അൽഉലാ വാഹനാപകടം: പരിക്കേറ്റ വിനോദസഞ്ചാരികൾക്ക് സാന്ത്വനവുമായി ടൂറിസം മന്ത്രി
text_fieldsഅൽഉലാ-മദീന റോഡിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനോദസഞ്ചാരികളെ ടൂറിസം മന്ത്രി അഹ്മദ് അൽഖത്വീഫ് സന്ദർശിക്കുന്നു
ജിദ്ദ: അൽഉലാ-മദീന റോഡിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനോദസഞ്ചാരികളെ ആശ്വസിപ്പിക്കാൻ ടൂറിസം മന്ത്രി അഹ്മദ് അൽഖത്വീഫ് ആശുപത്രിയിലെത്തി.കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ നിർദേശാനുസരണമാണ് മന്ത്രി ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചത്. ആശ്വസിപ്പിക്കുകയും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. രാജ്യത്തെത്തുന്ന മുഴുവൻ വിനോദസഞ്ചാരികളുടെയും സുരക്ഷ സംബന്ധിച്ച് ഭരണകൂടം അതീവ താൽപര്യമാണ് കാണിക്കുന്നതെന്നും സുരക്ഷ ഉറപ്പുവരുത്താൻ എല്ലാ ശേഷിയും ഉപയോഗപ്പെടുത്തുന്നുവെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അൽഉലായിലേക്കുള്ള യാത്രക്കിടയിൽ ബ്രിട്ടനിൽനിന്നുള്ള 32 വിനോദസഞ്ചാരികൾ വാഹനാപകടത്തിൽപ്പെട്ടത്. ഉംറയും മദീന സന്ദർശനവും കഴിഞ്ഞ ശേഷമാണ് അവർ അൽഉലായിലേക്ക് തിരിച്ചത്.പരിക്കേറ്റവരെ അൽഉലായിലെ അമീർ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽഅസീസ് ആശുപത്രി, ഖൈബർ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
അധികപേരുടെയും പരിക്ക് ഗുരുതരമായിരുന്നില്ല. സാരമായി പരിക്കേറ്റവരെ പിന്നീട് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് റിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി.ഭൂരിഭാഗം പേരും സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായും പരിക്കേറ്റവരിൽ ബാക്കിയുള്ളവർ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിസ്ചാർജ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ടൂറിസം മന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

