ചെങ്കടലിൽ നിർമിക്കുന്ന അമാല റിസോർട്ട് ഈ വർഷം തുറക്കും
text_fieldsചെങ്കടലിൽ നിർമിക്കുന്ന അമാല റിസോർട്ട്
റിയാദ്: അന്താരാഷ്ട്ര ഹോസ്പിറ്റാലിറ്റി കമ്പനിയായ ‘നമ്മോസ്’ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് ഗ്രൂപ്പുമായി സഹകരിച്ച് ഈ വർഷം നമ്മോസ് അമാല റിസോർട്ട് തുറക്കുമെന്ന് റെഡ് സീ ഡവലപ്മെന്റ് കമ്പനി വ്യക്തമാക്കി. മേഖലയിൽ സവിശേഷമായ അനുഭവം നൽകുന്നതിനാണ് ഗ്രീസിന് പുറത്ത് ഗ്രൂപ്പിന്റെ ആദ്യ റിസോർട്ട് സ്ഥാപിക്കാൻ ചെങ്കടൽ ലക്ഷ്യസ്ഥാനം തെരഞ്ഞെടുത്തിരിക്കുന്നത്.
അമാല ഡെസ്റ്റിനേഷനിലെ ട്രിപ്പിൾ ബേ ഏരിയയിൽ സ്ഥിതി ചെയ്യുന്ന റിസോർട്ടിൽ 110 റൂമുകളും 20 റെസിഡൻഷ്യൽ യൂനിറ്റുകളും നിരവധി വ്യത്യസ്ത സൗകര്യങ്ങളും ഉൾപ്പെടുന്നു.
ഗ്രീക്ക്, സൗദി സൗന്ദര്യശാസ്ത്രം സംയോജിപ്പിച്ചാണ് റിസോർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത ഹിജാസി വാസ്തുവിദ്യയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് പുറം രൂപകൽപ്പന. ഇന്റീരിയർ ഡിസൈനുകൾ മൈക്കോനോസിലെ സൈക്ലാഡിക് ശൈലിയെ പ്രതിഫലിപ്പിക്കുന്നു. എട്ട് റിസോർട്ടുകളിലായി 1400 മുറികളുള്ള റിസോർട്ട് 2025-ൽ അതിന്റെ ആദ്യ അതിഥികളെ സ്വാഗതം ചെയ്യും.
ഭാവിയിൽ ട്രിപ്പിൾ ബേയിൽ 12 റിസോർട്ടുകളും മൂന്ന് പാർപ്പിട സമുച്ചയങ്ങളും ഉൾപ്പെടും. പൂർത്തിയാകുമ്പോൾ 30 ഹോട്ടലുകളിലായി ഏകദേശം 4000 ഹോട്ടൽ മുറികളും ഏകദേശം 1200 റെസിഡൻഷ്യൽ വില്ലകളും അപ്പാർട്ടുമെന്റുകളും ലക്ഷ്വറി റിയൽ എസ്റ്റേറ്റ് യൂനിറ്റുകളും അമാല ലക്ഷ്യസ്ഥാനത്തുണ്ടാകും.
ആഗോള യാച്ചിങ് കമ്യൂണിറ്റിക്ക് സേവനം നൽകുന്ന ഒരു ഊർജസ്വലമായ മറീനയുമുണ്ട്. ഉയർന്ന നിലവാരത്തിലുള്ള റീട്ടെയിൽ സ്റ്റോറുകൾ, ഫൈൻ ഡൈനിങ് റെസ്റ്റോറന്റുകൾ, സ്പാകൾ, വിനോദ സൗകര്യങ്ങൾ എന്നിവക്ക് പുറമേയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

