അത്ഭുതം, നിഗൂഢതകളൊളിപ്പിച്ച ചെങ്കടലിലെ നീലക്കുഴികൾ
text_fields
യാംബു: ചെങ്കടലിെൻറ സൗദി തീരത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ കണ്ടെത്തിയ നിഗൂഢതകളൊളിപ്പിച്ച നീലക്കുഴികൾ ലോകത്തിലെ ഏറ്റവും അപൂർവമായ സമുദ്ര പ്രതിഭാസങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. മക്ക മുതൽ ജീസാൻ വരെയുള്ള ചെങ്കടൽ ഭാഗങ്ങളിലാണ് ഈ അത്ഭുത കുഴികൾ കണ്ടെത്തിയത്. ഇത്തരത്തിൽ 20ൽപരം നീലക്കുഴികളാണുള്ളത്. ഇത് ചെങ്കടലിന് അതിശയകരമായ ദൃശ്യഭംഗിയും അതുല്യമായ ശാസ്ത്രീയതയും വിനോദസഞ്ചാരപരവുമായ ആകർഷണവും നൽകുന്നു.
ആഴക്കടൽ പവിഴപ്പുറ്റുകൾ ഉൾപ്പെടെയുള്ള സമ്പന്നമായ ജൈവ വൈവിധ്യത്തിെൻറ ആവാസ കേന്ദ്രമാണിവകൾ. നിഗൂഢത കാത്തുസൂക്ഷിക്കുകയും രഹസ്യങ്ങൾ മറയ്ക്കുകയും ചെയ്ത കടലിെൻറ അത്ഭുതങ്ങളിൽ ഒന്നാണ് നീലക്കുഴികളെന്ന് സൗദി വന്യജീവി വികസന കേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് ഖുർബാൻ അഭിപ്രായപ്പെട്ടു. സൗദിയുടെ തെക്കൻ തീരപ്രദേശത്തെ ചെങ്കടൽ ഭാഗത്താണ് 2022ൽ നീലക്കുഴികൾ ആദ്യമായി കണ്ടെത്തിയത്. ഇത് പാരിസ്ഥിതിക നേട്ടത്തിനപ്പുറം വിനോദസഞ്ചാര മേഖലക്കും വലിയ നേട്ടമായി മാറി. സാമ്പത്തിക നേട്ടത്തിന് വഴിവെക്കുന്നതോടൊപ്പം ഗവേഷകർക്കും ഇത് ഏറെ ഗുണം ചെയ്യുന്നുണ്ട്.
സൗദി വന്യജീവി വികസനകേന്ദ്രം ചെങ്കടലിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ സമഗ്ര സർവേ വഴിയാണ് നീലക്കുഴികളുടെ അത്ഭുത പരിസ്ഥിതി പ്രതിഭാസം കണ്ടെത്തിയത്. അടിഭാഗം മണലും ചളിയും നിറഞ്ഞ അർധവൃത്താകൃതിയിലുള്ളതാണ് കാഴ്ചയിൽ നീലക്കുഴികൾ. ‘ബ്ലൂ ഹോൾ’ എന്ന പേരിലാണ് ആഗോള തലത്തിൽ ഇത് അറിയപ്പെടുന്നത്. ദശലക്ഷക്കണക്കിന് വർഷങ്ങളായി പാറ വിള്ളലുകൾ, ചുണ്ണാമ്പുകല്ല് തകർച്ചകൾ, ടെക്റ്റോണിക് ഷിഫ്റ്റുകൾ എന്നിവയാൽ രൂപപ്പെട്ട ദ്വാരങ്ങൾ വഴിയാണ് ഇവ രൂപാന്തരം പ്രാപിച്ചതെന്ന് ഗവേഷകർ പറയുന്നു. ഓക്സിജൻ, ധാതുക്കൾ, താപനില എന്നിവയുടെ പ്രത്യേക സ്വഭാവസവിശേഷതകളുള്ള അപൂർവ സമുദ്ര പരിസ്ഥിതികൾ ആണ് ചെങ്കടലിലെ ഈ ഭാഗങ്ങൾക്കുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.
16,500 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള 20ലധികം സമുദ്ര ദ്വീപുകൾ ബ്ലൂ ഹോൾസ് റിസർവിൽ ഉൾപ്പെടുന്നു. ഇത് രാജ്യത്തെ ഏറ്റവും പ്രധാന പരിസ്ഥിതി സംരക്ഷണ പദ്ധതികളിൽ ഒന്നാക്കി മാറ്റുകയാണ് അധികൃതർ. സൗദി ഗ്രീൻ ഇനീഷ്യേറ്റിവ്, സൗദി വിഷൻ 2030 എന്നിവയുടെ ലക്ഷ്യങ്ങളിൽ സമുദ്രപ്രദേശത്തിെൻറ 30 ശതമാനം സംരക്ഷിക്കുക എന്നത് പ്രഖ്യാപിത തീരുമാനമാണ്. ഇതിെൻറ ഭാഗമായി ദേശീയ റിസർവുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി നീലക്കുഴികളുടെ സംരക്ഷണ പദ്ധതിയും ഇതിനകം നടപ്പാക്കിക്കഴിഞ്ഞു.
ഡോൾഫിൻ, ഷേരി, ഹാമൂർ, ജാക് ഫിഷ്, അപൂർവമായ കടലാമകൾ, വിവിധ സമുദ്ര സസ്തനികൾ എന്നിവയുടെ ആവാസ കേന്ദ്രം കൂടിയാണ് നീലക്കുഴികൾ. വർണാഭമായ പവിഴപ്പുറ്റുകളും അപൂർവ സൂക്ഷ്മജീവികളും കടൽസസ്യങ്ങളും ധാരാളം ഉള്ളതിനാൽ ഈ പ്രദേശത്തേക്ക് സമുദ്ര ഗവേഷകരും കൂടുതലായി എത്താറുണ്ട്. സമ്പന്നമായ ജൈവ വൈവിധ്യങ്ങളുടെ അപൂർവ പ്രകൃതിദത്ത കേന്ദ്രമായ ഈ പ്രദേശം മുങ്ങൽ വിദഗ്ധരും മുഖ്യ ലക്ഷ്യസ്ഥാനമായി കാണുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

