അൽഷംറാനി കപ്പ്: അൽദ്രീസ് ക്ലബിന് കിരീടം
text_fieldsഅൽഷംറാനി കപ്പുമായി അൽദ്രീസ് ക്ലബ്
റിയാദ്: അൽഷംറാനി ട്രോഫിക്കുവേണ്ടിയുള്ള ഏകദിന ലീഗ് വോളിബാൾ ടൂർണമെൻറിൽ അൽദ്രീസ് വോളി ടീം ജേതാക്കളായി. അൽഅർക്കാൻ സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഫൈനലിൽ കരുത്തരായ സ്റ്റാർ റിയാദിനെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അൽദ്രീസ് വിജയിച്ചത്. അഞ്ച് ഫിലിപ്പീൻസ് ടീമുകളും ഒരു സൗദി ടീമും ഇന്ത്യൻ സൗദി കളിക്കാരടങ്ങിയ സ്റ്റാർ റിയാദുമടക്കം ഏഴു വനിതാ ടീമുകളാണ് ടൂർണമെൻറിൽ അണിനിരന്നത്.
റണ്ണേഴ്സ് ട്രോഫി നേടിയ സ്റ്റാർ റിയാദ്
മുഴുവൻ ടീമുകളും പരസ്പരം ഏറ്റുമുട്ടിയ ആദ്യ റൗണ്ടിനുശേഷം അൽദ്രീസ് ടീം സ്ട്രൈക്കേഴ്സിനെയും സ്റ്റാർ റിയാദ് ടീം ക്വീൻ ഡ്രാഗനെയും സെമി ഫൈനലിൽ തോൽപിച്ചാണ് ഫൈനലിന് അർഹത നേടിയത്. ഇഞ്ചോടിഞ്ച് പൊരുതിയ ഫൈനലിസ്റ്റുകൾ ആവേശകരമായ മത്സരമാണ് കലാശക്കളിയിൽ കാഴ്ചവെച്ചത്.
ബെസ്റ്റ് അറ്റാക്കറായ സാറ (സ്റ്റാർ റിയാദ്)
അൽദ്രീസ് ടീമിലെ റോക്സി മികച്ച കളിക്കാരിയായും ബെസ്റ്റ് സെറ്ററായി റൂബിയും (അൽദ്രീസ്) ബെസ്റ്റ് ലിബറോയായി അതേ ടീമിലെ സൂസനും തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് അറ്റാക്കറായി സാറ (സ്റ്റാർ റിയാദ്), ബ്ലോക്കറായി ആലിയ (സ്റ്റാർ റിയാദ്), മധ്യനിര അറ്റാക്കറായി സ്റ്റാർ റിയാദിലെ ഫ്രാൻസിലെയും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ഫൈനൽ മത്സരമടക്കം ഒമ്പത് കളികളാണ് നടന്നത്. ട്രോഫിയും കാഷ് പ്രൈസുമാണ് വിജയികൾക്ക് സമ്മാനിച്ചത്.

