Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികളുടെ സ്ക്രീൻ ടൈം നിയന്ത്രിക്കാൻ ബദൽ സംവിധാനങ്ങൾ വേണം -ഡോ. അനിൽ മുഹമ്മദ്

text_fields
bookmark_border
കേരളത്തി​ന്റെ സാമൂഹിക ഘടനയിലെ മാറ്റങ്ങൾ പോസിറ്റീവ്​
കുട്ടികളുടെ സ്ക്രീൻ ടൈം നിയന്ത്രിക്കാൻ ബദൽ സംവിധാനങ്ങൾ വേണം -ഡോ. അനിൽ മുഹമ്മദ്
cancel
camera_alt

റിയാദിൽ വാർത്താസമ്മേളനത്തിൽ ഡോ. അനിൽ മുഹമ്മദ്​ സംസാരിക്കുന്നു

റിയാദ്: കുട്ടികളിലെ സ്ക്രീൻ ടൈം വർധനവ് ഗൗരവകരമായ വിഷയമാണെന്നും എന്നാൽ മൊബൈൽ ഫോൺ എന്ന യാഥാർഥ്യത്തെ തള്ളിക്കളയാനാവില്ലെന്നും സോഷ്യൽ മീഡിയ അനലിസ്​റ്റും പ്രഭാഷകനുമായ ഡോ. അനിൽ മുഹമ്മദ്. റിയാദിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന സാമൂഹിക ഘടനയെയും മത-സമുദായ സൗഹാർദ്ദത്തെയും കുറിച്ച് അദ്ദേഹം ത​ന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചു.

മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം കേവലം യൂട്യൂബിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് അനിൽ മുഹമ്മദ് ചൂണ്ടിക്കാട്ടി. കുടുംബ സാഹചര്യങ്ങളിലെ മാറ്റം, മാതാപിതാക്കളുടെ ജോലിത്തിരക്ക്, കുട്ടികളിലെ ഹൈപ്പർ ആക്ടിവിസം തുടങ്ങി നിരവധി കാരണങ്ങൾ സ്ക്രീൻ ടൈം വർധനവിന് പിന്നിലുണ്ട്. ക്രൂരത പ്രോത്സാഹിപ്പിക്കുന്ന ഷോകൾ, ഹാർഡ് ഹിറ്റിങ്​ ഗെയിമുകൾ, സാമ്പത്തിക നഷ്​ടമുണ്ടാക്കുന്ന ആപ്പുകൾ എന്നിവ കുട്ടികളെ സ്വാധീനിക്കുന്നുണ്ട്.

മൊബൈൽ എന്നത് കാമറയും റേഡിയോയും വിഡിയോയും ഉൾപ്പെട്ട ഒട്ടനവധി ഉപകരണങ്ങളുടെ സംയോജിത രൂപമാണ്. അതിനെ പൂർണമായി ഒഴിവാക്കുക സാധ്യമല്ല. മറിച്ച്, കുട്ടികളുടെ ശ്രദ്ധ മറ്റ് കാര്യങ്ങളിലേക്ക് തിരിച്ചുവിടാനും സ്ക്രീൻ ടൈം കുറയ്ക്കാനുമുള്ള ക്രിയാത്മകമായ നടപടികളാണ് ഉണ്ടാവേണ്ടത് -അദ്ദേഹം പറഞ്ഞു.

കേരളത്തി​ന്റെ സാമൂഹിക ഘടനയിൽ വസ്ത്രധാരണം, ആഘോഷങ്ങൾ, പാരൻറിങ്​ എന്നിവയിലൊക്കെ പുതിയ മാറ്റങ്ങൾ (ന്യൂ നോർമൽ) വന്നുകൊണ്ടിരിക്കുകയാണ്. പഴയ തലമുറയിലെ അച്ഛനമ്മമാരിൽ നിന്നും ഇന്നത്തെ രക്ഷാകർത്താക്കളിലേക്കുള്ള മാറ്റം പ്രകടമാണ്. മുമ്പ് സാധാരണമായി കണ്ടിരുന്ന വ്യക്തിപരമായ പരിഹാസങ്ങൾ ഇന്ന് ബോഡി ഷെയ്മിങ്​ ആയി തിരിച്ചറിയപ്പെടുന്നു എന്നത് സമൂഹത്തി​ന്റെ പോസിറ്റീവായ വളർച്ചയാണ് കാണിക്കുന്നത്. വ്യക്തിമൂല്യങ്ങൾക്കും വ്യക്തിസ്വാതന്ത്ര്യത്തിനും സമൂഹം ഇന്ന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

മതങ്ങൾക്കിടയിൽ അനാവശ്യ വിവാദങ്ങളും അതിവൈകാരികതയും സൃഷ്​ടിക്കുന്നത് സമൂഹത്തിന് ഗുണകരമല്ലെന്ന് അനിൽ മുഹമ്മദ് അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗങ്ങളിലും ഇത്തരം ഏറ്റുമുട്ടലുകൾ ആഗ്രഹിക്കുന്നവരുണ്ട്. സ്വന്തം മതത്തിനകത്തെ തെറ്റായ പ്രവണതകളെ തിരുത്താനാണ് ഞാൻ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഒരു കാര്യം പോസ്​റ്റ്​ ചെയ്യുമ്പോൾ അത് പലപ്പോഴും വൈകാരികമായ രീതിയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളെ പൊതുവത്കരിക്കുന്നത് ഖേദകരമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.

നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ആറാം വാർഷികാഘോഷം ‘നന്മോത്സവം 2026’ൽ മുഖ്യാതിഥിയായി പ​ങ്കെടുക്കാൻ റിയാദിലെത്തിയതാണ്​ അദ്ദേഹം. വാർത്തസമ്മേളനത്തിൽ ഗായികമാരായ അഷ്ഫിയ അൻവർ, അസ്നാ നിസാം, സംഘാടകരായ ബഷീർ ഫത്തഹുദ്ദീൻ, അഖിനാസ് എം. കരുനാഗപ്പള്ളി, മുനീർ കണ്ണങ്കര എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alternative systems are needed to control children's screen time - Dr. Anil Muhammad
Next Story