അസീറിലെ മലനിരകളിൽ വസന്തമൊരുക്കി ബദാം പൂക്കൾ
text_fieldsഅബഹ: സൗദി അറേബ്യയിലെ അസീർ മേഖലയിലെ മലനിരകളിൽ ശീതകാലത്തിന്റെ വരവറിയിച്ച് ബദാം മരങ്ങൾ പൂത്തുലഞ്ഞുനിൽക്കുന്നത് നയനമനോഹരമായ കാഴ്ചയാകുന്നു. പർവത ചരിവുകളിലും കാർഷിക തട്ടുകളിലുമായി പടർന്നുകിടക്കുന്ന വെളുപ്പും പിങ്കും കലർന്ന ബദാം പൂക്കൾ അസീറിന്റെ പ്രകൃതിഭംഗിക്ക് മാറ്റ് കൂട്ടുന്നു. അൽസൗദ, ബൽസമർ, തനോമ, അൽനാമസ് തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലെ പ്രത്യേക ഭൂപ്രകൃതിയും അനുകൂലമായ കാലാവസ്ഥയുമാണ് ഈ മരങ്ങളുടെ വളർച്ചക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നത്.
തലമുറകളായി കൈമാറിവരുന്ന അസീറിന്റെ കാർഷിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ് ഈ ബദാം കൃഷി. ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാൽ മികച്ച രീതിയിലുള്ള പൂക്കാലമാണ് അനുഭവപ്പെടുന്നത്. ഇത് വലിയൊരു വിളവെടുപ്പിനുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നു. ഒരു മരത്തിൽനിന്ന് ശരാശരി അഞ്ച് മുതൽ ആറ് കിലോ വരെ ബദാം ലഭിക്കുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.
പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം, സന്ദർശകരെ ആകർഷിക്കുന്നതിലൂടെ ഇക്കോ ടൂറിസം മേഖലക്കും ഈ പൂക്കാലം വലിയ കരുത്ത് നൽകുന്നുണ്ട്. സൗദി വിഷൻ 2030-ന്റെ ഭാഗമായി ഗ്രാമീണ മേഖലകളുടെ വികസനവും പ്രകൃതി സംരക്ഷണവും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് കീഴിൽ ബദാം കൃഷിക്ക് വലിയ പ്രാധാന്യമാണ് ഇപ്പോൾ ലഭിച്ചുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

