അല്‍മനാര്‍ മദ്റസ പ്രവേശനോത്സവം
text_fieldsജുബൈൽ അൽ മനാര്‍ മദ്റസയിലെ പ്രവേശനോത്സവം
മുഹമ്മദ് കബീര്‍ സലഫി ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: ഇന്ത്യന്‍ ഇസ്ലാഹി സെൻറർ അല്‍മനാര്‍ മദ്റസയിലെ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം ജുബൈലിൽ നടന്നു. സെൻറര്‍ നാഷനല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് കബീര്‍ സലഫി ഉദ്ഘാടനം ചെയ്തു.
രണ്ട് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന അൽ മനാര്‍ മദ്റസയിൽ കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് സിലബസിലാണ് അധ്യയനം. കെ.ജി മുതല്‍ ഏഴാം തരം വരെ ക്ലാസുകള്‍ നടക്കുന്നുണ്ട്. മലയാള ഭാഷയില്‍ പ്രത്യേകമായ പരിശീലനവും പാഠ്യപദ്ധതിയിലുണ്ട്. ജുബൈല്‍ ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ അധ്യാപകന് അയ്യൂബ് സുല്ലമി ‘മതബോധനത്തിെൻറ താത്പര്യം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഭാവി വാഗ്ദാനങ്ങളും പ്രതീക്ഷകളുമായ മക്കളെ ലഹരി റാക്കറ്റുകള്‍ വ്യാപകമായി വലവീശിപ്പിടിക്കുന്ന നിലവിലെ സാഹചര്യത്തില്‍, രക്ഷിതാക്കള്‍ കണ്ണും കാതും തുറന്നിരിക്കണമെന്നും വിദ്യാർഥികള്‍ ചുറ്റുഭാഗത്തുമുള്ള ചതിക്കുഴികൾ ജാഗ്രതയോടെ കരുതിയിരിക്കണമെന്നും ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ കോളജ് അധ്യാപകന് അമീര്‍ അസ്ഹര്‍ അരീക്കോട് സദസിനെ ഉദ്ബോധിപ്പിച്ചു.
2024-25 അധ്യയനവര്‍ഷത്തിലെ വാര്‍ഷികപ്പരീക്ഷയില്‍ വിജയിച്ച മദ്റസ വിദ്യാർഥികള്‍ക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു. ജുബൈല്‍ ഇന്ത്യന്‍ സ്കൂളില്‍നിന്ന് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ അൽ മനാര്‍ മദ്റസയുടെ പൂർവ വിദ്യാർഥികളായ ഷെസ ഫാത്വിമ, ഹയ ഹനാന്, ബിലാല്‍ നിസാര്‍, റാസിന് റഹ്മാന്, ഹംന റാഫി, സുഹാന് ഷാഹിര്‍, ഇഷാ നൗഷാദ്, ഹന സൈനബ്, ആലിയ ആഷിഫ്, മുഹമ്മദ് ഷാലിന്‍ എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു. വിദ്യാർഥി വിദ്യാർഥിനികളുടെ വൈജ്ഞാനിക പ്രകടനങ്ങളും അരങ്ങേറി. പുതിയ അധ്യായന ജീവിതത്തിലേക്ക് പ്രവേശിച്ച വിദ്യാർഥികളെ മദ്റസ മാനേജ്മെൻറും അധ്യാപികമാരും ചേര്‍ന്ന് ഷാളുകളണിയിച്ചും മധുരം നല്‍കിയും സ്വീകരിച്ചു. ഗസാലി ബറാമി, നിസാറുദ്ദീന്‍ ഉമര്‍, അംജദ് അഷ്റഫ്, നിയാസ് അബൂബക്കര്‍, അന്‍സഹ് അലവി, മുസ്തഫ കോഴിക്കോട് തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.
മദ്റസ കോഓഡിനേറ്റര്‍ ആഷിഖ് മാത്തോട്ടം സ്വാഗതവും അബ്ദുല്ലത്തീഫ് മദനി നന്ദിയും പറഞ്ഞു. പുതിയ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് 0556504192, 0553258175 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

