ജമാവുന്ന ആറാമത്തെ സ്റ്റേഡിയമാണ് തുമാമ. 40,000 പേർക്ക് ഇരിപ്പിട സൗകര്യത്തോടെയാണ് ലോകകപ്പ് വേദികളിൽ ഏറെ ആകർഷകമായ ഈ കളിമുറ്റം താരങ്ങളെ കാത്തിരിക്കുന്നത്.