അമേരിക്കൻ സംരംഭകനും റെഡ് സി ഇന്റർനാഷനൽ ഗ്രൂപ്പ് സി.ഇ.ഒക്കും സൗദി പൗരത്വം
text_fieldsട്രാവിസ് കലാനിക്കും ജോൺ പഗാനോയും
റിയാദ്: അമേരിക്കൻ സംരംഭകനായ ട്രാവിസ് കലാനിക്കിനും റെഡ് സി ഇന്റർനാഷനൽ ഗ്രൂപ്പ് സി.ഇ.ഒ ജോൺ പഗാനോയ്ക്കും സൗദി പൗരത്വം നൽകുന്നതിന് രാജകീയ അംഗീകാരം ലഭിച്ചു.
സൗദി പൗരത്വം ലഭിക്കുന്നതിനാവശ്യമായ നിബന്ധനകൾ പൂർത്തിയാക്കിയ ശേഷമാണിത്. സൗദിയുടെ വലിയ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനും വികസനത്തിന് ഗണ്യമായ സംഭാവന നൽകുന്ന വൈദഗ്ധ്യവും സ്പെഷ്യലൈസേഷനും ഉപയോഗിച്ച് വികസന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടാണിത്. ഉയർന്ന യോഗ്യതയുള്ള വ്യക്തികൾക്കും അപൂർവ സ്പെഷ്യാലിറ്റികളുള്ളവർക്കും പൊതുതാൽപ്പര്യം സംരക്ഷിക്കുകയും സാമ്പത്തിക, ശാസ്ത്ര, മെഡിക്കൽ, സാങ്കേതിക, സാംസ്കാരിക മേഖലകളിലെ വികസന ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നതാണ് സൗദി പൗരത്വം നൽകുന്നതിനുള്ള ഈ തീരുമാനം.
സ്റ്റാർട്ടപ്പുകളിലേക്ക് ചുവടുവെച്ച പ്രമുഖ സംരംഭകനാണ് ട്രാവിസ് കലാനിക്. ഈ മേഖലയിൽ 26 വർഷത്തിലേറെ സവിശേഷമായ പ്രായോഗിക പരിചയമുണ്ട്. ഊബറിന്റെ സഹസ്ഥാപകനും മുൻ സി.ഇ.ഒയുമാണ് അദ്ദേഹം. നിലവിൽ ക്ലൗഡ് കിച്ചൺസിന്റെ സി.ഇ.ഒ ആയി സേവനമനുഷ്ഠിക്കുന്ന അദ്ദേഹത്തിന് കമ്പനിയിൽ ഏകദേശം 1.25 ബില്യൺ ഡോളർ വരെ നിക്ഷേപകരെ വിജയകരമായി ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.
റിയൽ എസ്റ്റേറ്റ് മൂല്യ ശൃംഖലയുടെ എല്ലാ മേഖലകളിലും ജോൺ പഗാനോയുടെ പരിചയം ഏകദേശം 40 വർഷമാണ്. നിലവിൽ റെഡ് സി ഇന്റർനാഷനൽ ഗ്രൂപ്പിനെ നയിക്കുന്നു. സൗദിയുടെ വളർന്നുവരുന്ന അന്താരാഷ്ട്ര ടൂറിസം മേഖലയിൽ അദ്ദേഹത്തിന്റെ നിർണായക പങ്ക് അംഗീകരിച്ചുകൊണ്ട് ഫോർബ്‌സ് മിഡിൽ ഈസ്റ്റിന്റെ 2024 ലെ ട്രാവൽ ആൻഡ് ടൂറിസം ലീഡേഴ്‌സ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
അടുത്തിടെ പ്രമുഖരായ പലർക്കും സൗദി ഭരണകൂടം പൗരത്വം നൽകിട്ടുണ്ട്. ശാസ്ത്രജ്ഞർ, ഡോക്ടർമാർ, സാങ്കേതിക വിദഗ്ധർ, സംരംഭകർ തുടങ്ങിയവർ ഇതിലുൾപ്പെടുന്നു. സൗദിയുടെ വികസന ശ്രമങ്ങൾക്ക് ഗുണപരമായ ഒരു കൂട്ടിച്ചേർക്കലായി വർത്തിക്കുന്ന അപൂർവ കഴിവുകളും സ്പെഷ്യലൈസേഷനുകളുമുള്ള വ്യക്തികൾക്ക് പൗരത്വം നൽകുന്നതിനുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

